Sorry, you need to enable JavaScript to visit this website.

ആ സല്യൂട്ടിന് സല്യൂട്ടടിക്കാൻ ആർക്കായിരുന്നു ഇത്ര പേടി? 

കൽപറ്റ നാരായണന്റെ ലേഖന സമാഹാരമടങ്ങിയ ഒരു പുസ്തകമുണ്ട്- ഈ കണ്ണട ഒന്നുവെച്ചു നോക്കൂ എന്നാണ് ആ ചെറുഗ്രന്ഥത്തിന്റെ (1992) പേര്. അതിലൊരു ലേഖനമാണ് കുലുങ്ങിച്ചിരിക്കുന്ന മരത്തലയന്മാർക്ക്.
കേരളത്തിന്റെ റോഡുകളിലെ നിത്യാനുഭവമായിരുന്നു കവിയുടെ വിഷയം. എങ്ങനെയാണ് റോഡിൽ കുഞ്ഞുങ്ങൾ ക്രൂരമായി സ്വകാര്യ ബസുകളാൽ അവഗണിക്കപ്പെടുന്നത് എന്ന് പറഞ്ഞു തരികയായിരുന്നു അന്നദ്ദേഹം. ബസുകളിൽ ഒന്നു കയറിപ്പറ്റാനായി  “ടെലിഫോൺ പോസ്റ്റുകൾക്ക് പിന്നിലോ, പകുതി നിരയിട്ട പീടിക മുറിയുടെ ഉള്ളിലോ, റോഡ് സൈഡിലെ ടാർ വീപ്പക്ക് പിന്നിലോ, അവർ ഒളിച്ചു നിൽക്കുകയാണ്, നിറുത്തുവാൻ തുനിയുന്ന  ബസിലെ ഡ്രൈവറുടെ കണ്ണിൽ പെടാതിരിക്കാൻ. കണ്ടാൽ കുഴഞ്ഞു. നിർത്തില്ല.''  ഈ വിധത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ നിസ്സഹായരാക്കപ്പെടുന്ന വിദ്യാർഥി സമൂഹത്തെ മുന്നിൽ നിർത്തി കവി ഇങ്ങനെ ചോദിച്ചിരുന്നു “ഈ കാണുന്നതിലൊന്നും ഒരസ്വസ്ഥതയും തോന്നാത്ത നാട്ടുകാരാ, നീ ബലപ്പെടുത്തിയെടുക്കുന്ന ഈ ലോകം എത്ര ഭീകരമാണെന്നറിയാമോ?'' ഇങ്ങനെയെല്ലാമുള്ള സാമൂഹ്യ അന്തരീക്ഷത്തിൽ വളർന്നിട്ടും  കേരളത്തിൽ എവിടെയെല്ലാമോ ഇപ്പോഴും നന്മ അവശേഷിക്കുന്നു എന്നത് അതിശയത്തോടെ തിരിച്ചറിയുമ്പോഴാണ് നാം  അങ്ങനെയുള്ളവരെ  ആദരിക്കുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യുന്നത്. അതാ നോക്കൂ, അവിടെ കുറെ നല്ല മനുഷ്യർ   എന്ന് അതിശയപ്പെടുന്നത്. 
അത്തരം രണ്ടനുഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെ ദുരന്ത മുഖത്ത് കേരളത്തിന് കാണാൻ സൗഭാഗ്യമുണ്ടായത്. അവയിലൊന്ന് കരിപ്പൂരിലെ വിമാന അപകടം. മറ്റൊന്ന് പെട്ടിമുടിയിലെ മഹാദുരന്തം. രണ്ടിടത്തെയും ജനങ്ങൾ മനുഷ്യ സ്‌നേഹത്തിന്റെ മഹാ മാതൃക തീർക്കുകയായിരുന്നു. സ്വയം സമർപ്പിച്ച മനുഷ്യരുടെ ഇടപെടൽ കാരണം എത്രയോ ജീവനുകൾ കരിപ്പൂരിൽ രക്ഷപ്പെട്ടു. മലിന മനസ്സുകളുടെ ഒഴുക്കിൽ ഒരു പ്രതിരോധവും തീർക്കാതെ ഇറങ്ങി നിന്നുകൊടുത്തവരായിരുന്നു ഇപ്പറഞ്ഞ സ്ഥലങ്ങളിലെയും ജനങ്ങളും, പ്രത്യേകിച്ച് യുവാക്കളുമെങ്കിൽ അവരാരും ഇങ്ങനെയാകുമായിരുന്നില്ല. എല്ലാവരും അവരുടെ സ്വാർഥതയിൽ കിടന്നുറങ്ങുമായിരുന്നു. 
കരിപ്പൂരിലെ ജനങ്ങൾ  കോവിഡ് ഭീഷണിയൊന്നും വകവെക്കാതെ നടത്തിയ ഇടപെടൽ കണ്ട് ഇന്ത്യയൊന്നാകെ അവരെ അനുമോദിച്ചുകൊണ്ടിരിക്കേ,  ഒരൽപം പോലും താമസമില്ലാതെ അവർക്ക് ആരോഗ്യ വകുപ്പിന്റെ നിർദേശം കിട്ടി- എല്ലാവരും ഉടൻ ക്വാറന്റൈനിൽ പോകണം. ഭരണകൂട നിർദേശം കേട്ട് അവരാരും ഞെട്ടിയില്ല. നേരെ ക്വാറന്റൈനിലേക്ക്.  മരത്തലയന്മാരാകാതെ ഉത്തരവാദിത്തം നിർവഹിച്ചതിന്റെ  പേരിൽ തങ്ങൾ ശിക്ഷിക്കപ്പെട്ടതായൊന്നും അവർക്ക് തോന്നിയില്ല. സർക്കാർ ഉത്തരവ് ഏറ്റുവാങ്ങാൻ അവർക്കൊരു മടിയുമുണ്ടായിരുന്നില്ല. അന്ധമായ വർത്തമാന കാലത്തിന്റെ പ്രതിനിധികളെപ്പോലെ, അപകടത്തിൽ പെട്ടവരായി അവരുടെ പാടായി എന്ന് കരുതി കൊണ്ടോട്ടി പാലക്കാപറമ്പിലെയും മറ്റും  'നല്ല ശമരിയക്കാർ'  മാറിനിന്നിരുന്നെങ്കിൽ ഇന്നിപ്പോൾ അവർക്ക് ക്വാറന്റൈൻ കിടക്കേണ്ടി വരില്ലായിരുന്നു. തീർച്ചയായും ഇതെല്ലാം ഓർത്തായിരിക്കും  മലപ്പുറം കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ   എ. നിസാർ  ഒരു പക്ഷേ സ്വയം അറിയാതെ അവരെ നോക്കി സ്‌നേഹത്തിന്റെ ഒരു സല്യൂട്ട് നൽകിപ്പോയത്.  നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങൾ ആ സല്യൂട്ട് ഏറ്റെടുത്തു.  അധികാരം കൈയാളുന്നവർക്ക് നിസാറിന്റെ നടപടി നിയമ വിരുദ്ധമായാണ് തോന്നിയത്. നിസാർ സ്വന്തമായി ചെയ്ത കാര്യമാണ് ഇതെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം പറയുന്നത്. അങ്ങനെയൊരു സല്യൂട്ട് ചെയ്യാൻ  പോലീസ് ആരെയും ചുമതലപ്പെടുത്തിയില്ലെന്നതാണ് പോലീസിന്റെ ചട്ട വാദം. നടപടി അസ്ഥാനത്തായിപ്പോയി - നിസാറിന്റെ നടപടിയെ ഇങ്ങനെ വിശേഷിപ്പിക്കാൻ പോലീസ് സംവിധാനത്തിന് മറ്റൊന്നാലോചിക്കേണ്ടതില്ലായിരുന്നു. 
“നിസാർ സല്യൂട്ട് ചെയ്തവരിൽ (ക്വാറന്റൈനിൽ കഴിയുന്നവർ) ഒരാൾക്ക് മാസ്‌കുണ്ടായിരുന്നില്ല. ഏറ്റവും ചുരുങ്ങിയത് സല്യൂട്ടിന് മുമ്പ് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടണമായിരുന്നു.''  നിസാറിനെതിരെ പോലീസ്  നിലപാട് കടുപ്പിക്കുകയായിരുന്നു.  സാധാരണ മനുഷ്യരെ സേനാംഗം സല്യൂട്ട് ചെയ്തു എന്നൊരു കുറ്റവും പോലീസ് നിസാറിനെതിരെ പൊടി തട്ടിയെടുത്തിരുന്നു. 
നിസാറിനനുകൂലമായും സോഷ്യൽ മീഡിയാ പ്രചാരണം  ശക്തമായിരുന്നു.  രണ്ട് മൂന്ന് ദിവസത്തിനകം നിസാറിനെതിരായ അന്വേഷണ റിപ്പോർട്ട് വരും. വകുപ്പുതല നടപടിയുണ്ടാകമെന്നാണ് കരുതിയിരുന്നത്. അങ്ങനെ വന്നാൽ എന്തായിരിക്കും സമൂഹത്തിന്റെ പ്രതികരണം എന്ന്  ആരൊക്കെയോ ആലോചിച്ചെന്ന് തോന്നുന്നു.  നിസാറിനെ തൊട്ടു പോകരുത് എന്ന് പറയാൻ  ധൈര്യമുള്ളവരുണ്ടാകുമെന്നത് വൈകിയെങ്കിലും തിരിച്ചറിഞ്ഞതിനാലാകാം വകുപ്പുതല നടപടി വേണ്ടെന്നു വെക്കുന്നത്. 
സല്യൂട്ട് നല്ല ഉദ്ദേശ്യത്തോടെയാണെന്നാണ് സേനയുടെ വിലയിരുത്തലെന്നാണ് വൈകി ഉദിച്ച വിവേകം.   സല്യൂട്ട് നടന്ന രാത്രിയിൽ തന്നെ ആരാണത് ചെയ്തത് എന്ന അന്വേഷണം സാമൂഹ്യ മാധ്യമങ്ങളിൽ തകൃതിയായി നടന്നിരുന്നു. നല്ല കാര്യം ചെയ്തു എന്നതായിരുന്നു അപ്പോഴത്തെ പൊതുവികാരം. പിന്നീടെപ്പോഴോ കാര്യങ്ങൾ കീഴ് മേൽ മറിഞ്ഞുപോവുകയായിരുന്നു.
വരും കാലങ്ങളിലെ സഹജീവി സ്‌നേഹത്തിന്റെ സമർപ്പിത മുന്നേറ്റത്തെ  ബാധിക്കും വിധത്തിൽ നടപടിക്ക് തുനിഞ്ഞവരെ ഇനിയെന്ത് ചെയ്യണം ?  പേടിപ്പെടുത്തുന്നതാണ് ഈ സാഹചര്യം. ഉളുപ്പില്ലാത്ത ധനമോഹത്തിന്റെയും സ്വാർഥതയുടെയും പരിസരത്ത്, വളർന്നവരായിട്ടു പോലും കേരളത്തിന്റെ യുവ മനസ്സിൽ എങ്ങനെയൊക്കെേെയാ,  നിലനിന്നു പോയ നന്മയുടെ അവസാന തിരിയും ഇല്ലാതാക്കാൻ ഭരണകൂടവും കൂട്ടുനിൽക്കുന്നു എന്നു വരുന്നതുപോലെ അപകടമാകുന്നതായി എന്തുണ്ട്? കേരള സമൂഹം നേരിടുന്ന ഭീതിപ്പെടുത്തുന്ന വെല്ലുവിളികളിലൊന്നാണിതെന്ന് മാത്രം പറയട്ടെ.
 

Latest News