Sorry, you need to enable JavaScript to visit this website.

ലക്ഷ്യം മറികടന്ന വനിതാ സാമ്പത്തിക പങ്കാളിത്തം

സൗദി അറേബ്യ ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അതു നിശ്ചിത സമയത്തിനകം ലക്ഷ്യം കാണുന്നതിൽ പുതുമയൊന്നുമില്ല. കാരണം ഏതൊരു പദ്ധതിയും പ്രഖ്യാപിക്കുന്നത് അനിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ വേണ്ടി തന്നെയാണ്. എന്നാൽ വനിതകളുമായി ബന്ധപ്പെട്ട കാര്യത്തിൽ അതു എത്രമാത്രം യാഥാർഥ്യമാകുമെന്നതിൽ പലരും സംശയം ഉന്നയിച്ചിരുന്നു. കാരണം സൗദി അറേബ്യ സ്്ത്രീകളുടെ വിഷയത്തിൽ എന്നും പിന്നിലാണെന്ന തെറ്റായ ധാരണയാണ്. സ്ത്രീകൾക്കു സ്വാതന്ത്ര്യമില്ലെന്നും പുരുഷ മേധാവിത്വമാണ് എല്ലായിടത്തുമെന്ന തറ്റായ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കുപ്രചാരണം മാത്രമാണിത്. 
അതിനൊരുദാഹരണമാണ് ഇക്കഴിഞ്ഞ ആഴ്ചയിൽ ലോകം സാക്ഷ്യം വഹിച്ചത്. പതിനഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള സൗദി വനതികളുടെ സാമ്പത്തിക പങ്കാളിത്തം ദേശീയ പരിവർത്തന പദ്ധതി 2020 ൽ നിർണയിച്ച ലക്ഷ്യം മറികടന്ന ചരിത്ര മുഹൂർത്തത്തിന് സൗദി അറേബ്യ സാക്ഷ്യം വഹിച്ച കാര്യം അധികമാരും ചർച്ച ചെയ്യപ്പെടാതെ പോയി. വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 25 ശതമാനമായി ഉയർത്താനാണ് ദേശീയ പരിവർത്തന പദ്ധതി 2020 ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ലക്ഷ്യവും കടന്ന് 25.9 ശതമാനമായി ഉയർന്നു എന്ന വലിയൊരു നേട്ടമാണ് സൗദി അറേബ്യ കൈവരിച്ചത്. കൊറോണ എന്ന മഹാമാരിയുടെ തിക്തഫലങ്ങൾ ലോകമൊന്നാകെ അനുഭവിച്ചുകൊണ്ടിരിക്കേയാണ് വനിതകൾ പിന്തള്ളപ്പെടുന്നു എന്ന ആരോപണങ്ങൾക്ക് എക്കാലവും വശംവദരായിട്ടുള്ള സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 പദ്ധതിയുടെയും ദേശീയ പരിവർത്തന പദ്ധതി 2020 ന്റെയും ഭാഗമായി വനിതാ ശാക്തീകരണ മേഖലയിൽ നിരവധി പദ്ധതികളും നയങ്ങളും പ്രഖ്യാപിച്ചാണ് ഈ നേട്ടമുണ്ടാക്കിയത്്. ഇതിൽ എടുത്തു പറയേണ്ടതാണ് വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകിയ തീരുമാനം. 2018 ജൂൺ 24 മുതൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ തുടങ്ങിയതു മുതൽ വനിതാ മുന്നേറ്റം എവിടെയും പ്രകടമായിരുന്നു.  2030 ഓടെ 30 ലക്ഷം സ്ത്രീകൾ സ്വന്തമായി വാഹനം ഓടിക്കുന്നവരായി മാറുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതു സാധ്യമാക്കും വിധത്തിലുള്ള മുന്നേറ്റം ഈ രംഗത്തു നടന്നു വരികയാണ്. 2018 സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ വർഷമായിരുന്നു. സുരക്ഷിതത്വവും കരുതലും ഉറപ്പാക്കിക്കൊണ്ടു തന്നെ സ്ത്രീകൾക്ക് സാമൂഹ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച വർഷമായിരുന്നു അത്. ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള തീരുമാനത്തിനു തൊട്ടു പിന്നാലെ സ്റ്റേഡിയങ്ങളിലേക്കും സിനിമ, സംഗീതം, കലാ, സാംസ്‌കാരിക മേഖലകളിലേക്കുമുള്ള സ്ത്രീകളുടെ പ്രവേശനം, ജോലിയിടങ്ങളിലെ മുൻഗണന അങ്ങനെ വലിയൊരു മുന്നേറ്റം തന്നെയായിരുന്നു കാഴ്ച വെച്ചത്. രക്ഷിതാവിന്റെ അനുമതി കൂടാതെ സ്വന്തമായി വ്യാപാര, വാണിജ്യ ഇടപാടുകൾ നടത്തുന്നതിനും സഞ്ചരിക്കുന്നതിനുമുള്ള അനുമതി കൂടി സ്ത്രീകൾക്കു ലഭ്യമായതോടെ നിക്ഷേപ രംഗവും പുഷ്പിച്ചു. ശൂറാ കൗൺസിലിലെ 150 അംഗങ്ങളിൽ 30 പേർ സ്ത്രീകളായതും  മന്ത്രിസഭയിൽ വനിതകൾക്ക് ഇടം ലഭിച്ചതും, കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ നാഷണൽ ഡയലോഗ് അംഗങ്ങളായി രണ്ടു സ്ത്രീകളെ നിയമിച്ചും ജിദ്ദ നഗസഭയിലെ മർമപ്രധാന സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് നിയമനം നൽകിയുതുമെല്ലാം സ്ത്രീ മുന്നേറ്റത്തിന് ശക്തിയേകി. 
അമേരിക്കയിലെ സൗദി അംബാസഡറായി റീമാ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരിയുടെ നിയമനമായിരുന്നു മറ്റൊരു ശ്രദ്ധേയായ നടപടി. സൗദി അറേബ്യയുടെ ചരിത്രത്തിൽ  വിദേശ രാജ്യത്ത് ഒരു വനിതയെ അംബാസഡറായി നിയമിച്ചത്, അതും ലോകത്തെ ഏറ്റവും പ്രബല ശക്തിയായ അമേരിക്കയിൽ നിയമിച്ചത് ലോക ശ്രദ്ധ പിടിച്ചുപറ്റിയ സംഗതിയായിരുന്നു.  സാമ്പത്തിക, രാഷ്ട്രീയ, സൈനിക രംഗത്ത് സൗദി അറേബ്യയും അമേരിക്കയും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളത്. അതിന്് കരുത്ത് പകരാൻ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയായി ഒരു സ്ത്രീയെ നിയമിക്കുക വഴി സ്ത്രീശാക്തീകരണ, സാമൂഹിക പരിവർത്തന ദിശയിൽ സൗദിയുടെ കുതിപ്പാണ് പ്രകടമായത്. ഇതിനിടെ അറബ് വുമൺ ഫോറം സംഘടിപ്പിച്ച് സാമ്പത്തിക സാമൂഹ്യ  രംഗത്തെ സ്ത്രീകളുടെ കാഴ്ചപ്പാടും സംഭാവനകളും വിശകലനം ചെയ്യുന്നതിനും രാജ്യം അവസരമൊരുക്കി. തബൂക്ക് റീജനൽ കൗൺസിൽ സെക്രട്ടറി ജനറലായി ഡോ. ഖലൂദ് മുഹമ്മദ് അൽഖമിസിനെ അടുത്തിടെ നിയമിച്ച് ചരിത്രം കുറിച്ചതും ബഖാലയും പച്ചക്കറി സ്റ്റാളും നടത്തുന്നതിന് സ്വദേശി സ്ത്രീകൾ രംഗത്തു വന്നതുമെല്ലാം വനിതാ മുന്നേറ്റ ശ്രേണിയിലെ അവസാനത്തെ കണ്ണിയാണ്. ഇനിയും സ്ത്രീകളെ കാത്തിരിക്കുന്നത് വൻ അവസരങ്ങളാണ്. വിദ്യാഭ്യാസ രംഗത്തെ അവരുടെ മുന്നേറ്റം കാണിക്കുന്നത് അതാണ്. 
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ ഗതാഗത ചെലവിന്റെ 80 ശതമാനം വരെ വഹിക്കുന്ന പദ്ധതിയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏതാനും മേഖലകളിൽ നടപ്പാക്കിയ വനിതാവൽക്കരണവുമെല്ലാം വനിതകളുടെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാൻ സഹായകമായ ഘടകങ്ങളാണ്. 2017 ആദ്യ പാദാവസാനത്തിൽ സൗദി വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 17.4 ശതമാനമായിരുന്നുവെങ്കിൽ 2018 ആദ്യ പാദത്തിൽ ഇത് 19.5 ശതമാനമായും 2019 ആദ്യ പാദത്തിൽ 20.5 ശതമാനമായും ഉയർന്നിരുന്നു. അതാണിപ്പോൾ ലക്ഷ്യവും കടന്ന് ഈ വർഷം ആദ്യ പാദത്തിൽ 25.9 ശതമാനമായി വളർന്നത്. ഇതോടൊപ്പം  വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കും കുറഞ്ഞു വരികയാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം മൂന്നു വർഷത്തിനിടെ 16.4 ശതമാനം തോതിലാണ് വർധിച്ചത്. 2016 ൽ വിഷൻ 2030 പദ്ധതി പ്രഖ്യാപിക്കുമ്പോൾ സ്വകാര്യ മേഖലയിൽ സൗദി വനിതകൾ 5,45,200 ആയിരുന്നത്  ഈ വർഷം ആദ്യ പാദം അവസാനിച്ചപ്പോൾ 6,34,600 ആയാണ് ഉയർന്നത്. സ്വകാര്യ, സർക്കാർ മേഖലകളിലായി നിലവിൽ 11.4 ലക്ഷം സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം മാത്രം സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണത്തിൽ 1,17,600 പേരുടെ വർധനയാണുണ്ടായത്.
 

Latest News