Sorry, you need to enable JavaScript to visit this website.

ചൈനയില്‍ രോഗമുക്തി നേടിയ രണ്ടു പേര്‍ക്ക് മാസങ്ങള്‍ക്കു ശേഷം വീണ്ടും കോവിഡ്

ബെയ്ജിങ്- ചൈനയില്‍ മാസങ്ങള്‍ക്കു മുമ്പ് രോഗമുക്തി നേടിയ രണ്ടു പേര്‍ക്ക് വീണ്ടും കോവിഡ്19 സ്ഥിരീകരിച്ചതില്‍ ആശങ്ക. 2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി നോവല്‍ കൊറോണ വൈറസ് കാണപ്പെട്ട ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ ഒരു 68കാരിക്ക് ആറു മാസങ്ങള്‍ക്കു ശേഷം വീണ്ടും ഞായറാഴ്ച കോവിഡ്19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ശേഷം ഏപ്രില്‍ രോഗബാധയേല്‍ക്കുകയും പിന്നീട് സുഖംപ്രാപിക്കുകയും ചെയ്ത മറ്റൊരാള്‍ക്ക് ഷാങ്ഹായില്‍ തിങ്കളാഴ്ച വീണ്ടും രോഗം സ്ഥിരീകരിച്ചു. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവരെ ക്വാറന്റീനിലാക്കിയിരിക്കുകയാണെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. 

കോവിഡ് രോഗമുക്തി നേടിയവരില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നത് അപൂര്‍വ പ്രതിഭാസമാണെങ്കിലും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതാണ്. ചിലരില്‍ ദീര്‍ഘകാലം രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത് എന്തു കൊണ്ട്, നിലവിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ വീണ്ടും വൈറസ് ബാധയേല്‍ക്കാന്‍ തക്ക ശേഷി ഇല്ലാത്തവയാണോ തുടങ്ങിയ ആശങ്കകളാണ് ഉയരുന്നത്. നേരത്തെ രോഗമുക്തി നേടിയവരുടെ ശരീരത്തില്‍ തങ്ങിനില്‍ക്കാനുള്ള വൈറസിന്റെ ശേഷിയും അതു വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതു സംബന്ധിച്ചാണ് ആശങ്കകള്‍. 

രോഗബാധയേറ്റ ഒരാളുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്രതിരോധ ആന്റിബോഡികളുടെ തോത് ഏതാനും മാസങ്ങള്‍ക്കും ശേഷം പെട്ടെന്ന് കുറഞ്ഞുവരുന്നതായി ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗമുക്തി നേടിയ ആളുകളെ വീണ്ടും വൈറസ് ബാധയേല്‍ക്കാന്‍ ഇടയാക്കും. അതേസമയം രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ് ബാധയേല്‍ക്കുമെന്നത് വേണ്ടത്ര തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
 

Latest News