Sorry, you need to enable JavaScript to visit this website.

കാണാതായ മഞ്ഞപ്പൊതി

ഇന്നായിരുന്നു ആ സംഭവം. 
എനിക്കു പുറമെ ആരാണ് ഇതുവരെ ദിവസങ്ങൾ കൃത്യമായി എണ്ണിയതെന്ന് അറിയില്ല. വീട്ടുകാരും അയൽവാസികളുമൊക്കെ എണ്ണിക്കാണണം. 
പുറംലോകം കാണുന്നതിന് പാർട്ടിയൊക്കെ ഏർപ്പാടാക്കിയില്ലേ? എന്തായിരുന്നു സ്പെഷ്യൽ?
നാട്ടിലെത്തി വീട്ടുനിരീക്ഷണം പൂർത്തിയാക്കിയ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്ന ഹമീദിനോട് മൽബു അന്വേഷിച്ചു. 
എന്തു സ്പെഷ്യൽ. സാധാരണ പോലെ തന്നെ. ചിക്കൻ ബിരിയാണിയും ബീഫ് വറവും. 
കുറച്ചു കൂടി ഗംഭീരാക്കാമായിരുന്നു. 28 പൂർത്തിയാക്കിയതല്ലേ..? 
ഏയ്, കണ്ടെയ്ൻമെന്റ് സോണാണ്. കടകളൊന്നും തുറക്കുന്നില്ല. തുറന്ന കടകളിൽ തന്നെ സാധനങ്ങളില്ല. പിള്ളേർക്ക് ഐസ്‌ക്രീമെങ്കിലും വാങ്ങണമെന്ന് കരുതിയിരുന്നു. അതു പോലും കിട്ടിയില്ല. 
എന്തായാലും ദുരിതം കഴിഞ്ഞുകിട്ടിയല്ലോ.. ഐസ്‌ക്രീമൊക്കെ ഇനിയും വാങ്ങാലോ? മൽബു പറഞ്ഞു:
പെട്ടിയൊക്കെ തുറന്നോ?
ആ ചടങ്ങ് രാവിലെ തന്നെ നടത്തി. പഴയതു പോലെ ആളുകൊളൊന്നും വാങ്ങില്ല എന്നാണ് കരുതിയിരുന്നത്. അങ്ങനെ ആയിരുന്നല്ലോ വാട്സാപ്പിലെ പ്രചാരണം. പക്ഷേ, എല്ലാവരും വാങ്ങി.

അങ്ങനെ തന്നെയല്ലേ.. ഗൾഫുകാരോട് അയിത്തമുണ്ട് എന്നാണല്ലോ ഇപ്പോഴും പറയുന്നത്. വീടിന്റെ പുറത്തു കണ്ടാൽ അയൽവാസികൾ പോലീസിനെ വിളിക്കണം എന്നൊക്കെയല്ലേ..
അതൊക്കെ ശരിയാണ്. ഗൾഫുകാരനോട് മാത്രമേ അയിത്തമുള്ളൂ. ഗൾഫ് സാധനങ്ങളോട് ആർക്കും അയിത്തമില്ല. ഞാനാകെ കുടങ്ങിയിരിക്കയാണ്. ആ മെംബറോട് 28 ദിവസവും പെട്ടിയിലുണ്ടെന്ന് പറഞ്ഞ സാധനം പെട്ടി തുറന്നപ്പോൾ കാണാനില്ല. അയാൾ എല്ലാ ദിവസവും വിളിക്കുമായിരുന്നു. വീടിന്റെ പുറത്തെടുത്ത് വെച്ചാൽ മതിയെന്നു പറയും. ഞാൻ പറയും. പെട്ടി തുറന്നിട്ടില്ല.. കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ എന്ന്. 
എന്താ സാധനം?
നമ്മൾ അന്നു ഒരു മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങിയില്ലേ. ഒരു മഞ്ഞ പായ്ക്കറ്റ്. അതു തന്നെ. ഞാൻ പെട്ടിയിൽ ഭദ്രമായി വെച്ചതായിരുന്നു. തറുന്നപ്പോൾ കാണാനില്ല. ചുറ്റും കൂടിയവർ ആരെങ്കിലും അടിച്ചു മാറ്റിയോ.. ഏതെങ്കിലും അമ്മായിക്കു കൊടുത്ത  സാധനങ്ങളിൽ കുടുങ്ങിയോ എന്നൊന്നുമറിയില്ല. 
നാട്ടിൽ ഹോം ക്വാറന്റൈനും മറ്റും ശരിയാക്കാൻ ഫോണിൽ ആവശ്യപ്പെട്ടപ്പോൾ മെംബർ പറഞ്ഞ സാധനമായിരുന്നു അത്. അങ്ങേരോട് ആരോ പോരിശ പറഞ്ഞു വിശ്വസിപ്പിച്ച സാധനമാണ്. മക്കളില്ലാത്ത മെംബർ ഏറെ കൊതിച്ച സാധനം. എയർപോർട്ടിൽ ഇറങ്ങിയ ഉടൻ അയാൾ അന്വേഷിച്ചു തുടങ്ങിയിരുന്നു. പെട്ടിയിൽ ഞാൻ തന്നെ ഭദ്രമായി വെച്ചതുകൊണ്ട് ഉറപ്പിച്ചു പറഞ്ഞു. 
പെട്ടിയിലുണ്ട് മാഷേ.. ആർക്കും കൊടുക്കില്ല, അവിടെ എത്തിച്ചിരിക്കും.

സാധനങ്ങൾ കൊണ്ടുപോയ എല്ലാ ബന്ധുക്കളോടും ഒന്നു കൂടി അന്വേഷിക്കൂ: മൽബു പറഞ്ഞു.
സാധാനം എന്താണെന്നൊന്നും പറയേണ്ട. കോവിഡിന് കഴിക്കുന്ന മഞ്ഞപ്പായ്ക്കറ്റ് മരുന്ന് എന്നു പറഞ്ഞാൽ മതി. ഞാൻ റൂമിലും നോക്കാം. നീ ചിലപ്പോ പെട്ടിയിലായിരിക്കില്ല, റൂമിലായിരിക്കും ഭദ്രമായി വെച്ചിട്ടുണ്ടാവുക. പ്രവാസികൾക്ക് പൊതുവെ പറ്റാറുള്ളതാണ്. നിർബന്ധമായും കൊണ്ടുപോകണമെന്ന് വിചാരിച്ചത് ഒടുവിൽ റൂമിൽ ബാക്കിയാകും.

ഏറ്റവും ദൂരെയുള്ള അമ്മായിയോടു വരെ അന്വേഷിച്ചിട്ടും ഹമീദിനു നഷ്ടപ്പെട്ട സാധാനം കണ്ടെത്താൻ കഴിഞ്ഞില്ല. ഇങ്ങനെയൊരു സാധനം കാണാതെ പോയത് ഫാമിലി വാട്‌സാപ് ഗ്രൂപ്പിലിട്ടത് മറ്റൊരു പുലിവാലാകുകയും ചെയ്തു. ഹമീദ് നാട്ടിൽ വന്നതോ ക്വാറന്റൈനിലിരുന്നതോ സാധനം വിതരണം ചെയ്തതോ അറിയാത്ത ഒരു അമ്മായി വാളെടുത്ത് രണ്ടായി വെട്ടി.
ഹമീദിനോട് പറഞ്ഞതുപോലെ മൽബു മുറിയിലാകെ തെരഞ്ഞു. 
ദേ മഞ്ഞപ്പൊതി അവന്റെ ബ്ലാങ്കറ്റിനടിയിൽ ഭദ്രമായി കിടക്കുന്നു. 
മൽബു ഉടൻ തന്നെ വാട്‌സാപ് മെസേജയച്ചു. 
അതിവിടുണ്ട്. അവിടെ തെരയണ്ട. തൽക്കാലം മെംബർ ക്ഷമിക്കട്ടെ.. 

Latest News