ബെയ്‌റൂത്തിന് 24 മെട്രിക് ടണ്‍ സഹായവസ്തുക്കളുമായി വീണ്ടും യു.എ.ഇ

ബെയ്‌റൂത്ത്- നൂറിലധികം പേര്‍ മരിച്ച വന്‍സ്‌ഫോടനത്തില്‍ വിറങ്ങലിച്ച ലെബനോന് വീണ്ടും യു.എ.ഇ സഹായം. 24 മെട്രിക് ടണ്‍ അവശ്യസഹായവുമായി യു.എ.ഇയുടെ രണ്ടാമത്തെ വിമാനവും ബെയ്‌റൂത്തില്‍ എത്തിച്ചേര്‍ന്നു. 24.88 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് യു.എ.ഇ ആകാശമാര്‍ഗം ലെബനോനിലെത്തിച്ചത്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് വീണ്ടും അവശ്യ സഹായമെത്തിച്ചത്.
സര്‍ജിക്കല്‍ മാസ്‌ക്, ഗൗണ്‍സ് തുടങ്ങിയ മെഡിക്കല്‍ സാമഗ്രികള്‍, സ്വയം പ്രതിരോധ ഉപകരണങ്ങള്‍ (പി.പി.ഇ) സ്‌ട്രെച്ചറുകള്‍, തെര്‍മോമീറ്ററുകള്‍ എന്നിങ്ങനെ 14 ലക്ഷം ഡോളര്‍ വിലമതിക്കുന്ന വസ്തുക്കളാണ് ഇന്നലെ ബെയ്‌റൂത്തിലെത്തിയത്.
ഇതിന് പുറമെ, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഐമിയുടെ നിര്‍ദ്ദേശപ്രകാരം 70 ടണ്‍ ഭക്ഷ്യവസ്തുക്കളും ബെയ്‌റൂത്തില്‍ എത്തിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഹുമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് അവശ്യസാധനങ്ങള്‍ സംഭരിച്ചത്.
കഴിഞ്ഞവാരം ആദ്യഘട്ട സഹായമായി 43 ടണ്‍ മെഡിക്കല്‍ വസ്തുക്കളാണ് യു.എ.ഇ ലെബനോനില്‍ എത്തിച്ചിരുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായമെത്തിക്കുമെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷ്മി അന്ന് വ്യക്തമാക്കിയിരുന്നു.  

 

Latest News