മനോഹര സിനിമ; കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ്മ

മുംബൈ-മലയാളത്തിലെ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മ. 'മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്' എന്നാണ് അനുഷ്‌ക്ക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍ മധു സി. നാരായണനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ 'ചെരാതുകള്‍ തോറും' എന്ന ഗാനം മാസ്റ്റര്‍ പീസാണെന്ന് ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിങ് പറഞ്ഞിരുന്നു. ഗാനം ആലപിച്ച സിതാര ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. 'ചെരാതുകള്‍ കൊണ്ടു വരുന്ന സന്തോഷം' എന്നാണ് സിത്താര കുറിച്ചത്.
ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. ഒരു തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരന്‍മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമാ നിര്‍മാണ കമ്പനിയായ 'വര്‍ക്കിങ്ങ് ക്ലാസ് ഹീറോ'യും 'ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്' എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'നിര്‍മ്മിച്ചത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹെലന്‍, കപ്പേള അടക്കമുള്ള സിനിമകള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.
 

Latest News