ദുബായ്- ഇന്ത്യയുടെ ദേശീയ പതാകകളും ത്രിവര്‍ണ ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച ദുബായ് മറീനയിലെ വഞ്ചികളും സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനക്കാഴ്ചയായി. ദേശീയ പതാകകളുമായി യോട്ടുകള്‍ നിരനിരയായി മറീനയിലൂടെ നീങ്ങിയ കാഴ്ച കൗതുകം പകര്‍ന്നു.
ഈസ്റ്റ് മറീനയില്‍നിന്ന് ഐന്‍ ദുബായ്ക്കു സമീപം ജെ.ബി.ആര്‍ വരെ യോട്ടുകള്‍ പരേഡ് നടത്തിയ ശേഷമാണ് ഏവരെയും അത്യാവേശത്തില്‍ മുക്കിയ അടുത്ത പ്രകടനം നടന്നത്. ദേശീയഗാനം മുഴങ്ങിയ അന്തരീക്ഷത്തില്‍ കടലില്‍നിന്ന് ഫ്‌ളൈബോര്‍ഡില്‍ ഉയര്‍ന്നു വന്നയാള്‍ ദേശീയപതാക ഉയര്‍ത്തിയതോടെ ആഹ്ലാദം അണപൊട്ടി. മറീനയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും ഫ്‌ളൈബോര്‍ഡില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തുന്നതും.
കോവിഡിനു ശേഷം വേറിട്ടൊരു സ്വതന്ത്ര്യദിനാഘോഷം എന്ന നിലയിലാണ് ഇത് നടത്തിയതെന്ന് ആഘോഷങ്ങളുടെ സംഘാടകരായ ഡി3 യോട്ട് കമ്പനി എം.ഡിയും പത്തനംതിട്ട സ്വദേശിയുമായ ഷമീര്‍ മുഹമ്മദലി പറഞ്ഞു. കമ്പനിയുടെ ആറ് വലിയ യോട്ടുകളും ചെറിയ ബോട്ടുകളും ജെറ്റ് സ്‌കീകളും പരേഡില്‍ പങ്കെടുത്തു.