ഹാവൂ, ഉക്രൈൻ ഇല്ല

അടുത്ത ലോകകപ്പിന് ഇനി എട്ടു മാസം ബാക്കി. ടീമുകളുടെ ചിത്രം ഏതാണ്ട് വ്യക്തമായി. ഒമ്പത് ടീമുകൾ കൂടി യോഗ്യത നേടാനുണ്ട്. അതും അടുത്ത മാസത്തോടെ അറിയാം. ഡിസംബർ ഒന്നിനാണ് ഗ്രൂപ്പുകൾ നിശ്ചയിക്കുന്ന നറുക്കെടുപ്പ്. പിന്നീടുള്ള ഏഴു മാസം കണക്കുകൂട്ടലുകളുടെയും കാത്തിരിപ്പുകളുടേതുമാണ്. 
യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും യോഗ്യതാ റൗണ്ടുകൾ അവസാനം നാടകീയമായിരുന്നു. ലിയണൽ മെസ്സിയുടെ അർജന്റീനയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർചുഗലും അവസാനം കടന്നുകൂടി. ആശ്വസിക്കുന്നത് അവരുടെ നാട്ടുകാരും ആരാധകരും മാത്രമല്ല. ഫിഫയും സ്‌പോൺസർമാരും കൂടിയാണ്. ഈ കളിക്കാർ കാരണമാണ് ആരാധകരുടെ ശ്രദ്ധ എപ്പോഴും കളിയിൽ തന്നെ നിൽക്കുന്നത്. അല്ലെങ്കിൽ അവർ ഫിഫയുടെ കൊള്ളരുതായ്മകളിലേക്ക് ശ്രദ്ധ തിരിച്ചുകളയും. ഈ കളിക്കാരെ കാണാനാണ് ആരാധകർ ടിക്കറ്റെടുക്കുന്നത്. വൻകിട സ്‌പോർട്‌സ് കമ്പനികൾക്കും ആശ്വസിക്കാം. കോടികളൊഴുക്കി അവർ കളിക്കാരെ സ്‌പോൺസർ ചെയ്യുന്നത് ലോകം ഫുട്‌ബോളിന് ചുറ്റും തിരിയുമ്പോൾ ഈ താരങ്ങൾ കുടുംബത്തോടൊപ്പം വിശ്രമിക്കാനല്ല. 
വീട്ടിലിരുന്ന് കളി കാണേണ്ട ചില പ്രമുഖ താരങ്ങളുണ്ട്. ഗാരെത് ബെയ്‌ലാണ് പ്രധാനം. വെയ്ൽസിന് അവസാന ദിനം ചുവട് തെറ്റി. ചിലെയുടെ അലക്‌സിസ് സാഞ്ചസ് ഉണ്ടാവില്ല. 
ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ചിലെ അവസാന ദിവസം പുറത്തായി. നെതർലാന്റ്‌സും ആര്യൻ റോബനുമുണ്ടാവില്ല. റോബൻ രാജ്യാന്തര ഫുട്‌ബോളിൽനിന്നു തന്നെ വിരമിച്ചു. 1986 നു ശേഷം ആദ്യമായി അമേരിക്ക ഇല്ലാത്തത് സ്‌പോൺസർഷിപ്പിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. ക്രിസ്റ്റ്യൻ പുലിസിച്ചിനെ ലോകമറിയുന്ന ലോകകപ്പാവും റഷ്യയിലേത് എന്നാണ് കരുതപ്പെട്ടത്. അമേരിക്കയുടെ സെൻസേഷന് നാലു വർഷം കൂടി കാത്തിരിക്കേണ്ടിവരും. 
ഐസ്‌ലന്റും പാനമയുമാണ് ഈ ലോകകപ്പിലെ പുതുമുഖങ്ങൾ. ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാവും ഐസ്‌ലന്റ്. കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യയേയുള്ളൂ ഈ കൊച്ചുരാജ്യത്തിൽ. 2016 ലെ യൂറോ കപ്പിൽ അരങ്ങേറിയ ഐസ്‌ലന്റ് ക്വാർട്ടറിലേക്ക് മുന്നേറി എന്നതു മാത്രമായിരുന്നില്ല വാർത്ത. അവരുടെ ആരാധകർ സൃഷ്ടിച്ച ആഹ്ലാദാന്തരീക്ഷവും താളത്തോടെയുള്ള കൈയടികളും ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികളുടെ മനം കവർന്നു. ലോകകപ്പിലും ഐസ്‌ലന്റ് ജനപ്രിയ ടീമുകളിലൊന്നാവും. 
പാനമ യോഗ്യത നേടിയത് അവരുടെ മാത്രം കഴിവ് കൊണ്ടായിരുന്നില്ല. കോസ്റ്ററീക്കക്കെതിരായ അവസാന മത്സരം 2-1 ന് ജയിച്ചതോടെയാണ് പാനമക്ക് ബെർത്തുറച്ചത്. എൺപത്തെട്ടാം മിനിറ്റിൽ റോമൻ ടോറസ് നേടിയ പാനമയുടെ വിജയ ഗോൾ യഥാർഥത്തിൽ ഗോൾ വര കടന്നിട്ടുണ്ടായിരുന്നില്ല. ഗോൾ വരയിലേക്ക് വീണ് തെറിച്ച പന്തിനാണ് റഫറി വിസിലൂതിയത്. ആ കളി സമനിലയായിരുന്നുവെങ്കിൽ അമേരിക്ക യോഗ്യത നേടിയേനേ. കോൺകകാഫ് മേഖലയിൽ ചിലെയെ പുറത്താക്കാൻ കൊളംബിയയും പെറുവും ഒത്തുകളിച്ചുവെന്നും ആരോപണമുണ്ട്. 
കൊളംബിയ-പെറു മത്സരം സമനിലയായിരുന്നു. കളി തീരാൻ അഞ്ചു മിനിറ്റ് ശേഷിക്കെ കൊളംബിയ നായകൻ റഡാമൽ ഫാൽക്കാവൊ പെറു കളിക്കാരുമായി അടക്കം പറയുന്നത് ടി.വി ക്യാമറകൾ പിടിച്ചെടുത്തു. അവസാന നിമിഷങ്ങളിൽ ഇരു കളിക്കാരും വെറുതെ പന്ത് തട്ടുകയായിരുന്നു. ഈ കളി സമനിലയായതോടെ കൊളംബിയ ഫൈനൽ റൗണ്ടിലെത്തി. പെറുവിന് പ്ലേഓഫ് ബെർത്ത് ലഭിച്ചു. പെറു തോറ്റിരുന്നുവെങ്കിൽ ചിലെക്ക് പ്ലേഓഫ് ബെർത്ത് നേടാമായിരുന്നു.
ഏറ്റവും വലിയ ആഹ്ലാദം ഈജിപ്തുകാരുടേതായിരുന്നു. 28 വർഷത്തെ ഇടവേളക്കു ശേഷം ഈജിപ്ത് ലോകകപ്പ് കളിക്കുന്നത് അവരുടെ ജനത ലോകമെങ്ങും ആഘോഷിച്ചു. ലോകകപ്പിൽ ഇപ്പോൾ ഏറ്റവുമധികം ടിക്കറ്റ് ആവശ്യപ്പെട്ട ആദ്യ പത്ത് രാജ്യക്കാരുടെ പട്ടികയിൽ ഈജിപ്തുണ്ട്. 
നെതർലാന്റ്‌സ് ഇല്ലാത്തത് കളിക്കമ്പക്കാരെ മാത്രമല്ല നിരാശപ്പെടുത്തുക. ഡച്ച് കാണികൾ സൃഷ്ടിക്കുന്ന ഓറഞ്ച് കടൽ കാഴ്ചയുടെ ഉത്സവമാണ്. ജമൈക്കയുടെ മഞ്ഞക്കടലും അതുപോലെ തന്നെ. അവരും യോഗ്യത നേടിയില്ല. നിറപ്പകിട്ടാർന്ന കാണികൾ ഉള്ള മറ്റു ചില രാജ്യങ്ങളുണ്ട്. ക്രൊയേഷ്യ, വടക്കൻ അയർലന്റ്, അയർലന്റ് എന്നിവ. ഫൈനൽ റൗണ്ടിനും പ്ലേഓഫുകൾക്കുമിടയിലെ ഇടത്താവളത്തിലാണ് ഈ ടീമുകളൊക്കെയുള്ളത്.
ഒരു ടീം യോഗ്യത നേടാത്തതിൽ ഫിഫക്കും ആതിഥേയരായ റഷ്യക്കും വലിയ ആഹ്ലാദമായിരിക്കും. ഉക്രൈനാണ് അത്. റഷ്യയും ഉക്രൈനും സംഘർഷത്തിലാണ്. 2014 മുതൽ പ്രധാന ടൂർണമെന്റുകളിൽ ഈ ടീമുകളെ സുരക്ഷാ കാരണങ്ങളാൽ ഒരേ ഗ്രൂപ്പിൽ പോലും ഉൾപെടുത്താറില്ല. ഈ ടീമുകൾ തമ്മിലുള്ള കളികൾ കാണികളുടെ കലാപത്തിലെത്തുമെന്ന ഭയം കാരണമാണ് അത്. റഷ്യയിലാണ് ഇത്തവണ ലോകകപ്പ് എന്നിരിക്കെ ഉക്രൈൻ അവിടെ കളിക്കാനെത്തുന്നത് വലിയ സുരക്ഷാ പ്രശ്‌നമായേനേ. 
സംഘർഷത്തിൽ തിളച്ചുമറിയുന്ന സിറിയയുടെ കുതിപ്പ് ലോകം കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഏഷ്യൻ പ്ലേഓഫിൽ ഓസ്‌ട്രേലിയയോട് അവസാന കടമ്പയിൽ അവർ വീഴുകയായിരുന്നു. ഏതാണ്ട് ഇഞ്ചുകൾ വ്യത്യാസത്തിലാണ് അവർക്ക് ഹോണ്ടൂറാസുമായുള്ള പ്ലേഓഫ് സ്ഥാനം നഷ്ടപ്പെട്ടത്. 
എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ജിദ്ദ അൽഅഹ്‌ലിയുടെ താരം ഉമർ അൽ സൂമ പായിച്ച ഷോട്ട് ഓസ്‌ട്രേലിയയുടെ ക്രോസ് ബാറിനു തട്ടി മടങ്ങുകയായിരുന്നു.

Latest News