Sorry, you need to enable JavaScript to visit this website.

കുരുക്ക് മുറുകുന്നതാർക്ക്?

പിടിച്ചതിനേക്കാൾ വലിയത് മാളത്തിൽ എന്ന അവസ്ഥയാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വിവരങ്ങൾ. കേരളത്തിലെ വീടില്ലാത്ത പാവങ്ങൾക്ക് വീട് വെച്ചുനൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് വിദേശത്തുനിന്ന് ലഭിച്ച സഹായത്തിൽനിന്നു പോലും കമ്മീഷൻ അടിച്ചുമാറ്റിയെന്ന് പറയുന്നത് മറ്റാരുമല്ല, സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് തന്നെ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻ.ഐ.എ അന്വേഷണോദ്യോഗസ്ഥർ സ്വപ്‌നയുടെ ബാങ്ക് ലോക്കർ പരിശോധിച്ചപ്പോൾ കിട്ടിയ പണത്തിൽപെട്ട ഒരു കോടി രൂപ ഈ കമ്മീഷൻ ആണെന്ന് അവർ മൊഴി നൽകിയെന്നാണ് മാധ്യമങ്ങൾ പുറത്തുവിട്ട വാർത്ത. 
ഈ ബാങ്ക് ലോക്കറാവട്ടെ സ്വപ്‌നയുടെയും ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും ജോയന്റ് അക്കൗണ്ടിന്റേതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ. ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് താൻ സ്വപ്‌നയുമായി ജോയന്റ് അക്കൗണ്ട് തുടങ്ങിയതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റും പറഞ്ഞിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ സി.ഇ.ഒയും ശിവശങ്കറായിരുന്നതിനാൽ കമ്മീഷന്റെ വിഹിതം അദ്ദേത്തിനുമുണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാം. 
പാവപ്പെട്ടവർക്കു വേണ്ടി പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിൽനിന്നു പോലും കമ്മീഷൻ അടിച്ചുമാറ്റിയെന്ന വിവരം പുറത്തു വന്നതോടെ സി.ബി.ഐ തലത്തിൽ ശരിയായ അന്വേഷണം നടക്കുന്ന പക്ഷം അത് മുഖ്യമന്ത്രിക്കും കുരുക്കാവുമെന്ന കാര്യത്തിൽ സംശയമില്ല. 
ഇപ്പോൾ ചർച്ചയായ ഫഌറ്റ് നിർമാണത്തെക്കുറിച്ച് മുഖ്യമന്ത്രി തന്നെ മുമ്പ് അഭിമാനത്തോടെ മുമ്പ് ഫെയ്‌സ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നതാണ്. ഈ സാഹചര്യത്തിൽ തനിക്കൊന്നും അറിയില്ല, തന്റെ അറിവോയടെയല്ല തുടങ്ങിയ പതിവ് ഒഴിഞ്ഞുമാറൽ വാദങ്ങളൊന്നും ഇനി വിലപ്പോവില്ല.
കേരളത്തിൽ നടക്കുന്ന ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് യു.എ.ഇയിലെ ഉദാരമതികൾ നല്ല മനസ്സോടെ നൽകിയ സംഭാവനയിൽനിന്നാണ് സംസ്ഥാന സർക്കാരിനെ മറയാക്കി സ്വപ്‌നയും ശിവശങ്കറും ശിങ്കിടികളുമെല്ലാം ചേർന്ന് കൈയിട്ടുവാരൽ നടത്തിയിരിക്കുന്നത്. തന്റെ വിഹിതമാണ് ഒരു കോടിയെന്നാണ് സ്വപ്‌ന പറയുന്നത്. ഇതിന്റെ പങ്ക് വേറെയാർക്കൊക്കെ കിട്ടിയെന്ന് കൂടുതൽ അന്വേഷണത്തിലൂടെയേ വ്യക്തമാവൂ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണർക്കും കേന്ദ്ര സർക്കാരിനും കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രം എന്തു നടപടിയെടുക്കുമെന്ന് പറയാനാവില്ല.
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫഌറ്റ് സമുച്ചയത്തിനും മെറ്റേണിറ്റി സെന്ററിനുമാണ് യു.എ.ഇ റെഡ് ക്രസന്റ് സംഭാവന നൽകിയത്. ഒരു കോടി ദിർഹം, അതായത് 20 കോടി രൂപയായിരുന്നു സംഭാവന. സംസ്ഥാന സർക്കാർ നൽകിയ രണ്ട് ഏക്കർ 17 സെന്റ് സ്ഥലത്ത് 500 ചതുരശ്ര അടി വിസ്തീർണമുള്ള 140 ഫഌറ്റുകൾ നിർമിച്ച് നൽകുന്നതാണ് പദ്ധതി. 
മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശന വേളയിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടാവുന്നത്. തുടർന്ന് യു.എ.ഇ റെഡ് ക്രസന്റ്, കേരള ലൈഫ് മിഷനുമായി ചേർന്ന് വടക്കാഞ്ചേരിയിൽ ഫഌറ്റ് സമുച്ചയം നിർമിക്കുന്നതിന് കേരള സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതനുസരിച്ച് പണി നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ അധികമൊന്നും അിറയപ്പെടാത്ത, വലിയ പ്രവൃത്തി പരിചയമൊന്നുമില്ലാത്ത യൂനിടാക് എന്ന കമ്പനിയാണ് നിർമാണ കരാറുകാർ.
എന്നാൽ ഈ ഇടപാടിലെ കമ്മീഷന്റെ ഒരു വിഹിതം തനിക്കും കിട്ടിയെന്ന് സ്വപ്‌ന വെളിപ്പെടുത്തിയതോടെയാണ് അഴിമതിക്കഥ പുറത്തായത്. മാധ്യമങ്ങൾ പിന്നാമ്പുറം ചികഞ്ഞതോടെ തട്ടിപ്പിന്റെയും നിയമലംഘനത്തിന്റെ പരമ്പര തന്നെ പുറത്തു വരികയായിരുന്നു. മുഖ്യമന്ത്രി യു.എ.ഇ സന്ദർശനത്തിന് പോകുന്നതിന് ദിവസങ്ങൾക്കു മുമ്പു തന്നെ സ്വപ്‌നയും ശിവശങ്കറും ദുബായിലേക്ക് പറന്നതെന്തിന് എന്നതിൽ തുടങ്ങുന്നു സംശയം. മുഖ്യമന്ത്രി തന്നെ അവകാശപ്പെട്ട ധാരണാപത്ര പ്രകാരമാണ് ഇപ്പോൾ പണി നടക്കുന്നതെങ്കിൽ അതിന്റെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് പുറത്തു പറയണം. സംസ്ഥാന സർക്കാരിന് കീഴിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ലൈഫ് മിഷൻ എന്നിരിക്കേ ഇങ്ങനെയൊരു ഇടപാടിന് കമ്മീഷൻ നൽകിയതെങ്ങനെ എന്ന ചോദ്യമുയരുന്നു. ടെണ്ടറോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെയാണ് യൂനിടാക്കിന് നിർമാണ കരാർ നൽകിയതെന്ന വിവരവും പുറത്തു വരുന്നു. 
അങ്ങനെയെങ്കിൽ കമ്മീഷൻ നൽകിയത് യൂനിടാക് ആണോ? യൂനിടാക് ആരുടെയെങ്കിലും ബിനാമി സ്ഥാപനമാണോ? അവർക്ക് കരാർ നൽകാൻ ചരടു വലിച്ചതാര്? സ്വപ്‌നക്ക് ഒരു കോടി നൽകിയെങ്കിൽ മറ്റ് ഉന്നതർക്ക് എത്ര നൽകിയിട്ടുണ്ടാവും? ചോദ്യങ്ങൾ നിരവധിയാണ്.
ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം കിട്ടണമെങ്കിൽ ഈ ഇടപാടിനെ കുറിച്ച് മാത്രമായി സി.ബി.ഐ പോലൊരു ഏജൻസി പ്രത്യേകം അന്വേഷണം നടത്തണം. 
എന്നാൽ അത്തരമൊരു ആവശ്യം സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടില്ല. ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിയോട്  മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ടല്ലോ, കൂടുതൽ വിവരങ്ങൾ പുറത്തു വരട്ടെ എന്നായിരുന്നു മറുപടി. സ്വർണക്കടത്ത് അന്വേഷണമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. 
ഇടപാടിൽ കമ്മീഷൻ കൊടുത്തത് സംസ്ഥാന സർക്കാർ അറിഞ്ഞില്ലെന്നും സർക്കാരിന് ഇതിലൊന്നും പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് പങ്കില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ചെയ്യേണ്ടത് പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം പുറത്തു വിടുകയാണ്. അതിന് ഇതുവരെ സർക്കാർ തയാറായിട്ടില്ല. അപ്പോൾ കാര്യം വ്യക്തം. മടിയിൽ കനമുണ്ട്, വഴിയിൽ പേടിച്ചേ തീരൂ.
ഇതിനു പുറമെ ലൈഫ് മിഷൻ പദ്ധതിക്ക് യു.എ.ഇയിൽ നിന്ന് സംസ്ഥാന സൽക്കാർ ഏജൻസി നേരിട്ട് തുക സ്വീകരിച്ചത് ഗുരുതര നിയമ ലംഘനമാണെന്ന വിവരവും പുറത്തു വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരുകൾക്ക് ഒരു വിദേശ ഏജൻസിയിൽനിന്നും പണം സ്വീകരിക്കാൻ കഴിയില്ല എന്നാണ് വ്യവസ്ഥ. അതായത് വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ലൈഫ് മിഷൻ യു.എ.ഇ റെഡ് ക്രസന്റിൽനിന്ന് പണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് നിയ മലംഘനമാണെന്ന് ചുരുക്കം. 
യു.എ.ഇ കോൺസുലേറ്റിൽനിന്ന് സഹായം സ്വീകരിച്ച് മന്ത്രി കെ.ടി. ജലീൽ റമദാൻ കിറ്റ് വിതരണം ചെയ്തതും നിയമ ലംഘനമാണ് എന്നതു പോലെ. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന സ്ഥാപനമാണ് ലൈഫ് മിഷൻ എന്നിരിക്കേ, ഉത്തരവാദിത്തത്തിൽനിന്ന് പിണറായിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇത്തരം കാര്യങ്ങളിൽ നടപടിക്രമങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ ഓർമിപ്പിക്കേണ്ട ചുമതല നിയമ വകുപ്പിനാണ്. എന്നാൽ ഇവിടെ അതുണ്ടായില്ലെന്ന വിവരവും പുറത്തു വരുന്നു. 
ചുരുക്കത്തിൽ കമ്മീഷൻ കൈമാറിയിരിക്കുന്നു. ഇടപാടുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയും ചട്ടലംഘനവും നിലനിൽക്കുന്നു. അഴിമതി നടന്നു എന്നതിന് ഇതിൽപരം എന്തുവേണം. 
സ്വർണക്കടത്ത് കേസിൽ എല്ലാം ശിവശങ്കറിുമേൽ കെട്ടിവെച്ച് ഒരു വിധം സ്വന്തം തടിയൂരാൻ പെടാപ്പാട് പെടുന്നതിനിടെയാണ് മുഖ്യമന്ത്രി ലൈഫ് മിഷൻ ഇടപാടിൽ ശരിക്കും കുടുങ്ങിയിരിക്കുന്നത്. അതുകൊണ്ടാവും അഴിമതിയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരോട് അദ്ദേഹം കുരച്ചുചാടുന്നത്.
ലൈഫ് മിഷനിലെ അഴിമതി പുറത്തു വന്ന സ്ഥിതിക്ക് ശിവശങ്കർ മുൻകൈയെടുത്ത് കൊണ്ടുവന്ന സ്പ്രിംഗ്ലർ ഇടപാട്, കെഫോൺ ഇടപാട്, ബെവ്ക്യു ആപ്പ്, ഇ മൊബലിറ്റി പദ്ധതി എന്നിവയിലെല്ലാം അഴിമതി നടന്നുവെന്ന സംശയം ബലപ്പെടുകയാണ്. 
ഇപ്പോഴും ഇതിലൊന്നും പിണറായി വിജയന് നേരിട്ട് പങ്കില്ലെന്നും അദ്ദേഹം അഴിമതി നടത്തിയിട്ടില്ലെന്നും വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ പാർട്ടി അണികളും അഭ്യുദയകാംക്ഷികളും. എന്നാൽ അവരെ ബോധ്യപ്പെടുത്താൻ പോലും ഒരു അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവുന്നില്ല. അതിൽനിന്നു തന്നെ മനസ്സിലാക്കാം കുരുക്ക് തന്റെ നേരെ വരികയാണെന്ന കാര്യം അദ്ദേഹത്തിന് ബോധ്യമായെന്ന്.
 

Latest News