താമസ വിസയുള്ളവര്‍ക്ക് ഐ.സി.എ അനുമതി വേണ്ടെന്ന് അബുദാബി

അബുദാബി- അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (ഐ.സി.എ) അനുമതി ആവശ്യമില്ലെന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. ഇക്കാര്യം അറിയിച്ച് വിവിധ വിമാനക്കമ്പനികള്‍ക്ക് അധികൃതര്‍ കത്തയച്ചു.

താമസ വിസയുള്ളവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ എത്താന്‍ ഐ.സി.എ അനുമതി ആവശ്യമില്ലെന്നാണ് കത്തില്‍ പറയുന്നത്. അറിയിപ്പ് ലഭിച്ചതായി വിമാനക്കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഏതു സമയത്തും ചട്ടം ഭേദഗതി ചെയ്യപ്പെടാമെന്നും കത്തില്‍ പറയുന്നുണ്ട്.

നേരത്തെ, നിരവധി വിദേശികള്‍ ഐ.സി.എ അനുമതി ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ഇതുമൂലം യാത്ര നീട്ടിവെക്കേണ്ടി വന്നിരുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള മറ്റു കാര്യങ്ങളില്‍ ഇളവുണ്ടാകില്ല. യു.എ.ഇ അംഗീകൃത ലാബുകളിലാണ് പരിശോധന നടത്തേണ്ടത്.

ഇന്ത്യയില്‍ പരിശോധന നടത്തിയാലും അതിന്റെ ഫലം നല്‍കുക പ്യുവര്‍ ഹെല്‍ത്ത് ലബോറട്ടിയുടെ ഐ.ടി സംവിധാനം വഴിയാണ്. ഇ-മെയില്‍ ആയാണ് റിസള്‍ട്ട് അയക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) ഡാറ്റ ബേസില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ചെയ്യും. അതുകൊണ്ടു തന്നെ യാത്രക്കാരന്‍ പരിശോധന നടത്തിയോ, റിസല്‍ട്ട് നെഗറ്റീവ് ആണോ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റിന് കൃത്യമായി അറിയാനാകും. പ്യുവര്‍ ഹെല്‍ത്തിന്റേതാണ് ഐ.സി.എയുമായി ബന്ധപ്പെടുത്തിയ ഏക ഐ.ടി സംവിധാനം.

 

Latest News