Sorry, you need to enable JavaScript to visit this website.

തക്കാളിക്കവിളില്‍ ചെഞ്ചോര, വേദനയില്‍ പിടഞ്ഞ് യാര, ബെയ്‌റൂത്തിലെ നടുക്കുന്ന ഓര്‍മകള്‍

മസ്‌കത്ത്- ഓഗസ്റ്റ് നാലിന് ബെയ്‌റൂത്തില്‍ 180 വിലപ്പെട്ട ജീവനുകള്‍ അപഹരിച്ച സ്‌ഫോടനത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ സൈനബ് അല്‍സഈദ്. സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റുവെങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ യാര എന്ന നാല് വയസ്സുകാരിയുടെ ഉറ്റബന്ധുവാണ് ഈ ഒമാനി വനിത.

യാരയുടെ ഓമനത്തമുള്ള മുഖം കീറിപ്പൊളിഞ്ഞ് ചോരയിറ്റുവീഴുന്ന രംഗമാണ് സൈനബിന്റെ മുമ്പില്‍ തെളിയുന്നത്. വേദന സഹിക്കവയ്യാതെ ആ കുഞ്ഞു നിലവിളി ഇപ്പോഴും കാതുകളില്‍ മുഴങ്ങുകയാണ്. എങ്ങിനെയെങ്കിലും ഉറക്കം പിടിച്ചാലും അര്‍ധരാത്രിയില്‍ താന്‍ ഞെട്ടി ഉണരുകയാണ്- സൈനബ് പറയുന്നു.

അവിചാരിതമായ ദുരന്തം തകര്‍ത്ത തങ്ങളുടെ ജീവിതം ഇവര്‍ പ്രാദേശിക മാധ്യമങ്ങളോട് അനുസ്മരിച്ചു:
സ്‌ഫോടനം നടക്കുമ്പോള്‍ യാര അവളുടെ സഹോദരന്റെ കൂടെ കളിക്കുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായി. ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു ഗ്ലാസ്ചില്ല് യാരയുടെ കവിളില്‍ പതിച്ചു. മുഖമാകെ കീറിപ്പൊളിഞ്ഞ കുഞ്ഞിനെ വാരിയെടുത്ത് പിതാവ് ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും സ്‌ഫോടനത്തില്‍ അത് തകര്‍ന്നുപോയിരുന്നു. സമചിത്തത കൈവെടിയാതെ രണ്ടാമതൊരു ആശുപത്രിയിലേക്ക് ചോരവാര്‍ന്ന് ഒലിക്കുന്ന കുഞ്ഞിനെ എത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യാരയുടെ കവിള്‍ത്തടം ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. കുട്ടിക്ക് അടിയന്തിരമായി പ്ലാസ്റ്റിക് സര്‍ജറി വേണമെന്നും അവര്‍ പിതാവിനെ ഉപദേശിച്ചു- സൈനബ് പറയുന്നു.

ബെയ്‌റൂത്തില്‍ ശേഷിക്കുന്ന കുടുംബാംഗങ്ങളെ നിരന്തരം ബന്ധപ്പെടുന്നുവെങ്കിലും അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് തനിക്കറിയില്ലെന്ന് സൈനബ് പറഞ്ഞു. എങ്കിലും യാര അത്ഭുതകരമായി മരണവക്ത്രത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്ന സന്തോഷവും ഇവര്‍ മറച്ചുവെച്ചില്ല.

പരിക്കേല്‍ക്കുന്നതിന് മുമ്പുള്ള യാരയുടെ ഫോട്ടോ കണ്ട ഒരു ഡോക്ടര്‍ അവള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുമെന്ന് വാഗ്ദത്തം ചെയ്തതായി സൈനബ് വെളിപ്പെടുത്തി. വീടും സമ്പാദ്യവുമെല്ലാം സ്‌ഫോടനത്തില്‍ നഷ്ടമായി ജീവിതം ഇരുളടഞ്ഞ തങ്ങളെ നിരവധി പേരാണ് സഹായവാഗ്ദാനവുായി സമീപിച്ചത്. അതിനാല്‍ ജീവിതം വീണ്ടും സന്തോഷകരമാകുമെന്ന പ്രത്യാശയും സൈനബ് അല്‍സഈദ് പങ്കുവെച്ചു.

Latest News