Sorry, you need to enable JavaScript to visit this website.

ഇന്ത്യ-യു.എ.ഇ വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

അബുദാബി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. വാണിജ്യ വ്യവസായ സാങ്കേതിക സഹകരണരംഗത്തെ ഇന്ത്യ യു.എ.ഇ. സംയുക്ത സമിതിയുടെ 13ാ മത് യോഗമാണ് നടന്നത്. വാണിജ്യ വ്യവസായ രംഗങ്ങളിലും സാങ്കേതിക കൈമാറ്റത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ ഇരു രാജ്യങ്ങളുടെയും അഞ്ച് ഉപ കമ്മിറ്റികള്‍ വിശകലനം ചെയ്തു.

കോണ്‍സല്‍ സേവനങ്ങളിലും പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, സാംസ്‌കാരികം, യുവജന സഹകരണം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമായി. ഇരു രാജ്യങ്ങളും നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. സാമൂഹിക സാമ്പത്തിക രംഗങ്ങളിലെ വെല്ലുവിളികള്‍ നേരിടുന്നതിന് കൂട്ടായശ്രമം ആവശ്യമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന ശ്രമങ്ങള്‍ മഹത്തരമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ, യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വാണിജ്യ വ്യവസായ ഉപമന്ത്രി അബ്ദുല്‍ നാസര്‍ അല്‍ സാലി എന്നിവരും കൂടിക്കാഴ്ച നടത്തി.

 

 

Latest News