Sorry, you need to enable JavaScript to visit this website.

ശീഷ് മഹൽ...  ഐ.പി.എല്ലിന്റെ മുൻഗാമി

എം.എസ് ധോണിയെ പോലെ നിരവധി കളിക്കാർ ഇപ്പോഴും നന്ദിയോടെ പഴയ ടൂർണമെന്റിനെ ഓർക്കുന്നുണ്ടാവും. മുപ്പത്തൊമ്പതുകാരനായ ധോണിയെക്കുറിച്ച് ഇന്ന് ആർക്കും മുഖവുര ആവശ്യമില്ല. എന്നാൽ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ പതിനെട്ടാം വയസ്സിൽ ആദ്യം ദേശീയ ശ്രദ്ധയിലേക്കു വന്നത് ശീഷ് മഹൽ ട്രോഫിയിലൂടെയാണ്.

ഐ.പി.എൽ ലോക ക്രിക്കറ്റിന്റെയും ക്രിക്കറ്റർമാരുടെയും തലവര തിരുത്തും മുമ്പ് ഇന്ത്യയിലെ മുൻനിര കളിക്കാർ സംഗമിച്ച ഒരു പ്രാദേശിക ടൂർണമെന്റുണ്ടായിരുന്നു-ശീഷ് മഹൽ ട്രോഫി. ലഖ്‌നൗയിലായിരുന്നു ടൂർണമെന്റ് അരങ്ങേറിയിരുന്നത്. 59 വർഷത്തോളം നടന്ന ആ ടൂർണമെന്റ് 2010 ൽ നിലച്ചു. ഐ.പി.എൽ ലോകത്തെങ്ങുമുള്ള ക്രിക്കറ്റർമാരെ പണവും പ്രശസ്തിയും കാട്ടി ആകർഷിക്കാൻ തുടങ്ങി രണ്ടു വർഷത്തിനുശേഷം. പക്ഷെ എം.എസ് ധോണിയെ പോലെ നിരവധി കളിക്കാർ ഇപ്പോഴും നന്ദിയോടെ പഴയ ടൂർണമെന്റിനെ ഓർക്കുന്നുണ്ടാവും. മുപ്പത്തൊമ്പതുകാരനായ ധോണിയെക്കുറിച്ച് ഇന്ന് ആർക്കും മുഖവുര ആവശ്യമില്ല. രണ്ട് ലോകകപ്പ് വിജയത്തിലേക്ക് ധോണി ഇന്ത്യയെ നയിച്ചു. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന കളിക്കാരിലൊരാളാണ്. സമ്പന്നപ്പട്ടികയിൽ ഏറെക്കാലം ഒന്നാമനായിരുന്നു. എന്നാൽ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ പതിനെട്ടാം വയസ്സിൽ ആദ്യം ദേശീയ ശ്രദ്ധയിലേക്കു വന്നത് ശീഷ് മഹൽ ട്രോഫിയിലൂടെയാണ്. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിനു വേണ്ടി ധോണി നേടിയത് വെടിക്കെട്ട് അർധ ശതകമായിരുന്നു. 
ശീഷ് മഹൽ ട്രോഫിയിൽ മത്സരങ്ങൾ ആരംഭിച്ചത് പുലർച്ചെ ആറിനായിരുന്നു. കാരണം 45 ഡിഗ്രിയോളമെത്തുന്ന ചൂടായിരിക്കും ആ സമയത്ത് ലഖ്‌നൗവിൽ. ടൂർണമെന്റിന്റെ പ്രതാപകാലത്ത് നിരവധി കോർപറേറ്റ് ടീമുകൾ വാശിയോടെ പങ്കെടുത്തിരുന്നു. മുൻ ഇന്ത്യൻ നായകന്മാരായ മൻസൂർ അലി ഖാൻ പട്ടോഡിയും കപിൽദേവും ബിഷൻ സിംഗ് ബേദിയുമൊക്കെ ശീഷ് മഹലിൽ വിവിധ കോർപറേറ്റ് ടീമുകളുടെ ജഴ്‌സിയിട്ടിരുന്നു.  
നവാബുമാരുടെ നഗരത്തിൽ 1951 ലാണ് ശീഷ് മഹൽ ട്രോഫി ആരംഭിച്ചത്. എം. അസ്‌കരി ഹസൻ എന്ന ധനികന്റെ ചിന്തയിൽ പിറന്ന ആശയമായിരുന്നു അത്. കളിക്കുന്ന കാലത്ത് ഓൾറൗണ്ടറായിരുന്ന അസ്‌കരി ഹസൻ പിന്നീട് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിൽ നിരവധി പദവികൾ വഹിച്ചു. ദിദ്വിന, ത്രിദിന മത്സരങ്ങളായാണ് ടൂർണമെന്റ് നടന്നിരുന്നത്. പിന്നീട് അത് അമ്പതോവർ മത്സരങ്ങളായി. എഴുപതുകളിൽ കെറി പാക്കർ പടർത്തിയ നിശ്ചിത ഓവർ ഭ്രമത്തിൽ ശീഷ് മഹലും ആ വഴി സ്വീകരിച്ചു. പത്തു വർഷം മുമ്പ് തിരശ്ശീല വീഴുമ്പോൾ ടൂർണമെന്റ് ട്വന്റി20 ആയിരുന്നു. 


ടൂർണമെന്റിൽ പങ്കെടുക്കാൻ യു.എ.ഇയിൽ നിന്ന് പോലും ടീമുകളെത്തിയിരുന്നു. കളിയോടുള്ള സ്‌നേഹം മാത്രമായിരുന്നു കൈമുതൽ. സമ്മാനത്തുക എന്നു പറയാൻ ഒന്നുമില്ലായിരുന്നു. എന്നാൽശീഷ് മഹലിലെ മികച്ച പ്രകടനം ദേശീയമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവ കളിക്കാർക്ക് അത് ഇന്ത്യൻ ടീമിലേക്കുള്ള വഴിയായി മാറിയിരുന്നു. 
ടെസ്റ്റ് കളിക്കുന്നവർക്കു പോലും ടൂർണമെന്റിൽനിന്ന് പ്രതിഫലം കിട്ടിയിരുന്നില്ലെന്നും ക്ലബ്ബുകൾ നൽകുന്ന യാത്രാ കൂലിയും ഹോട്ടൽ അലവൻസും മാത്രമായിരുന്നു ആശ്വാസമെന്നും ഉത്തർപ്രദേശിന്റെ ക്രിക്കറ്റ് താരം അശോക് ബാംബി പറയുന്നു. 28 വർഷത്തോളം ബാംബി ശീഷ് മഹലിൽ കളിച്ചിരുന്നു. കളിക്കാണ് അന്ന് പ്രാധാന്യം, അതായിരുന്നു കാലം. തന്റെ ജന്മനഗരമായ അമൃത്‌സറിലെ ഒരു ടീമിനു വേണ്ടി അഞ്ചു വർഷത്തോളം ബിഷൻ സിംഗ് ബേദി ശീഷ് മഹലിൽ കളിച്ചു. അക്കാലത്ത് താൻ അധികമറിയപ്പെട്ടിരുന്നില്ലെന്നും ടൂർണമെന്റ് തനിക്ക് കഴിവ് തെളിയിക്കാൻ അവസരമായെന്നും ബേദി ഓർമിക്കുന്നു. നല്ല ക്രിക്കറ്റ് കളിക്കാൻ പറ്റിയ അന്തരീക്ഷമായിരുന്നു ടൂർണമെന്റിൽ. പിഴവില്ലാത്ത ക്രിക്കറ്റ് -ബേദി പറഞ്ഞു. 
1969 ൽ രാജ്‌കോട്ടിൽ നിന്നു വന്ന ഒരു ടീമിലാണ് അശോക് മങ്കാദും ഏക്‌നാഥ് സോൾക്കറും കഴിവ് തെളിയിച്ചത്. ഇരുവർക്കും ഉടൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ചുവെന്ന് ബാംബി ഓർമിക്കുന്നു. നവജോത് സിംഗ് സിദ്ദു രണ്ടാം തവണ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതിനും കാരണം ശീഷ് മഹൽ ട്രോഫി തന്നെ. വ്യവസായി സുബ്രതൊ റോയ് രൂപം കൊടുത്ത ടീമിലായിരുന്നു സിദ്ദു കളിച്ചിരുന്നത്. ടൂർണമെന്റിൽ രണ്ട് സെഞ്ചുറിയടിച്ചതോടെ സിദ്ദു ദേശീയ ടീമിൽ തിരിച്ചെത്തി. വീരേന്ദർ സെവാഗും സുബ്രതൊ റോയിയുടെ ടീമിൽ കളിച്ചിരുന്നു, 17 വയസ്സുള്ളപ്പോൾ. അക്കാലത്ത് അത്യുഷ്ണത്തിൽ ടൂർണമെന്റുകൾ ഇല്ലായിരുന്നുവെന്നും കിട്ടിയ അവസരങ്ങളെല്ലാം കളിക്കാർ ഉപയോഗിച്ചിരുന്നുവെന്നും സെവാഗ് പറയുന്നു. കൊടും വേനൽക്കാലത്തെ അപൂർവം ടൂർണമെന്റുകളിലൊന്നായിരുന്നു ശീഷ് മഹൽ. 
രമൺ ലാംബ, മനോജ് പ്രഭാകർ, എം.എൽ ജയസിംഹ, ഫറൂഖ് എഞ്ചിനിയർ, സലീം ദുറാനി തുടങ്ങിയ ഇന്ത്യൻ ടെസ്റ്റ് കളിക്കാരും യുവത്വത്തിൽ ശീഷ് മഹലിൽ കഴിവ് തെളിയിച്ചിരുന്നു. 
ട്വന്റി20 ടൂർണമെന്റുകൾ പണം കായ്ക്കുന്ന മരങ്ങളാവുന്നതു വരെ അസ്‌കരി ഹസൻ തന്റെ ശീഷ് മഹൽ ടൂർണമെന്റ് നിലനിർത്തി. എന്നാൽ പിടിച്ചുനിൽക്കുക പ്രയാസമായിരുന്നു. 2002 മുതൽ 2004 വരെ ടൂർണമെന്റ് നടത്താനായില്ല. 2007 ൽ അസ്‌കരി ഹസൻ മരണപ്പെട്ടു. അപ്പോഴേക്കും ക്ലബ് ക്രിക്കറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റിന് വഴി മാറി. ഇന്ത്യയിലെ മികച്ച ടൂർണമെന്റുകളിലൊന്നായിരുന്നു ശീഷ് മഹൽ എന്ന് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബഖർ ഇമാം പറയുന്നു. ‘എന്നാൽ അത് അസ്‌കരിയുടെ വൺ മാൻ ഷോ ആയിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ മരണത്തോടെ ടൂർണമെന്റും മൃതിയടഞ്ഞു'.

Latest News