Sorry, you need to enable JavaScript to visit this website.

കോഴിക്കോട് എയർപോർട്ടിനെ തകർക്കരുത്

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് എയർപോർട്ടിൽ സംഭവിച്ച ദാരുണ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുഃഖത്തിൽ പങ്ക് ചേരുന്നു. ഉറ്റവരുടെ വേർപാടിൽ കേഴുന്ന കുടുബാംഗങ്ങളുടെ സമാധാനത്തിന് വേണ്ടി നമുക്ക്  പ്രാർത്ഥിക്കാം. ഏറെ അനുഭവ സമ്പത്തുള്ള ഒരു വിദഗ്ധനായ പൈലറ്റ്  ക്യാപ്റ്റൻ ദീപക് സാത്തേ  ആയിരുന്നു ആ വിമാനം പറത്തിയത്. അദ്ദേഹവും കോ പൈലറ്റ്  അഖിലേഷും 16 യാത്രക്കാരും അപകടത്തിൽ മരണപ്പെട്ടു. ഒഴിവാക്കുവാൻ സാധിക്കുമായിരുന്ന ഒരു അപകടമായിരുന്നു എന്നാണ് എന്റെ വിശ്വാസം.  വിമാനം ലാന്റിങ്ങിൽ ഓവർ ഷൂട്ട് ചെയ്തതിന് ശേഷം വീണ്ടും പറന്ന് ഉയരുവാൻ ശ്രമിച്ചതിന് തെളിവുകൾ സൂചിപ്പിക്കുന്നു എന്ന് പ്രാഥമിക പരിശോധന നടത്തിയ അധികൃതർ വെളിപ്പെടുത്തുന്നു. പൈലറ്റിന്റെ അമിത ആത്മവിശ്വാസമായിരിക്കാം ഒരു പക്ഷെ രണ്ടാം ശ്രമത്തിൽ പ്രതികൂല കാലാവസ്ഥയിൽ ലാന്റ് ചെയ്യുവാൻ പ്രേരിപ്പിച്ചത്.
ചെറിയ പിഴവ് വരുത്തുന്ന പൈലറ്റുകൾക്കെതിരെയും കടുത്ത നടപടി കൈക്കൊള്ളുന്ന എയർലൈൻസ് ആണ് നമ്മുടെ നാഷണൽ കാരിയർ ആയ എയർ ഇന്ത്യ. മുൻപ് കോഴിക്കോട് എയർപോർട്ടിൽ മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്തേക്ക് വിമാനം തിരിച്ച് വിട്ട പൈലറ്റിനെതിരെ നടപടി എടുത്തിട്ടുണ്ട് എയർ ഇന്ത്യ. 


പൈലറ്റിനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്തേക്കാൾ അടുത്ത ബംഗളുരുവിൽ എന്ത്‌കൊണ്ട് വിമാനം തിരിച്ചു വിട്ടില്ല എന്നതായിരുന്നു കാരണം. ലോകത്ത് അപകടം കുറഞ്ഞ സഞ്ചാര മേഖലകളിൽ ഒന്നാണ് ആകാശ യാത്ര. എന്നാൽ അപകടം സംഭവിച്ചാൽ അത് ദാരുണമായിരിക്കും. ആയതിനാലാണ് ഓരോ ചെറിയ പിഴവിനും പൈലറ്റുകൾക്ക് ശിക്ഷ ലഭിക്കുന്നത്. 
രാജ്യത്ത് 5 ടേബിൾ ടോപ്പ് വിമാനത്താവളങ്ങൾ ഉണ്ട്. എല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നു. പിന്നെ എന്തിനാണ് പൈലറ്റിന്റെ പിഴവിൽ സംഭവിച്ച ഒരു അപകടത്തിന്റെ പേരിൽ എയർപോർട്ടിനെ ആക്രമിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.  ടേബിൾ ടോപ്പാണ് എന്നു ചൂണ്ടിക്കാട്ടി, അതിന്റെ മറവിൽ എയർപോർട്ടിനെ പഴിചാരി തകർക്കുവാൻ നടത്തുന്ന ഗൂഢ ശ്രമം. സ്വകാര്യ എയർപോർട്ടുകളുടെ ലോബി ആണോ ഇതിന്റെ പുറകിൽ എന്നും സംശയിക്കേണ്ടതുണ്ട്. ഈ നീക്കത്തെ എതിർക്കപ്പെടേണ്ടതുണ്ട്. എന്ത് വില കൊടുത്തും എയർപോർട്ടിനെ സംരക്ഷിക്കേണ്ടത് നാടിനെ സ്‌നേഹിക്കുന്ന നമ്മൾ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവുമാണ്. 33 കൊല്ലത്തെ ചരിത്രത്തിൽ യാത്രക്കാർ മരിച്ച ആദ്യത്തെ സംഭവം. മുൻപ് ചെറിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മരണമോ പരിക്കോ സംഭവിച്ചിരുന്നില്ല. എയർക്രാഫ്റ്റിന് കേടുപാടുകൾ സംഭവിച്ചു എന്ന് മാത്രം. 


മംഗലാപുരം എയർപോർട്ട് ടേബിൾ ടോപ്പ് അല്ലേ. കരിപ്പൂരിനേക്കാളും നീളം കുറവാണ് അവിടത്തെ റൺവെ. 2010ൽ നടന്ന അതിദാരുണമായ അപകടത്തിന് ശേഷം എയർപോർട്ട് പ്രവർത്തനം നിർത്തിവെച്ചോ? അതിനെതിരെ പ്രചാരണം നടന്നോ? അപ്പോൾ മനസ്സിലാക്കാം ഈ ദുഷ്പ്രചാരണത്തിന്റെ പിന്നിലെ ലക്ഷ്യം. കേരളത്തിലെ 4 ജില്ലകളിലെ യാത്രക്കാർ ഉപയോഗപ്പെടുത്തുന്ന കലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് എന്ന ജനകീയ എയർപോർട്ടിന് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ട്. അവിടെ നിലവിൽ അത്യാധുനിക സൗകര്യം ആണ് ഒരുക്കിയിട്ടുള്ളത്. 2700 മീറ്റർ റൺവെ ഏത് പ്രതികൂല കാലാവസ്ഥയിലും വൈഡ് ബോഡി വിമാനങ്ങൾ അടക്കം ഓപ്പറേറ്റ്  ചെയ്യുവാനുള്ള ശക്തമായ റൺവെ ആണെന്ന് വിദഗ്ധർ വെളിപ്പെടുത്തുന്നു.


കൂടാതെ റിസ (റൺവെ എന്റ് സേഫ്റ്റി) 90 മീറ്റർ എന്നത് 250 മീറ്റർ ആയി നീളം വർദ്ധിപ്പിച്ചു. ഘർഷണ പരിശോധനക്ക് ഉള്ള യന്ത്രം( മഴയിൽ വിമാനം തെന്നുവാനുള്ള സാധ്യത പരിശോധിക്കുന്നതിന്) ഈ അടുത്ത കാലത്താണ് കോഴിക്കോടിന് സ്വന്തമായത്. പ്രതികൂല സാഹചര്യങ്ങളിൽ വിമാനം ലാന്റ് ചെയ്യുന്നതിന് സഹായിക്കുന്ന ഐ എൽ എസ് (ഇൻസ്ട്രുമെന്റൽ ലാന്റിങ്ങ് സിസ്റ്റം) രണ്ടെണ്ണം, രാത്രിയിൽ വിമാനം സുഗമമായി ഇറക്കുന്നതിനുള്ള സിംപിൾ ടച്ച് സോണൽ ലൈറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഉള്ള എയർപോർട്ടാണ് ഇന്നു കരിപ്പൂർ എന്ന് കൂടി ഓർക്കണം. പഴയ കരിപ്പൂർ എയർപോർട്ട് അല്ല നിലവിൽ എന്നത് എത്ര പേർക്ക് അറിയാം.


അതോടൊപ്പം എയർപോർട്ടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടുന്ന പരിശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. കോഴിക്കോട് എയർപോർട്ട് സുരക്ഷിതമായ താവളം എന്നതിൽ ഒരു സംശയത്തിനും പ്രസക്തിയില്ല. എങ്കിലും റൺവെയുടെ നീളം റിസ അടക്കം 3500 മീറ്റർ ആയി വർദ്ധിപ്പിച്ചാൽ ഭാവിയിൽ ഏത് തരം വിമാനങ്ങളുടെയും സുഗമമായ ഓപറേഷന് സഹായകരമായിരിക്കും എന്നും പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പ്രശ്‌നം സ്ഥലമാണ്. എന്തിന് 385 ഏക്കർ എയർപോർട്ട് അതോറിറ്റി ആവശ്യപ്പെടുന്നു. 
ഇപ്പോൾ എയർപോർട്ട് അതോറിറ്റിയുടെ വശം റൺവെ വികസിപ്പിക്കുവാൻ പാകത്തിൽ കുറച്ച് ഏക്കർ സ്ഥലം ഉണ്ട് എന്നാണ് അറിവ്. നൂറിനടുത്ത്  ഏക്കർ കിട്ടിയാൽ ആവശ്യത്തിന് റൺവെ വികസനം നടത്താം എന്നാണ് ഗവൺമെന്റ് ഇതര ഏജൻസി അവകാശപ്പെടുന്നത്. റൺവെ വികസനം മാത്രം പോരെ? അനുബന്ധമായ മറ്റു സൗകര്യങ്ങൾ കൂടി വേണം എന്നാണ് അതോറിറ്റിയുടെ വാദം. അതിനാണ് ഈ 385 ഏക്കർ എന്ന ഭീമൻ ആവശ്യം!


സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത് സംസ്ഥാന ഗവൺമെന്റാണ്.  ഒരു വിദഗ്ധ സമിതിയെ വെച്ച് റൺവെ വികസനത്തിന് മാത്രം സ്ഥലം ഏറ്റെടുത്ത് കൈമാറുവാനുള്ള നടപടിയുമായി സംസ്ഥാന ഗവൺമെന്റ് മുന്നോട്ട് വരണം. 3 വർഷത്തിനകം അത് പൂർത്തീകരിക്കണം. ഗവൺമെന്റിൽ നിന്നും നടപടി ഉണ്ടാകുവാൻ നിരന്തരം സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. മാത്രമല്ല ഇതിന് മുന്നോടിയായി ഗവൺമെന്റിന്റെ അനുമതിയോടെ ഒരു സ്വകാര്യ കമ്പനി സർവേ നടത്തുന്നത് നന്നായിരിക്കും എന്ന അഭിപ്രായം പ്രദേശ വാസികൾ പങ്ക് വെച്ചു. ഇത് അവരുടെ വിശ്വാസ്യത നേടുന്നതിന് സഹായകരമായിരിക്കും. റൺവെ വികസനത്തിന് മാത്രമായി ന്യായമായ വിലയ്ക്ക് സ്ഥലം വിട്ടു നൽകാൻ ഉടമകൾ തയ്യാറാകുമെന്ന്, അഡ്വ.അൻവർ സാദത്ത്, മുഹമ്മദലി എന്നിവർക്കൊപ്പം അപകട സൈറ്റ് സന്ദർശന വേളയിൽ പ്രദേശവാസികൾ സൂചിപ്പിക്കുകയും ചെയ്തു.

( കോഴിക്കോട്  എയർപോർട്ട്  യൂസേഴ്‌സ് ഫോറം, ദമാം കമ്മിറ്റി കൺവീനറാണ് ലേഖകൻ.)  

Latest News