ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ പലതവണ പീഡിപ്പിച്ചെന്ന് യുവതി; പണം നല്‍കി ഒതുക്കാന്‍ ശ്രമിച്ചെന്നും പരാതി

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കി ഭരണകക്ഷി എംഎല്‍എയ്‌ക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി. ബിജെപി എംഎല്‍എ മഹേഷ് നേഗി തന്നെ 2016 മുതല്‍ 2018 വരെ പലയിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഭര്‍തൃമതിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നെഹ്‌റു കോളനി പോലീസ് സ്റ്റേഷനില്‍ യുവതിയുടെ പരാതി സ്വീകരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. തന്റെ കുട്ടിയുടെ അച്ഛന്‍ ബിജെപി നേതാവ് നേഗിയാണെന്നും ഇതു തെളിയിക്കാന്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. എംഎല്‍എയുടെ അയല്‍ക്കാരിയാണ് പരാതി നല്‍കിയ യുവതി. അമ്മയുടെ രോഗവുമായി ബന്ധപ്പെട്ടാണ് 2016ല്‍ എംഎല്‍എയെ സമീപിച്ചത്. ഇതിനു ശേഷം തന്നെ അദ്ദേഹം യാത്രകളില്‍ കൂടെ കൂട്ടുകയും മുസൂറി, നൈനിറ്റാള്‍, ദല്‍ഹി, ഹിമാചല്‍ പ്രദേശ്, നേപാള്‍ എന്നിവടങ്ങളില്‍ കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവം പുറത്തു പറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്നും യുവതി ആരോപിച്ചു.

്അതേസമയം ഭര്‍ത്താവിനെ യുവതി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നാരോപിച്ച് മഹേഷ് നേഗിയുടെ ഭാര്യയും ഇതേ പോലീസ് സ്റ്റേഷനില്‍  യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡി.ജി അശോക് കുമാര്‍ പറഞ്ഞു.

ബിജെപി എംഎല്‍എയ്ക്കു നേരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമാണെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എംഎല്‍എക്കെതിരെ ലൈംഗിപീഡന ആരോപിക്കപ്പെടുന്നത് ഗൗരവമേറിയ വിഷയമാണെന്നും പരാതിക്കാരിയായ യുവതിക്ക് കുട്ടിയുണ്ടെന്നും കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി സത്യം പുറത്തു കൊണ്ടു വരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രിതം സിങ് ആവശ്യപ്പെട്ടു. 

Latest News