കുവൈത്തില്‍ 643 കോവിഡ് കേസുകള്‍; നിയന്ത്രണങ്ങളില്‍ ഇളവ്

കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 634 കോവിഡ് കേസുകള്‍. ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 77,470 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 505 ആയി. 601 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 5,306 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ മൊത്തം പരിശോധനകളുടെ എണ്ണം 568,440 ആയി.
അതിനിടെ, കോവിഡ് വ്യാപന ഭീതി കുറഞ്ഞതിന് പിന്നാലെ, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ നാലാം ഘട്ടത്തിന് തുടക്കം കുറിച്ചു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഹാജര്‍ നില ഉയര്‍ത്തുകയും അടച്ചിട്ടിരുന്ന ഹെല്‍ത്ത് ക്ലബ്ബുകള്‍, ടൈലര്‍ ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, വനിതാ സലൂണുകള്‍, ബസ് സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് 30 ശതമാനം യാത്രക്കാരെ മാത്രമേ ബസ്സുകളില്‍ അനുവദിക്കുകയുള്ളൂ.
യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കണം. കൂടാതെ ബസ്സില്‍ കയറുന്നതിനു മുമ്പ് എല്ലാ യാത്രക്കാരുടെയും ശരീരതാപനില പരിശോധിക്കണമെന്നും മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

 

Latest News