ദുബായ്- റെസിഡന്‍സ് വിസക്കാര്‍ക്ക് യു.എ.ഇ.യിലേക്ക് മടങ്ങാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുമ്പോള്‍ യാത്രക്കാരന്റെ എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് ടൈപ്പ്, രാജ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. അതിനുശേഷം വെബ്സൈറ്റില്‍ ലഭിക്കുന്ന ഗ്രീന്‍ ടിക് ആണ് യാത്രാനുമതിയായി കണക്കാക്കുക. ചുവപ്പ് അടയാളമാണ് ലഭിക്കുന്നതെങ്കില്‍ യാത്രചെയ്യാന്‍ കഴിയില്ല.
ഐ.സി.ഐ അനുമതി ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയിലും ഷാര്‍ജയിലുമെത്തിയ ചിലര്‍ വിമാനത്താവളത്തിനുള്ളില്‍ ഏറെനേരം കുടുങ്ങി. അബുദാബിയില്‍ ഇത്തിഹാദ് വിമാനത്തിലെത്തിയ അഞ്ച് മലയാളികള്‍ക്ക് പുറത്തിറങ്ങാനായില്ല. ഇവര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് വിമാനം കയറിയത്. ഇവരില്‍ ഒരാളൊഴികെ നാലുപേരെ ഇത്തിഹാദ് സ്വന്തം ചെലവില്‍ നാട്ടിലെത്തിച്ചു. ഒരാള്‍ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് പുറത്തിറങ്ങി. അംഗീകൃത പരിശോധനാകേന്ദ്രങ്ങളില്‍നിന്ന് യാത്ര ചെയ്യുന്നതിന് മുമ്പ് 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.






