Sorry, you need to enable JavaScript to visit this website.

മലപ്പുറത്തിന്റെ മഹിത മാതൃക 

ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാകൂലാ... ന്റത് റെഡ്യായില്ല, അയ്‌നിപ്പോ കൊയപ്യൂല്യാ..
മോട്ടിവേഷൻ എന്താണെന്ന് പോലും അറിയാൻ പ്രായമാകാത്ത നാലാം ക്ലാസിൽ പഠിക്കുന്ന മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്വദേശി ഫായിസിന്റെ ഈ വാക്കുകൾ ലോകം ഏറ്റെടുത്ത് ആഘോഷിക്കുന്നതിനിടെയാണ് ഏവരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കരിപ്പൂരിൽ പറന്നിറങ്ങിയ എയർ ഇന്ത്യാ എക്‌സ്പ്രസ് അപകടത്തിൽ പെട്ടത്.  
ആകാശത്തായാലും ഭൂമിയിലായാലും കടലിലായാലും അപകടം സംഭവിച്ചാൽ നൂറായിരം അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. കുരുടൻ ആനയെ തപ്പിയത് പോലെയുള്ള, തനിക്ക് തോന്നുന്ന അഭിപ്രായങ്ങളാണ് പലരും തട്ടിവിടുക. 


ആധുനിക സോഷ്യൽ മീഡിയ കാലത്ത് തെറ്റോ ശരിയോ എന്ന് വേർതിരിക്കാൻ പോലും സമയം കിട്ടും മുമ്പേ ഇത്തരം അഭിപ്രായങ്ങൾ ലോകം ചുറ്റി തിരിച്ചു വന്നിട്ടുണ്ടാവും. ഏതൊരപകടത്തിന്റേയും ഒരു വശം ഇതാണെന്നിരിക്കേ മറുവശം സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും സഹായത്തിന്റേയും സഹാനുഭൂതിയുടേയും മനസ്സാണ്. ആ മനസ്സാണ് കരിപ്പൂർ വിമാനപകട സമയത്ത് മലപ്പുറത്ത് വിശിഷ്യാ കൊണ്ടോട്ടിയിൽ കണ്ടത്. 
ലോകം ഒന്നടങ്കം ചർച്ച ചെയ്ത വിഷയമായിരുന്നു അപകടത്തിന് ശേഷം കൊണ്ടോട്ടിയിലെ ജനങ്ങൾ കാണിച്ച കൈമെയ് മറന്നുള്ള രക്ഷാ പ്രവർത്തനം. 
വലിയൊരു ശബ്ദം കേട്ടതും വിമാനം അപകടത്തിൽ പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞതും രാത്രിയെന്നോ മഴയെന്നോ കൊറോണക്കാലമെന്നോ  വകവെക്കാതെ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി കിട്ടാവുന്ന വാഹനങ്ങളിലെല്ലാം പരിക്ക് പറ്റിയവരെ വാരിയെടുത്ത് ആശുപത്രികളിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ പ്രയത്‌നിച്ചവർ ആ സമയം എല്ലാം മറക്കുകയായിരുന്നു. അവരുടെ മുന്നിൽ ആ സമയം രക്ഷക്കായി കേഴുന്ന മനുഷ്യർ മാത്രമാണുണ്ടായിരുന്നത്. ജാതിക്കോ മതത്തിനോ രാഷ്ട്രീയത്തിനോ കൊറോണക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അതാണല്ലോ മലപ്പുറത്തിന്റെ പ്രത്യേകതയും. 


പക്ഷേ ഈ പ്രത്യേകത ഇന്നും പുറംലോകം മനസ്സിലാക്കിയിട്ടില്ല എന്നതാണ് വസ്തുത. അല്ലെങ്കിൽ മലപ്പുറം ജില്ലയെ കുറിച്ച് പുറത്തുള്ളവർക്ക് നെഗറ്റീവ് വിവരങ്ങൾ മാത്രമാണ് പകർന്നു കൊടുക്കുന്നത് എന്ന് വേണമെങ്കിലും പറയാം. 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒട്ടേറെ ജീവനുകൾ ബലിയർപ്പിച്ച നാടാണ് മലപ്പുറം. ആ ചരിത്രം പോലും വികലമാക്കിയാണ് പുറംലോകത്തെത്തുന്നത്. അതുകൊണ്ടാണ്  മലപ്പുറത്തെ വർഗീയമായും ഭീകരമായും പുറംലോകം വീക്ഷിക്കുന്നത്.
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് പഴമൊഴി. എന്നാൽ ഒരു മലബാറുകാരനും കൊല്ലത്ത് പോയി സ്ഥിരതാമസമാക്കിയിട്ടില്ല. അതേ സമയം ജോലിയാവശ്യാർഥം തെക്കു നിന്ന് മലബാറിൽ വിശിഷ്യാ മലപ്പുറത്ത് വരുന്ന ഉദ്യോഗസ്ഥർ - അതിൽ കൂടുതലും അധ്യാപകരാണ് - 10 സെന്റ് ഭൂമി വാങ്ങി വീട് വെച്ച് ശിഷ്ടജീവിതം മലപ്പുറത്തുകാരായി ജീവിക്കുന്നത് നമ്മുടെ മുന്നിലുള്ള കാഴ്ചയാണ്. മലപ്പുറത്തുകാർ വിവരമില്ലാത്തവരാണ് എന്നൊരു പഴി പണ്ടേ കേട്ടു തുടങ്ങിയതാണ്. അതുപോലെ തന്നെ മലപ്പുറം ഭാഷയെ കളിയാക്കലും. 


വിദ്യാലയങ്ങളിൽ നിന്നും പഠിക്കുന്ന ഭാഷകൾക്കപ്പുറം മുലപ്പാലിന്റെ മാധുര്യം നുകർന്നു തന്ന മാതാവ് പഠിപ്പിച്ചു തന്ന ഭാഷയാവണം ഓരോരുത്തരുടേയും മാതൃഭാഷ. അങ്ങനെ വരുമ്പോൾ പജ്ജ്, നെജ്ജ് , കുജ്ജ് തുടങ്ങിയവയെല്ലാം മലപ്പുറത്തിന്റെ തനത് ഗ്രാമ്യഭാഷയിൽ പെട്ടതാണ്. 
എന്നാൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ കേൾക്കുന്നവൻ മനസ്സിലാകാത്ത രൂപത്തിൽ കളിയാക്കി ചിരിക്കുമ്പോൾ അപകർഷതാബോധം തോന്നി ശുദ്ധമലയാളത്തിലേക്ക് മാറുമ്പോൾ സ്വന്തം അമ്മയെ തന്നെയാണ് തള്ളി മാറ്റുന്നത് എന്ന് ചിന്തിക്കാറില്ല. അത്തരം മാറ്റം ഉൾക്കൊള്ളുന്നവരാണ് പിന്നീട് മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്നതും വൃദ്ധസദനങ്ങളിലേക്ക് തള്ളുന്നതും എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. 


ഇവിടെയാണ് വെറും നാലാം ക്ലാസുകാരന്റെ വാക്കുകൾ പ്രസക്തമാകുന്നത് . ഫായിസ് സംസാരിച്ചത് അവന്റെ മാതൃഭാഷയിലാണ്. അവൻ പറഞ്ഞ വാക്കുകളിലെ സാരാംശം ഉൾക്കൊള്ളാൻ അതിലെ പദങ്ങൾ ആർക്കും തടസ്സമായില്ല.  തന്നെയുമല്ല, അതിനെ ശുദ്ധ മലയാളത്തിലേക്ക് മാറ്റാതെ അതേപടി എല്ലാവരും അനുകരിക്കുകയായിരുന്നു. 
അപ്പോൾ ഇതുവരെ മലപ്പുറം ഭാഷ മോശമാണ് എന്ന് ചിന്തിച്ച് നാലാൾ കൂടുന്നിടത്ത് പറയാൻ മടിച്ച് ചിലപ്പോൾ സംസാരിക്കാൻ പോലും തയാറാവാതെ മൗനികളായവർക്ക് ഇതിൽ ഒരുപാട് പാഠങ്ങൾ ഉണ്ട്. 
അതിൽ പ്രധാനം നമ്മൾ ആരാണെന്ന് നമ്മൾ തിരിച്ചറിയണം എന്നുള്ളതാണ്. നമ്മുടെ മാതൃഭാഷ തന്നെയാവണം നമുക്ക് വലുത്. ഓരോ ജില്ലക്കാർക്കും ഓരോ ഭാഷയുണ്ട്. അതുപോലെ തന്നെ സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കു തന്നെയും വ്യത്യസ്ത തരത്തിലുള്ള സംസാര ഭാഷകളുണ്ട്. അവർക്കൊന്നുമില്ലാത്ത ഒരു അപകർഷതാബോധം ഭാഷയുടെ കാര്യത്തിൽ മലപ്പുറത്തുകാർ വെച്ചു പുലർത്തുന്നുണ്ടെങ്കിൽ അത് അവരുടെ പോരായ്മയാണ്. അല്ലെങ്കിൽ മലപ്പുറത്തിന്റെ മഹിമ തിരിച്ചറിയാത്ത മലപ്പുറത്തുകാരാണവർ. 


എന്നാൽ മലപ്പുറത്തിന്റെ സ്‌നേഹം നുകർന്ന ആരും തന്നെ മലപ്പുറം വിട്ടു പോയിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മലപ്പുറത്തെ കുറിച്ച് പേർത്തും പേർത്തും പറയേണ്ടവർ അവരാണ്. 
മലപ്പുറത്തുകാർ നൽകിയ സ്‌നേഹത്തെ കുറിച്ച്, കാരുണ്യത്തെ കുറിച്ച് , സുരക്ഷയെ കുറിച്ച്, സഹവർത്തിത്വത്തെ കുറിച്ച്, സഹാനുഭൂതിയെ കുറിച്ച് എല്ലാത്തിലുമുപരി സാഹോദര്യത്തെ കുറിച്ച് പറയേണ്ടവർ അത് അനുഭവിച്ചതിന് ശേഷം ജീവിക്കാനായി മലപ്പുറം തെരഞ്ഞെടുത്ത ഇതര ജില്ലക്കാരും ഇതര സംസ്ഥാനക്കാരുമാണ്. അതുകൊണ്ട് നമുക്ക് കുറച്ച് ഒതുങ്ങി നിൽക്കാം. മലപ്പുറത്തെ കുറിച്ചും മലപ്പുറത്തിന്റെ മഹിമയെ കുറിച്ചും അവർ പറയുന്നത് കേൾക്കാൻ കാതോർക്കാം. ഇനിയുള്ള കാലമെങ്കിലും തിന്മകൾക്ക് പകരം മലപ്പുറത്തിന്റെ നന്മകൾ പ്രചരിക്കട്ടെ. അതുവഴി സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഈറ്റില്ലമായ മലപ്പുറത്തെ ലോകം അറിയട്ടെ. ഭൂമിശാസ്ത്രത്തിൽ അങ്ങനെ പുതിയൊരു സ്‌നേഹചരിത്രം പിറവിയെടുക്കട്ടെ.

Latest News