Sorry, you need to enable JavaScript to visit this website.

സ്വാതന്ത്ര്യത്തിന്റെ മൂല്യം


ഇന്ന് രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം. ലോകത്തെ ഏറ്റവും വലിയതും ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ളതുമായ ഇന്ത്യ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ  വിലയും സവിശേഷതയും അത് കൈമോശം വന്നാൽ സംഭവിക്കുവാനിടയുള്ളത് എല്ലാം ഈ നിമിഷത്തിന്റെ വിഷയങ്ങളാണല്ലോ.
ബ്രിട്ടീഷുകാരെ തുരത്തിയാണ് സ്വാതന്ത്ര്യം വാങ്ങിച്ചതെന്നത് പരമ്പരാഗതമായ നമ്മുടെ ഒരു സങ്കൽപമാണ്. അത് ഒട്ടൊക്കെ ശരിയുമാണ്. എന്നാൽ ഒട്ടും പിടിച്ചുനിൽക്കാൻ സാധ്യമാവാത്തവണ്ണം ബ്രിട്ടന്റെ ഖജനാവ് കാലിയായത് കൊണ്ടും രണ്ടാം ലോകയുദ്ധത്തോടെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വന്ന ബലാബലങ്ങൾ കൊണ്ടുമൊക്കെയാണ് ബ്രിട്ടൻ ഇന്ത്യയെ കൈവിട്ടത്. ഇന്ത്യയിലേക്ക് കടന്നുവരുമ്പോൾ മുഗൾ സാമ്രാജ്യം ഉഗ്രപ്രതാപത്തിലായിരുന്നല്ലോ. അന്ന് ഇന്ത്യയുടെ ജി.ഡി.പി 25 ശതമാനമായിരുന്നു. അതായത്, ലോകത്തെ ഒന്നാം നമ്പർ. യൂണിയൻ ജാക്ക് പതാക താഴെയിറക്കുമ്പോൾ ഇന്ത്യയുടെ ജി.ഡി.പി സംപൂജ്യം! അതുകൊണ്ടാണ് 1948 ജൂണിൽ തരേണ്ട സ്വാതന്ത്ര്യം ഒരു വർഷം മുമ്പേ തന്ന് സ്ഥലം വിട്ടത്.


1950 ജനുവരി 26 വരേക്കും നമ്മൾ ബ്രിട്ടൻ നിയന്ത്രിക്കുന്ന രാഷ്ട്ര സംവിധാനത്തിന് ഉള്ളിൽ (കോമൺവെൽത്ത്) തന്നെയായിരുന്നു.  പരമാധികാര രാഷ്ട്രമാകുന്നത് ഭരണഘടന അംഗീകരിക്കുന്ന തിയ്യതി മുതലാണ്. ഭരണഘടന നിലവിൽ വന്നത് 1949 നവംബർ 26 നാണെങ്കിലും 1950 ജനുവരി 26 വരേ കാത്തിരിക്കുകയായിരുന്നു. 1929 ഡിസംബർ 31 ന്റെ അർദ്ധരാത്രി അവസാനിച്ച എ.ഐ.സി.സി സമ്മേളനം സുപ്രധാനമായ ഒരു തീരുമാനമെടുത്തിരുന്നു. ഇന്ത്യ സ്വതന്ത്ര രാജ്യമായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനം ആചരിക്കുക എന്നതായിരുന്നു ആ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി 26 പൂർണ്ണസ്വരാജ് ദിനമായി ദേശീയ പ്രസ്ഥാനം ആചരിച്ചുവന്നത്. അതാണ് ഭരണ ഘടന ഔദ്യോഗികമായി അംഗീകരിക്കാൻ ആ തിയ്യതിവരെ കാത്തിരുന്നത്.


രണ്ട് കാര്യമാണ് ഇവിടെ പ്രസക്തം. ഒന്ന്, സ്വാതന്ത്ര്യമെന്നത് പുറത്തുനിന്നും വന്ന് നമ്മെ കീഴ്‌പെടുത്തിയ  ശത്രുവിനോട് മാത്രമല്ല, എല്ലാത്തരം പാരതന്ത്ര്യങ്ങളിൽ നിന്നുമാണ്. രണ്ട്, ഒരു രാഷ്ട്രം സ്വതന്ത്രവും പരമാധികാര ഘടനയുള്ളതുമാവണമെങ്കിൽ സ്വാതന്ത്ര്യം മാത്രം പോര, ഭരണഘടനാ ദത്തവുമാകണം. അതിനാൽ, സ്വാതന്ത്ര്യമെന്നത് ഭരിക്കുന്നവരുടെ ദേശീയതയെക്കാൾ മനോഭാവമാണ്. അതോടൊപ്പം, തുല്യതയിലധിഷ്ഠിതമായ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്ന ഒരു വ്യവസ്ഥയുമാണ്. അതിനാൽത്തന്നെ സ്വാതന്ത്ര്യം പ്രകടവും സ്പർശവേദ്യവുമാകണമെന്നില്ല, അസ്പഷ്ടമായ ആശയവുമാവാമത്.


ഭരണഘടന രാഷ്ട്രനിർമ്മിതിയിൽ പരമ പ്രധാനമാണ്. പരമാധികാരം ഉണ്ടാവണമെങ്കിൽ രാഷ്ട്രത്തിന് സ്വന്തമായ ഭരണഘടന വേണം. അതിന് പ്രാപ്തനായ ഒരാളെയാണ് ബ്രിട്ടീഷ് പാർലമെന്റ് ചുമതലയേൽപ്പിച്ചത്. അതാണ് ഡോ. ബാബാ സാഹെബ് അംബേദ്കർ. അദ്ദേഹം ജന്മനാ തന്നെ അസ്വതന്ത്രനായിരുന്നു. ജനനം നീച രക്തത്തിലെന്ന വിശ്വാസം വെച്ചുപുലർത്തുന്ന ഒരു വ്യവസ്ഥിതിയിലാണ് ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഭരണഘടനാ നിർമ്മാണ സമിതിയിലേക്ക് കൊണ്ടുവന്നത് പലർക്കും അനിഷ്ടകരമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ ഏതെങ്കിലും നിയമനിർമ്മാണ സഭയിൽ അംഗം ആയവർക്കേ ഭരണഘടനാ സമിതിയിൽ അംഗമോ മറ്റെന്തെങ്കിലും പദവിയോ വഹിക്കാൻ പറ്റുമായിരുന്നുള്ളൂ. അതിന് വേണ്ടി ബോംബെ സ്‌റ്റേറ്റിൽ അദ്ദേഹം മത്സരിച്ചു.  പുറമ്പോക്കിൽനിന്നുള്ള ദളിത് വിഭാഗത്തിൽപെട്ട മഹാർ സമുദായത്തിൽപ്പെട്ട ഒരു വ്യക്തിയെ ജയിപ്പിക്കുന്നതിന് ബോംബെയുടെ രാഷ്ട്രീയ-സാമൂഹിക മനസ്സ് പാകപ്പെട്ടിരുന്നില്ല. അതിനാൽ തോറ്റു; ജയിച്ചത് ഒരു കോൺഗ്രസുകാരൻ!


പിന്നീടദ്ദേഹം മദ്രാസ് സ്‌റ്റേറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിച്ചു. ദ്രാവിഡ സ്വത്വ രാഷ്ട്രീയത്തിന് മേൽക്കൈ വരുന്നതിന് മുമ്പായിരുന്നു ഈ സംഭവം. അതിനാൽ അവിടെനിന്ന് ജയിപ്പിച്ചെടുക്കാനുള്ള ത്യാഗ സന്നദ്ധത അവരും കാണിച്ചില്ല. അവസാനം അദ്ദേഹത്തെ ജയിപ്പിച്ചെടുത്തത് ബംഗാൾ സംസ്ഥാനത്തിൽനിന്നാണ്. അതാവട്ടെ സർവ്വേന്ത്യാ മുസ്‌ലിം ലീഗിന്റെ പ്രവിശ്യ ആയിരുന്നു. അന്നത്തെ ലീഗിന്റെ പ്രസിഡന്റ് മുഹമ്മദലി ജിന്ന അംബേദ്ക്കറെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബംഗാൾ പ്രധാനമന്ത്രി എച്ച്.എസ് സുഹ്രവർദ്ധിക്ക് കത്തയച്ചു. ബംഗാളിലും അദ്ദേഹത്തെ തോൽപ്പിക്കാൻ ദേശീയ പ്രസ്ഥാനത്തിലെ സവർണ്ണ ലോബി തീരുമാനമെടുത്തിരുന്നു. അതിനായി കിരൺ ശങ്കർ റോയ് എന്ന അതികായനെ ചുമതലപ്പെടുത്തിയിരുന്നു. 'ഭരണഘടനാ നിർമ്മാണ സഭയുടെ വാതിലുകൾ മാത്രമല്ല ജനലുകൾ കൂടി കൊട്ടിയടക്കും. കാണട്ടെ എങ്ങനെയാണ് അംബേദ്കർ ഭരണഘടനാ സഭയിൽ വരുന്നത്.'  ഇതായിരുന്നു നിലപാട്. എന്നാൽ ബംഗാളിൽനിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് കരട് കമ്മിറ്റിയുടെ ചെയർമാനാവാൻ അംബേദ്കർക്ക് അവസരമുണ്ടായത്.


പിന്നീട് രാഷ്ട്രം വിഭജിക്കപ്പെട്ടപ്പോൾ അംബേദ്കർ വിജയിച്ച ബംഗാളിലെ മണ്ഡലം പാക്കിസ്ഥാന് വിട്ടുകൊടുക്കണമെന്ന് തീരുമാനിക്കുകയാണ്. അംബേദ്കർ ജയിച്ചത് ഹിന്ദുക്കൾക്ക് അൽപം മുൻതൂക്കമുള്ള മണ്ഡലത്തിൽനിന്നാണ്. സ്വാഭാവികമായും ആ മണ്ഡലം ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ ഭാഗമാണ്. എന്നാൽ അംബേദ്ക്കറെ ഒഴിവാക്കാൻ വേണ്ടി ആ പ്രദേശം പാക്കിസ്ഥാന് വിട്ടുകൊടുക്കുന്ന നിലപാടാണ് ദേശീയ നേതൃത്വത്തിലെ ചിലർ എടുത്തത്. ഇതിനെതിരെ ബ്രിട്ടൻ പാർലമെന്റിനെ സമീപിക്കുകയും ബ്രിട്ടൻ നേരിട്ട് ഇടപെടുകയുമുണ്ടായി.
നമുക്ക് സ്വാതന്ത്ര്യം വേണം. അത് ഓഗസ്റ്റ് പതിനഞ്ചിലേക്ക് ചുരുക്കരുത്. അംബേദ്കർ എല്ലാമുണ്ടാക്കിവെച്ചിട്ട് പറഞ്ഞു. ഈ എഴുതപ്പെട്ട ഭരണഘടന ഇന്ത്യക്ക് സ്വാതന്ത്ര്യമോ ജനാധിപത്യമോ തരില്ല. അത് ലഭിക്കണമെങ്കിൽ നാം രാഷ്ട്രീയമായി മാത്രം സ്വതന്ത്രരായാൽ പോരാ. ഒപ്പം സാമൂഹികമായും സാമ്പത്തികമായും സ്വതന്ത്രരാവണം. ഇന്ത്യ സാമൂഹിക സ്വാതന്ത്ര്യത്തിന്റെ വെല്ലുവിളി ഇതുവരെ ഏറ്റെടുത്തിട്ടില്ല. അധഃസ്ഥിതൻ എന്നും താഴ്ന്നവൻ തന്നെ.


സാമ്പത്തിക രംഗത്ത് ഇതുതന്നെയാണാവസ്ഥ. ദേശീയ നേതാക്കളുടെ ദീർഘദൃഷ്ടി കാരണം സംപൂജ്യമായി തകർന്ന സമ്പദ് രംഗം പിച്ചവെച്ചുവരികയും അശരണർക്ക് വേണ്ടിയുള്ള പദ്ധതികൾ കൊണ്ടുവരികയും ചെയ്തു. അധികം വൈകാതെ തന്നെ അത്തരം നീക്കങ്ങളൊക്കെ നിലച്ചു. രാഷ്ട്രത്തിന്റെ പുരോഗതി കണക്കുകളിൽ മാത്രമായി പരിണമിച്ചു. ഇന്ന് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നൻ മുകേഷ് അംബാനിയാണ്. ആധുനിക ലോക ചരിത്രത്തിലാദ്യമാണ് ഒരിന്ത്യക്കാരൻ ലോക സമ്പന്നരുടെ മുൻ സീറ്റിലിടം പിടിക്കുന്നത്. എന്നാൽ അഭിമാനിക്കാൻ വകനൽകുന്ന വാർത്തയല്ലിത്. കാരണം, ഒരു ഡസൻ സമ്പന്നരുടെ കയ്യിലാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ തൊണ്ണൂറ് ശതമാനവും.


ഗാന്ധിജി ഇന്ത്യക്കൊരു ഗ്രാമസ്വരാജ് സങ്കൽപ്പം മുന്നോട്ട് വെച്ചിരുന്നു. അതിൽ സമ്പന്നരില്ലായിരുന്നു, ദരിദ്രരും. ഗാന്ധിജിയുടെ ദേശീയതയും അതായിരുന്നു. ലോകത്തിന് മുമ്പിൽ വഴികാട്ടിയായി ഒരു രാഷ്ട്രം വിഭാവനം ചെയ്ത ആ കൃശഗാത്രന്റെ സ്വപ്‌നങ്ങൾ ഇനിയും യാഥാർഥ്യമാവേണ്ടിയിരിക്കുന്നു. 
വിമോചനത്തിന്റെ മഹാസ്വാതന്ത്ര്യമാണ്, മനുഷ്യത്വത്തിന്റെ മഹാവസന്തമാണ് ഗാന്ധിജിയുടെ സ്വാതന്ത്ര്യം. നമുക്കത് പൂർണ്ണാർത്ഥത്തിൽ ലഭ്യമായിട്ടേയില്ല. എന്നാൽ, അൽപമാത്രമായ രാഷ്ട്രീയ സ്വാതന്ത്ര്യമെങ്കിലും നാം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരുമാണ്. ഉറക്കമുണരുമ്പോൾ നഷ്ടമാകുന്ന മൂല്യത്തിന്റെ പേരാണ് സ്വാതന്ത്ര്യം. അത് കാത്തുസൂക്ഷിക്കാൻ നാം സദാ ജാഗരൂകരാകണം.

Latest News