ബംഗളൂരു കലാപത്തിനു പിന്നില്‍ എസ്.ഡി.പി.ഐയെന്ന് കർണാടക മന്ത്രി

ബംഗളൂരു- പോലീസ് വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ട ബംഗളൂരു കലാപം ആസൂത്രിതമായിരുന്നുവെന്നും സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ യാണെന്നും കർണാടക മന്ത്രി സി.ടി.രവി ആരോപിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ പേരില്‍ ഒരു മണിക്കൂറിനകം ആയിരക്കണക്കിനാളുകള്‍ സംഘടിച്ചുവെന്നും 200-300 വാഹനങ്ങളും എം.എല്‍.എയുടെ വസതിയും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കർശന നപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഈ വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണെന്നും കലാപമുണ്ടാക്കുന്നതില്‍ എസ്.ഡി.പി.ഐ വിദഗ്ധരാണെന്നും സി.എ.എ പ്രതിഷേധത്തില്‍ മംഗളൂരുവില്‍ ഇത് ചെയ്തിട്ടുണ്ടെന്നും മന്ത്രി രവി പറഞ്ഞു.

ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിച്ച് പോസ്​റ്റിട്ടതിെൻറ പേരിൽ ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ എസ്.ഡി.പി.ഐ നേതാവ് മുസമ്മിൽ പാഷയെ പോലീസ് അറസ്​റ്റ് ചെയ്തിട്ടുണ്ട്.

 എസ്.ഡി.പി.ഐ കൺവീനർ മുജാഹിദ് പാഷയാണ് ഇക്കാര്യം അറിയിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ്​ മുസമ്മില്‍ പാഷ സംഭവസ്ഥ​ലത്തെത്തിയതെന്നും മുജാഹിദ്​ പാഷ പറഞ്ഞു.

അറസ്​റ്റിലായ മുസമ്മിൽ പാഷ 2015ൽ ബംഗളൂരു കോർപറേഷൻ തെരഞ്ഞെടുപ്പിൽ പുലികേശി നഗർ സഹായപുര വാർഡിൽ കൗൺസിലറായി മത്സരിച്ചിരുന്നു. 

അക്രമ സംഭവങ്ങളെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ മൂന്നുപേരാണ് ഇതുവരെ മരിച്ചത്.

ബംഗളൂരു പുലികേശി നഗർ എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ നവീനാണ് മതവിദ്വേഷം വളർത്തുന്ന രീതിയില്‍ ഫേസ്ബുകില്‍ പോസ്റ്റിടുകയും, അശ്ലീല പരാമ‍‍ർശങ്ങളടങ്ങിയ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തതാണ് കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി എന്നിവിടങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയത്.

Latest News