അർജന്റീനയെ ആർക്കാണ് പേടി?

സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള ക്വിറ്റോയിലെ നേർത്ത അന്തരീക്ഷത്തിൽ ഇക്വഡോറിനെതിരായ മത്സരത്തിന് ഇറങ്ങുമ്പോൾ അർജന്റീന കോച്ച് ജോർജെ സാംപോളി കളിക്കാരോട് പറഞ്ഞു: 'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ലോകകപ്പിലുണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയാണ് നമുക്ക്'. അതൊരു തന്ത്രമായിരുന്നു. മറ്റു കളിക്കാരോട് സംസാരിക്കുന്നുവെന്ന വ്യാജേന മെസ്സിയോട് തന്നെയാണ് കോച്ച് സംസാരിച്ചത്. അർജന്റീന ജയിക്കണമെങ്കിൽ മെസ്സി ഗോളടിച്ചേ തീരൂ എന്ന് സാംപോളിക്ക് അറിയാം. കാരണം ഈ വർഷം അർജന്റീനക്കായി ഒരാളേ ഗോളടിച്ചിട്ടുള്ളൂ, മെസ്സി മാത്രം. യോഗ്യതാ റൗണ്ടിൽ അർജന്റീന നേടിയ പോയന്റിൽ 75 ശതമാനവും മെസ്സി കളത്തിലുള്ളപ്പോൾ ആർജിച്ചതാണ്. ആ രാത്രി മെസ്സി തന്റേതാക്കി മാറ്റി. ഒന്നല്ല മൂന്നു തവണ ഇക്വഡോറിന്റെ വല കുലുക്കി. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ തന്റെ ആദ്യ ഹാട്രിക് നേടാൻ മെസ്സിക്ക് ഇതിനെക്കാൾ ഉചിതമായ വേദിയോ സമയമോ വേറെ ഇല്ലായിരുന്നു. 
മൂന്നു കോച്ചുമാരുടെ കീഴിൽ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയ അർജന്റീനാ ടീമിൽ മെസ്സിയുടെ സ്വാധീനം തന്നെയാണ് പ്രകടമായി ഉണ്ടായിരുന്നത്. അർജന്റീന യോഗ്യത നേടിയില്ലെങ്കിൽ അതിന്റെ പാപഭാരം ചുമക്കേണ്ടി വരുന്നതും മെസ്സിക്കു തന്നെയായിരുന്നു. രണ്ടു വർഷത്തോളം നീണ്ട യോഗ്യതാ റൗണ്ടിലെ 18 കളികളിൽ 10 മത്സരങ്ങളാണ് മെസ്സി കളിച്ചത്. അതിൽ ഏഴ് ഗോളടിച്ചു. 15 മത്സരങ്ങൾ കളിച്ച ഉറുഗ്വായ്‌യുടെ എഡിൻസൻ കവാനി മാത്രമേ ലാറ്റിനമേരിക്കയിൽ കൂടുതൽ ഗോളടിച്ചിട്ടുള്ളൂ. ഗോൺസാലൊ ഹിഗ്വയ്ൻ, സെർജിയൊ അഗ്വിരൊ, ലുക്കാസ് പ്രാറ്റൊ, മോറൊ ഇകാർഡി, ദാരിയൊ ബെനഡെറ്റൊ തുടങ്ങി നിരവധി സ്‌ട്രൈക്കർമാർക്ക് അർജന്റീന അവസരം നൽകി. അവരെല്ലാം കൂടി ആകെയടിച്ചത് മൂന്നു ഗോളാണ്.
അർജന്റീന ആകെയടിച്ചത് 19 ഗോളാണ്. ഇപ്പോഴത്തെ രീതിയിലുള്ള റൗണ്ട് റോബിൻ രീതി ലാറ്റിനമേരിക്കയിൽ പ്രാബല്യത്തിൽ വന്ന 1998 നു ശേഷം അർജന്റീന ഇത്ര കുറഞ്ഞ ഗോളടിക്കുന്നത് ആദ്യം. യോഗ്യത നേടിയ നാല് ലാറ്റിനമേരിക്കൻ ടീമുകളിൽ കുറവ് ഗോളടിച്ചതും അർജന്റീന തന്നെ. മെസ്സിക്ക് ഏതാണ്ട് പകുതിയോളം യോഗ്യതാ മത്സരങ്ങളിൽ കളിക്കാനായിട്ടില്ല. പക്ഷെ മെസ്സി കളിച്ച മത്സരങ്ങളിലാണ് തങ്ങളുടെ 28 പോയന്റിൽ ഇരുപത്തൊന്നും അർജന്റീന സമ്പാദിച്ചത്. 
മൂന്നു കോച്ചുമാരുടെ കീഴിലാണ് യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത് എന്നതു മാത്രമായിരുന്നില്ല അർജന്റീനയുടെ പ്രശ്‌നം. മൊത്തം 42 കളിക്കാരെ ഉപയോഗിച്ചു. 18 കളികളിൽ 18 വ്യത്യസ്തമായ സ്റ്റാർടിംഗ് ഇലവനുകളായിരുന്നു. യോഗ്യതാ റൗണ്ടിലെ പ്രകടനം ലോകകപ്പിൽ അതേപടി ആവർത്തിക്കുന്നത് അപൂർവമായേ സംഭവിക്കാറുള്ളൂ. അർജന്റീന ഉജ്വല ഫോമിൽ യോഗ്യതാ റൗണ്ട് കളിച്ച 2002 ൽ അവർ ആദ്യ റൗണ്ടിൽ പുറത്താവുകയാണ് ഉണ്ടായത്. എങ്കിലും അർജന്റീനയുടെ ദൗർബല്യങ്ങൾ പ്രകടമായിരുന്നു.
ഗോൾവരൾച്ചയാണ് പ്രധാനം. അർജന്റീന അടിച്ചത് 19 ഗോളായിരുന്നു. മെസ്സി ഒഴികെ ഒരു കളിക്കാരനും രണ്ടിലേറെ ഗോളടിച്ചില്ല. ബ്രസീൽ 41 ഗോളടിച്ചു, ഉറുഗ്വായ് മുപ്പത്തിരണ്ടും. അമ്പരപ്പിക്കുന്നതായിരുന്നു അർജന്റീനാ ടീമിലെ പ്രതിഭകളുടെ സംഗമം. എന്നിട്ടും അവരുടെ ഗോൾ വരൾച്ച ആശ്ചര്യപ്പെടുത്തി. ഇക്വഡോറിനെതിരായ ആദ്യ ഗോൾ 446 മിനിറ്റ് കളിയിൽ അർജന്റീനക്കാരന്റെ ആദ്യത്തേതായിരുന്നു. മാസങ്ങൾ മുമ്പാണ് അവസാനമായി ഒരു അർജന്റീനക്കാരൻ ഗോളടിച്ചത്. ചിലെക്കെതിരെ പെനാൽട്ടിയിൽനിന്ന്. അടിച്ചത് മെസ്സി തന്നെ. അർജന്റീന അർഹിക്കാത്ത വിജയമാണ് അന്നു നേടിയത്. ഇക്വഡോറിനെതിരായ കളിക്കു മുമ്പ് ഓപൺ കളിയിൽനിന്ന് അർജന്റീനയുടെ അവസാന ഗോൾ ഏതാണ്ട് ഒരു വർഷം മുമ്പാണ്, 2016 നവംബറിൽ. സാംപോളി ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രധാന മാറ്റം ഗോൺസാലൊ ഹിഗ്വയ്‌നെ ഒഴിവാക്കി എന്നതാണ്. പകരം അർജന്റീനാ ലീഗിൽ കളിക്കുന്ന ദാരിയൊ ബെനെഡെറ്റോക്ക് അവസരം നൽകി. മുൻ കോച്ചുമാർ അവഗണിച്ച ഇകാർഡി, അലജാന്ദ്രൊ ഗോമസ് എന്നിവരെയും സാംപോളി കളിപ്പിച്ചു. ഒന്നും ഫലം കണ്ടില്ലെന്നു മാത്രം. സെർജിയൊ അഗ്വിരൊ, എയിംഗൽ ഡി മരിയ എന്നിവരായിരിക്കും ലോകകപ്പിൽ മെസ്സിക്കൊപ്പം ആക്രമണം നയിക്കുക. യുവന്റസ് സെൻസേഷൻ പൗളൊ ദിബാലയെ കോച്ച് എങ്ങനെ ഉപയോഗിക്കുന്നു എന്നതും കൗതുകമായിരിക്കും.
കാലാവധി കഴിഞ്ഞ ചില കളിക്കാർ ടീമിലുണ്ട്. മിഡ്ഫീൽഡിലും ഡിഫൻസിലും അതുല്യ സംഭാവനകൾ അർപ്പിച്ചിരുന്ന കളിക്കാരനാണ് മസ്‌ചെരാനൊ. എന്നാൽ മുപ്പത്തിമൂന്നുകാരന് ഇപ്പോൾ പഴയ പ്രതാപമില്ല. മസ്‌ചെരാനോയുടെ പിഴവാണ് മുപ്പത്തെട്ടാം സെക്കന്റിൽ തന്നെ ഇക്വഡോർ ഗോളടിക്കാൻ കാരണം. ഡിഫൻസിൽ മസ്‌ചെരാനൊ ഇപ്പോൾ വിശ്വസ്തനല്ല. എൻസൊ പെരസും ലുക്കാസ് ബിലിയയും എവർ ബനേഗയുമുള്ള മധ്യനിരയിലും സ്ഥാനം കൊടുക്കാനാവില്ല. ഗോളടിക്കാനാവുന്നില്ലെങ്കിലും ഗോൾ പ്രതിരോധിക്കുന്നതിൽ അർജന്റീനക്ക് നല്ല റെക്കോർഡാണ്. ഗോളി സെർജിയൊ റോമിറൊ, ഡിഫന്റർമാരായ നിക്കൊളാസ് ഓടാമെന്റി, ഗബ്രിയേൽ മെർകാഡൊ, മാർക്കോസ് അകൂനിയ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു.
 

Latest News