കോഴിക്കോട് വിമാനത്താവളം നിലനിര്‍ത്താന്‍  എം.ഡി.സി കേസില്‍ കക്ഷി ചേരും 

കോഴിക്കോട്-കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ അടച്ചു പൂട്ടാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതില്‍ മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എം.ഡി.സി) അടിയന്തര യോഗം ആശങ്ക പ്രകടിപ്പിച്ചു. കേസില്‍ കക്ഷി ചേര്‍ന്ന് കോഴിക്കോട് വിമാനതാവളം നിലനിര്‍ത്താനുള്ള നിയമപോരാട്ടെം സജീവമാക്കാനും ഓണ്‍ലൈനില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം തീരുമാനിച്ചു. എം.ഡി.എഫ് പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ഉത്തമ താല്‍പര്യം പരിഗണിച്ച് കേസ് നടത്താന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതപ്പെടുത്താന്‍ യോഗം കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. തുടര്‍നടപടികള്‍ക്കായി സംഘടനയുടെ ജനറല്‍ സെക്രട്ടരി കൂടിയായ അഡ്വ. എം.കെ അയ്യപ്പനെ യോഗം നിയോഗിച്ചു.  
വിമാനത്താവളത്തില്‍ അടുത്തിടെയുണ്ടായ അപകടത്തിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തല്‍പര കക്ഷികള്‍ ഇത്തരമൊരാവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് ദുരൂഹമാണെന്നും  എം.ഡി.സി വിലയിരുത്തി. എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റേയും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്നതാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ മേധാവികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അടിയന്തര യോഗത്തില്‍ എം.ഡി.സി രക്ഷാധികാരി ഡോ: എ.വി അനൂപ്, ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, വൈസ് പ്രസിഡന്റുമാരായ പ്രൊഫ. ഫിലിപ്പ് കെ. ആന്റണി, എം.വി മാധവന്‍, അഡ്വ. എം.കെ അയ്യപ്പന്‍ (ജന. സെക്ര), കുന്നോത്ത് അബുബക്കര്‍, പി.ഐ അജയന്‍, എംപി കുഞ്ഞാമു, സി.വി ജോസി, സി.സി മനോജ്, കെ. സലീം, കെ.എന്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മലബാര്‍ പ്രദേശത്തെ ലക്ഷക്കണക്കിന് പ്രവാസികളുടെ ആശ്വാസമായ കാലിക്കറ്റ് എയര്‍പോര്‍ട്ടിനെതിരെയുള്ള എല്ലാ നീക്കത്തേയും ചെറുത്ത് തോല്‍പിക്കാന്‍ പദ്ധതികളൊരുക്കാനും  യോഗത്തില്‍ ധാരണയായി. 

Latest News