Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

മക്കളാരാകണം...

എനിക്കുണ്ടൊരു ലോകം. മക്കൾക്ക് ഉണ്ടൊരു ലോകം. നമുക്കില്ലൊരു ലോകം എന്നതാണ് പ്രശ്‌നം. മാതാപിതാക്കളുടേയും മക്കളുടേയും ലോകങ്ങൾ ഒന്നായാൽ ഭാഗ്യമായി. രക്ഷിതാക്കൾക്ക് ടെൻഷനില്ല. മക്കൾ അവരുടെ സ്വപ്‌നസാഫല്യത്തിന് പഠിക്കും. കുട്ടികളുടെ അഭിരുചിയാണ് പ്രധാനം.

മക്കൾ മുതിർന്നുവരുമ്പോൾ രക്ഷിതാക്കളുമായി പലപ്പോഴും ആഗ്രഹങ്ങൾക്ക് മേൽ രക്ഷിതാക്കളുടെ സ്വപ്‌നങ്ങൾ വന്നുകൂടുമ്പോഴാണ് സംഘർഷം രൂപപ്പെടുന്നത്. മക്കൾ അവരുടെ ഇഷ്ടത്തിനുള്ള കോഴ്‌സിനെപ്പറ്റി ആലോചിക്കുന്നു. ഇതിനോട് സന്ധിചെയ്യാതെ രക്ഷിതാക്കൾ അവരുടെ താൽപര്യം അടിച്ചേൽപിക്കുന്നു.  
ഏറ്റവും പുതിയ സിവിൽ സർവീസ് ഫലം ശ്രദ്ധിച്ചുനോക്കുക. ഡോക്ടർ, എൻജിനീയർ എന്നിവയോടുള്ള ആഭിമുഖ്യം കുറഞ്ഞ് കുട്ടികൾ സിവിൽ സർവീസിലേക്ക് മാറിയിരിക്കുന്നു. സയൻസ് പഠിച്ച് ഡിഗ്രിക്ക് ഹ്യുമാനിറ്റീസിനോ ലാംഗ്വേജുകളിലൊന്നിനോ ചേരുന്നവരുടെ എണ്ണം മുമ്പെങ്ങുമില്ലാത്തവിധം പെരുത്തിരിക്കുന്നു. ബി.ടെക്കും ബി.എസ്‌സിയും പഠിച്ച് ശാസ്ത്രപഠനം നിർത്തുന്നവരും ധാരാളമുണ്ട്. സാമൂഹിക ശാസ്ത്ര വിഷയങ്ങളിലൊന്നിന് ഡിഗ്രിക്ക് പഠിച്ച് മതിയാക്കുന്നവരുമുണ്ട്. സ്വാഭാവികമായും വഴിമാറുന്ന ഇത്തരം കുട്ടികളും രക്ഷിതാക്കളും തമ്മിൽ സ്വരച്ചേർച്ചയും സംഘർഷവും ഉണ്ടായിച്ചേരാനുള്ള സാധ്യത ഏറുന്നു. എമ്പാടുമായി വരുന്ന ഈ സംഘർഷവും ആശങ്കയും ഉയർത്തുന്ന ചോദ്യമിതാണ്: മക്കളാരായിത്തീരണമെന്നത് ആരാണ് തീരുമാനിക്കേണ്ടത്? മക്കളോ രക്ഷിതാക്കളോ?
നമ്മുടെ നാട്ടിൽ മക്കളാരായിത്തീരണമെന്ന് തീരുമാനിക്കുന്നത് പലപ്പോഴും രക്ഷിതാക്കളാണ്. അല്ലെങ്കിൽ അധ്യാപകർ. കുട്ടികളുടെ വിധിയെന്തായിത്തീരണമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്നു. ഒരാൾ ആരായിത്തീരണമെന്ന് തീരുമാനിക്കേണ്ടത് ആരാണ്? ആ വ്യക്തിയോ മറ്റുള്ളവരോ? രക്ഷിതാക്കളിൽ പലരും ഒരു കുട്ടി തന്റെ അഭിരുചിക്കിണങ്ങിയ വിഷയം പഠിക്കാനോ തൊഴിൽ നേടിയെടുക്കാനോ അനുവദിക്കുന്നില്ല. സ്‌കൂളിൽവെച്ചു തന്നെ അവർ കുട്ടിയെ സമ്മർദം ചെലുത്തുന്നു. ചിലപ്പോൾ ശിക്ഷിക്കുകയോ കോപിക്കുയോ ചെയ്യുന്നു. രക്ഷിതാക്കൾക്ക് അവരുടേതായ ന്യായമുണ്ട്. നല്ലൊരു ജോലി കിട്ടാനിടയുള്ള കോഴ്‌സിനല്ലേ പഠിക്കേണ്ടത്? മക്കൾക്ക് ജീവിതത്തിൽ മെച്ചപ്പെട്ട പദവിയും അംഗീകാരവും കിട്ടാൻ മാത്രമല്ലേ ഞങ്ങളും ആഗ്രഹിക്കുന്നത്? മക്കളിൽനിന്ന് നാളെ സാമ്പത്തികമായ സഹായങ്ങളൊന്നും വേണ്ടെന്നു പറയുന്ന രക്ഷിതാക്കളും നല്ല വേതനം ലഭിക്കുന്ന ജോലി മകനോ മകൾക്കോ ലഭിക്കണമെന്നാശിക്കുന്നുണ്ട്. 
എനിക്കുണ്ടൊരു ലോകം. മക്കൾക്ക് ഉണ്ടൊരു ലോകം. നമുക്കില്ലൊരു ലോകം' എന്നതാണ് പ്രശ്‌നം. മാതാപിതാക്കളുടേയും മക്കളുടേയും ലോകങ്ങൾ ഒന്നായാൽ ഭാഗ്യമായി. രക്ഷിതാക്കൾക്ക് ടെൻഷനില്ല. മക്കൾ അവരുടെ സ്വപ്‌നസാഫല്യത്തിന് പഠിക്കും. കുട്ടികളുടെ അഭിരുചിയാണ് പ്രധാനം. കുടുംബാന്തരീക്ഷം കുട്ടിയുടെ അഭിരുചി രൂപീകരണത്തിൽ ഏറെ സ്വാധീനിക്കുന്നു. ചെറുപ്പത്തിലേ സയൻസ് വിഷയങ്ങളിൽ താൽപര്യമുണർത്തുന്നു, സയൻസിന്റെ മായാജാല കഥകൾ പറഞ്ഞുകൊടുക്കുന്നു. കൂടുതൽ പരിശീലനം നൽകുന്നു. എന്നിങ്ങനെ വരുമ്പോൾ കുട്ടി ശാസ്ത്രത്തിന്റെ ലോകത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഒപ്പം ലോകപ്രശസ്തമായ ശാസ്ത്രജ്ഞന്മാരുടെ കഥകൾ വായിപ്പിക്കുന്നു. ലോകോത്തര കണ്ടുപിടിത്തങ്ങളുടെ രഹസ്യങ്ങളറിയിക്കുന്നു. സ്വാഭാവികമായും കുട്ടി ഒരു എൻജിനീയറോ സയന്റിസ്റ്റോ ആയി മാറാനിടയുണ്ട്. ഗൃഹാന്തരീക്ഷവും രക്ഷിതാക്കളുടെ മനോഭാവവും ഒരു കുട്ടിയെ നഴ്‌സോ, കർഷകനോ അധ്യാപകനോ, ഡോക്ടറോ, കച്ചവടക്കാരനോ, എൻജിനീയറോ ആക്കി മാറ്റുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ചിലപ്പോൾ, അച്ഛനമ്മമാരുടെ ജോലിയുടെ ഭാരക്കൂടുതലോ, മുഷിച്ചിലോ അറിഞ്ഞ്, മറ്റെന്ത് നേട്ടങ്ങളുണ്ടെങ്കിലും മറ്റൊരു ജോലി മാത്രം സ്വപ്‌നം കാണുന്നവരുണ്ട്. അച്ഛനമ്മമാർ ഡോക്ടർമാരായി ജോലിയെടുക്കുന്നത് കണ്ടും കേട്ടും മനസ്സിലാക്കിയ എനിക്ക് ജീവിതത്തിൽ ഡോക്ടറല്ലാതെ മറ്റെന്തായാലും മതി എന്ന് പറഞ്ഞ കുട്ടികളെ കാണാനിട വന്നിട്ടുണ്ട്. ചില കുട്ടികളുടെ അഭിരുചിയെന്തെന്നോ അതെങ്ങനെ രൂപപ്പെടുന്നുവെന്നോ കണ്ടെത്താനുമാവണമെന്നില്ല.
സൂക്ഷ്മമായി കുട്ടികളെ നിരീക്ഷിക്കുകയും തുടർച്ചയായി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് മക്കളുടെ അഭിരുചിയും ജോലി സങ്കൽപവും മനസ്സിലാക്കുവാൻ സാധിക്കും. കുട്ടികളുടെ കഴിവും കഴിവുകേടും തിരിച്ചറിയാൻ അവരോടൊപ്പം സമയം ചെലവഴിക്കണം. കുട്ടികളുടെ വിജയപരാജയങ്ങളിൽ കൂട്ടുനിൽക്കണം. കുട്ടികളുടെ അധ്യാപകരുമായി സദാ ബന്ധപ്പെട്ട് നിൽക്കണം. ക്ലാസിലും ക്ലാസിന് പുറത്തും കുട്ടി നടത്തുന്ന പ്രകടനം മനസ്സിലാക്കണം. അഭിരുചിയറിഞ്ഞ് കുട്ടികളുടെ പഠന വിഷയവും കോഴ്‌സും തീരുമാനിക്കണം. അനുയോജ്യമായ സ്ഥാപനവും കണ്ടെത്തണം. പത്താം ക്ലാസ് കഴിയുന്നതോടെ ഒരു കുട്ടിയുടെ പഠന താൽപര്യവും അഭിരുചിയുമറിഞ്ഞാൽ അതിനു ചേർന്ന ധാര തീരുമാനിക്കാം. പ്രധാനമായും കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് ധാരകളാണുള്ളത്. ഏത് ധാരയിൽ പഠിച്ചാൽ ഏതൊക്കെ കോഴ്‌സുകൾക്ക് പോകാനാവുമെന്ന് പത്താം ക്ലാസ് കഴിയുന്നതോടെ ഒരു കുട്ടിക്ക് അറിവ് നൽകേണ്ടതുണ്ട്. മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ അറിവില്ലെങ്കിൽ അത് നൽകാനാവുന്ന അധ്യാപകരുടേയോ കൗൺലർമാരുടേയോ സഹായം തേടുക.
കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഇക്കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിലോ? അറിവില്ലെങ്കിലോ? ചില കുട്ടികളുടെ താൽപര്യങ്ങൾ പലതാകാം. അവർ സ്വയം അഭിരുചി കണ്ടുപിടിക്കാൻ വിഷമിക്കുന്നവരാണ്. പലപ്പോഴും ഇത്തരം കുട്ടികളുടെ മാർക്ക് നോക്കി അഭിരുചി തീരുമാനിക്കാൻ പറ്റണമെന്നില്ല. അഭിരുചിയറിയാൻ ചില ടെസ്റ്റുകളുണ്ട്. അഭിരുചിപ്പരീക്ഷ ഒരവസാന വാക്കല്ല. എന്നാൽ പലർക്കും തന്റെ മാർഗം കണ്ടുപിടിക്കുന്നതിന് അത് സഹായിക്കാറുണ്ട്. ഒരു കൗൺസലർക്കോ, സൈക്കോളജിസ്റ്റിനോ, പരിചയ സമ്പന്നനായ അധ്യാപകർക്കോ ഇത് നടത്താനാവും. 
ഒരു കുട്ടി കോഴ്‌സും സ്ഥാപനവും തെരഞ്ഞെടുത്തു എന്ന് കരുതുക. ചിലപ്പോൾ അൽപം കഴിഞ്ഞാവും കുട്ടി താൻ തനിക്കിണങ്ങിയ ഒരിടത്തല്ല എത്തിയത് എന്ന് തിരിച്ചറിയുക. ചില കുട്ടികൾ അത് തുറന്നു പറഞ്ഞേക്കും. അങ്ങനെയുണ്ടാവുമ്പോൾ രക്ഷിതാക്കൾ പൊട്ടിത്തെറിക്കാനാണിട. നീ പറഞ്ഞിട്ടല്ലേ ഇതിന് ചേർന്നത്, ഇനി നീ തന്നെ പഠിക്ക്' എന്ന് ചില രക്ഷിതാക്കൾ പറയുന്നു; ദേഷ്യപ്പെടുകയും പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സംഭവങ്ങളിൽ കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്കിഷ്ടപ്പെട്ട കോഴ്‌സിലേക്ക് മാറ്റുവാനാണ് ശ്രമിക്കേണ്ടത്. പ്രശ്‌നം കൂടുതൽ സങ്കീർണമാണെങ്കിൽ നിർബന്ധമായും ഒരു വിദഗ്ധനെ കാണേണ്ടതുണ്ട്.
മറിച്ച് കുട്ടികളുടെ അഭിരുചിയും കരിയർ മോഹവും അവഗണിച്ച് തങ്ങളുടെ താൽപര്യം അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ പ്രശ്‌നങ്ങളിലാണ് എത്തിച്ചേരുക. മക്കൾ പണം കായ്ക്കാനുള്ള മരം' മാത്രമായി കണക്കാക്കുമ്പോൾ പലപ്പോഴും ആഹ്ലാദകരമായ ഒരവസാനമായിരിക്കില്ല ഉണ്ടാവുക. ഒരാളിന്റെ അന്തർലീനമായിക്കിടക്കുന്ന വ്യക്തിത്വ ഘടകങ്ങളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഭാവിയിലെ തൊഴിൽപരമായ പ്രവർത്തനങ്ങൾക്ക് അറിവും പരിശീലനവും നൽകാനുമാണ് വിദ്യാഭ്യാസം സഹായിക്കുന്നത്. ഒപ്പം ലോകത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി ഒരു വ്യക്തിയെ പാകപ്പെടുത്തുന്നതിനുള്ള ഒരുക്കൂട്ടൽ കൂടിയാണ് വിദ്യാഭ്യാസം. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളും കഴിവുകളും കഴിവുകേടുകളും പരിഗണിക്കാതെ രക്ഷിതാക്കളും മക്കളുടെ വിദ്യാഭ്യാസം ചിട്ടപ്പെടുത്താൻ തുനിയരുത്. രക്ഷിതാക്കളുടേയോ അധ്യാപകരുടേയോ മുൻവിധികളാവരുത് ഒരു കുട്ടിയുടെ ഭാവി തീരുമാനിക്കേണ്ടത്. അങ്ങനെ വരുമ്പോൾ വ്യക്തിക്കോ സമൂഹത്തിനോ പ്രയോജനമില്ലാത്തവരെയാവും ഉണ്ടാക്കിയെടുക്കുക. 

Latest News