കോഴിക്കോട്- സന്നദ്ധപ്രവർത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ.ടി. അഷ്റഫ് (48) ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണുമരിച്ചു.
കോഴിക്കോട് സരോവരത്തിന് സമീപം നടപ്പാതയിൽ തളർന്നുകിടന്ന ഇദ്ദേഹത്തെ കോവിഡ് ഭീതികാരണം ആശുപത്രിയിലെത്തിക്കാൻ ആദ്യമാരും തയ്യാറായില്ലെന്ന് പരാതിയുണ്ട്. പിന്നീട് പരിചയക്കാരെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫയർ ആൻഡ് റെസ്‌ക്യൂ സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ റീജണൽ ചീഫ് വാർഡനും റെഡ്‌ക്രോസ് പ്രവർത്തകനുമായിരുന്നു. ദുരന്തനിവാരണ പ്രവർത്തനത്തിലും മറ്റ് സേവനപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
ലോക്ഡൗൺ കാലത്ത് നിരവധിപേർക്ക് മരുന്നെത്തിക്കാനും പ്രളയ-പ്രകൃതിദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിലും മുൻപന്തിയിലുണ്ടായിരുന്നു.പിതാവ്: ചെറുവലത്ത് പരേതനായ മൂസ. മാതാവ്: കുട്ടിബി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് യാസിൻ മാലിക്, ഫാത്തിമ നിലൂഫർ മാലിക്.






