കുവൈത്തില്‍ 75,000 വിദേശികള്‍ക്ക് താമസാനുമതി നഷ്ടമായി

കുവൈത്ത്‌സിറ്റി- കോവിഡ് മഹാമാരി മൂലം കുവൈത്തിലേക്ക് വരാന്‍ കഴിയാതിരുന്ന 75,000 പ്രവാസികള്‍ക്ക് താമസാനുമതി നഷ്ടപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍. റസിഡന്‍സി പെര്‍മിറ്റ് പുതുക്കാത്തതാണ് കാരണം.
പെര്‍മിറ്റ് പുതുക്കാനുള്ള ഉത്തരവാദിത്തം തൊഴിലാളികള്‍ക്കോ അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കോ ആണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അവര്‍ അതു പുതുക്കിയില്ല. മാനുഷികവും നിയമപരവുമായ എല്ലാവശവും വച്ച് അവര്‍ക്ക് പുതുക്കാന്‍ അവസരം നല്‍കിയിരുന്നു' - കുവൈത്തി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മൂലം 31 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരുടെ വിസ, താമസരേഖകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. കുവൈത്തിലെ 48 ലക്ഷം ജനസംഖ്യയില്‍ 34 ലക്ഷവും വിദേശികളാണ്.
അതിനിടെ, 60 വയസ്സു കഴിഞ്ഞ, ബിരുദ രഹിതരായ വിദേശികള്‍ക്ക് ഒരു വര്‍ഷത്തെ തൊഴില്‍ അനുമതി നല്‍കിയാല്‍ മതിയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങള്‍ക്ക് വാക്കാല്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈത്തിവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി. നേരത്തെ, സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ വിദേശ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു.

 

Latest News