Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കോവിഡ് പരിശോധനക്ക് ഏകീകൃത നിരക്ക്

മസ്‌കത്ത്- ഒമാനില്‍ സ്വകാര്യ ആശുപത്രികളിലെ  കോവിഡ് പരിശോധനാ നിരക്കുകള്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് ഇനം പരിശോധനകള്‍ക്ക് 15 റിയാല്‍ മുതല്‍ 50 റിയാല്‍ വരെയാണ് ചെലവ് വരുന്നത്.

പിഒസി-പിസിആര്‍ ടെസ്റ്റ് ആണ് ഏറ്റവും ചെലവ് കൂടിയത്. 50 റിയാല്‍. മൂക്കില്‍ നിന്നെടുക്കുന്ന സ്രവം ഓട്ടോമാറ്റിക് രീതിയില്‍ പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുക. 45 മിനുട്ടാണ് പരിശോധനക്ക് ആവശ്യമായ സമയം. ഒരു ദിവസത്തിനകം റിസള്‍ട്ട് ലഭിക്കും. പരിശോധനക്ക് 45 റിയാലും സാമ്പിള്‍ ശേഖരിക്കുന്നതിന് അഞ്ച് റിയാലുമാണ് ഈടാക്കുന്നത്.

സെറോളജിക്കല്‍ പരിശോധനക്ക് 15 റിയാലാണ് നിരക്ക്. കോവിഡ് വന്നുപോയോ എന്ന് പരിശോധിക്കുന്നതാണ് സെറോളജിക്കല്‍ ടെസ്റ്റ്. രക്ത സാംപിള്‍ ശേഖരിച്ചുള്ള പരിശോധനക്ക് 60 മിനുട്ടാണ് വേണ്ടത്. രണ്ട് മണിക്കൂര്‍ കൊണ്ട് റിപ്പോര്‍ട്ട് ലഭിക്കും. സാമ്പിള്‍ ശേഖരിക്കുന്നതിന് നാല് റിയാലും പരിശോധനക്ക് 11 റിയാലുമാണ് നിരക്ക്.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 35 റിയാലാണ് നിരക്ക്. പരിശോധനക്ക് 30 റിയാലും സാമ്പിള്‍ ശേഖരിക്കുന്നതിന് അഞ്ച് റിയാലുമാണ്. മൂക്കില്‍ നിന്നെടുക്കുന്ന സാംപിളുകള്‍ മാന്വല്‍ രീതിയില്‍ പരിശോധിച്ചാണ് രോഗാണു ഉണ്ടോ എന്ന് കണ്ടെത്തുക. .

 

Latest News