ദോഹ- നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള പ്രത്യേക വിമാന സര്‍വീസിന് ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണയിലെത്തി. ഇതനുസരിച്ച് ഖത്തര്‍ എയര്‍വെയ്സിനും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും പരസ്പരം യാത്രക്കാരെ കൊണ്ടുപോകാം.
ഓഗസ്റ്റ് 18 മുതലാണ് കരാര്‍ നിലവില്‍ വരിക. ശനിയാഴ്ച രാവിലെയാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്റ്ററേറ്റ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഈ മാസം 18 മുതല്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് ധാരണ.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രതിവാര സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്സിനും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കും. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്ക് വിധേയമായി ആയിരിക്കും സര്‍വീസ്. ഇന്ത്യയില്‍നിന്നുള്ള സര്‍വീസുകളില്‍ ഖത്തര്‍ പൗരന്മാര്, ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് വരാന്‍ അനുമതിയുണ്ടാവും. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരുന്നതിന് ഖത്തര്‍ പോര്‍ട്ടല്‍ രജിസ്ട്രേഷന്, ക്വാറന്റൈന് ബുക്കിംഗ് തുടങ്ങിയവ ബാധകമായിരിക്കും.
ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍നിന്ന് വിമാന സര്‍വീസ് ഇല്ലാത്തത് കാരണം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി. വന്ദേഭാരത് വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുന്നതിന് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കരാര്‍ വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.






