Sorry, you need to enable JavaScript to visit this website.

ചോദ്യങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി

ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞത് അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ്. 'ഞങ്ങളുടെ പാർട്ടി' എന്ന് പറഞ്ഞുകൊണ്ട് പാർട്ടി സ്വന്തമെന്ന് സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ എൽ.ഡി.എഫ് സർക്കാരിനെ തന്റെ സ്വന്തമാക്കി. മന്ത്രിമാരെയാകെ നോക്കുകുത്തികളാക്കി. തിരുവായ്ക്ക് എതിർവായില്ലാത്ത ഭരണവുമായി അദ്ദേഹം നാലര വർഷം പിന്നിടുന്നു. മാധ്യമങ്ങളെ ഇത്രയും കാലം അകറ്റി നിർത്തി. കാരണം മാധ്യമങ്ങളുടെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങളെ അദ്ദേഹം വെറുക്കുന്നു. തന്നെ ചോദ്യം ചെയ്യാൻ മാധ്യമങ്ങൾക്ക് എന്തവകാശമെന്നതാണ് ഭാവം. ഈ 'പ്രത്യേക മാനസികാവസ്ഥ' ഉള്ളവരാണ് പത്രസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചവരെന്ന് കാണുമ്പോൾ മൂക്കത്ത് വിരൽ വെച്ചുപോകും.
ഈ ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയെ മുഖം കാണിക്കാൻ സഹമന്ത്രിമാർക്ക് അവകാശമില്ല. കുട്ടികൾ അച്ഛനെ കൊണ്ട് കാര്യം സാധിക്കാൻ അമ്മയോട് വിഷയം അവതരിപ്പിക്കുന്ന പതിവ് മുമ്പ് ഉണ്ടായിരുന്നു. അമ്മാതിരി ഒരേർപ്പാടാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നതെന്ന് പറയുമ്പോൾ ഈ മന്ത്രിമാർ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കേണ്ടിവരും. മന്ത്രിമാർ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കറിനെ കണ്ട് മുഖ്യമന്ത്രിയോട് ഉണർത്തിക്കേണ്ട കാര്യങ്ങൾ ബോധിപ്പിക്കണമായിരുന്നു. അദ്ദേഹമാണ് അതിൽ തീർപ്പുണ്ടാക്കുന്നത്. മന്ത്രിമാർക്ക് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയെ കാണാം!
മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ നാറുന്ന കഥകൾ ഞാൻ പറയണോ എന്നാണ് കഴിഞ്ഞ ദിവസം പിണറായി വിജയൻ പത്രസമ്മേളനത്തിൽ വെല്ലുവിളിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ നിയന്ത്രണം തെറ്റിച്ചത്. തന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സ്വപ്‌ന സുരേഷുമായി തന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മോശമായ ബന്ധമുണ്ടെന്ന ആരോപമുണ്ടായതിനാൽ നടപടിയെടുത്തെന്നും പറഞ്ഞ് കാര്യങ്ങൾ നിസ്സാരമാക്കിയിട്ടും എന്തിനാണ് ഇത്തരം ചോദ്യങ്ങൾ എന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. പത്രപ്രവർത്തകരെ വിരട്ടിനിർത്താമെന്ന പഴയ ശൈലിയാണ് ദിവസങ്ങളായി അദ്ദേഹം പയറ്റിയത്. എല്ലാത്തിലും ശിവശങ്കറിന് മാത്രമാണ് ബന്ധമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതുമായി ബന്ധമില്ലെന്നുമാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവരും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാൽ എന്താണെന്നു കൂടി ഇക്കൂട്ടർ വ്യക്തമാക്കാൻ തയാറാകണം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിൻസിപ്പിൽ സെക്രട്ടറിയും ഐ.ടി ഫെലോയും മറ്റു ചില സെക്രട്ടറിമാരും ചേരുന്നതാണ് ഓഫീസ് എന്നു പറയുന്നത്. ഓഫീസിനെ നിയന്ത്രിച്ചത് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അപ്പോൾ സെക്രട്ടറിയും ഐ.ടി ഫെലോയും ഒരു കേസിൽ പങ്കുണ്ടെന്ന് പറഞ്ഞാൽ ഓഫീസിന് പങ്കെണ്ടെന്നു തന്നെയാണ്. പ്രിൻസിപ്പിൽ സെക്രട്ടറി എന്തു ചെയ്താലും അത് മുഖ്യമന്ത്രിക്ക് വേണ്ടി കൂടിയാണ്. മുഖ്യമന്ത്രിയുമായി സ്വപ്‌ന സുരേഷിന് നല്ല പരിചയമുണ്ടെന്ന് അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞാൽ അത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യമല്ലേ. എൻ.ഐ.എ ഓരോരുത്തരുടെയും കൈക്കോ കഴുത്തിനോ പിടിച്ചാലേ ബന്ധമാകൂ എന്നുണ്ടോ?
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ ഓഫീസിനും മുഖ്യമന്ത്രിക്ക് നേരയും ആരോപണങ്ങൾ ഉയർന്നു. മാധ്യമങ്ങൾ അതൊക്കെ കാര്യമായി കൈകാര്യം ചെയ്യുന്നത് അന്നത്തെ പ്രതിപക്ഷം നന്നായി ആസ്വദിച്ചതാണ്. ഇന്നുള്ളതുപോലെ മുഖ്യമന്ത്രിയോട് സമയ ക്ലിപ്തതയില്ലാതെ അവർ ചോദ്യങ്ങൾ ചോദിച്ചു. ഉമ്മൻ ചാണ്ടി അതിൽ അസ്വാരസ്യം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല, തന്റെ ഓഫീസിനെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിശ്ചിയിക്കുകയും ചെയ്തു. പ്രതിപക്ഷത്തിൽ നിന്ന് അന്വേഷണ വിഷയങ്ങൾ എഴുതിവാങ്ങി അതുകൂടി ഉൾപ്പെടുത്തി. അതിനേക്കാൾ ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ അന്വേഷണം എന്തുകൊണ്ട് നടത്തുന്നില്ല എന്ന്  മുഖ്യമന്ത്രിയോട് ചോദിച്ചുകൂടേ.  ഉമ്മൻ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷം എന്തെല്ലാം നാറുന്ന കഥകളുണ്ടാക്കിയിരുന്നു. അന്ന് സമരങ്ങളുടെ വേലിയേറ്റമായിരുന്നു. 
രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്ത് കേസിന്റെ നിഴലിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുമ്പോൾ അതിലെ സംശയം ദൂരീകരിക്കാൻ മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിക്കാൻ പോലും പാടില്ലെന്നത് ജനധിപത്യപരമല്ല. പത്രസമ്മേളനത്തിൽ അസുഖകരമായ ചോദ്യങ്ങൾ വരുമ്പോൾ മൈക്ക് ഓഫ് ചെയ്ത് എഴുന്നേറ്റ് പോകുന്നത് എന്ത് ജനാധിപത്യ മര്യാദയാണ്? ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരിയാണ് താനെന്ന ചിന്തയില്ലാത്തതിനാലാണ് ഇത്തരത്തിൽ അസ്വസ്ഥനാകുന്നത്. മുഖ്യമന്ത്രി അഞ്ച് മിനിറ്റ് കൂടിയിരുന്ന് ഉത്തരം പറഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് ജനം ചോദിച്ചാൽ അവരെ കുറ്റം പറയാനാവില്ല. കോവിഡിന്റെ കണക്ക് കാണിച്ച് ജനങ്ങളെയും ചാനലുകളെയും ഉപയോഗിച്ച് മുഖ്യമന്ത്രി തന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തകർന്നു തരിപ്പണമായത്.
പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ 'ഇത് ഞങ്ങളുടെ പാർട്ടി'യെന്ന് പറഞ്ഞ് ജനങ്ങളെ പുറത്താക്കിയ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ താൻ എല്ലാത്തിനും മീതേയെന്ന് കാണിച്ച് ജനങ്ങളെ വെറുപ്പിക്കുന്നു. മന്ത്രിമാരുടെ എല്ലാ ഫയലുകളിലും മുഖ്യമന്ത്രിയുടെ അധികാരമുപയോഗിച്ച് വിളിച്ചുവരുത്തി തന്റെ തീരുമാനം നടപ്പാക്കുന്നു. ഇത് സഹിക്കുന്ന മന്ത്രിമാരാണ് കൂടെയുള്ളതെന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. ഇ മൊബിലിറ്റിയുടെ ഫയൽ ഗതാഗത മന്ത്രിയറിയാതെ ഐ.ടി വകുപ്പിൽ ഉണ്ടാക്കി തീരുമാനമെടുത്ത മുഖ്യമന്ത്രിയാണ് പിണറായി. സ്പ്രിംഗഌ കരാറിന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു. ഇത്തരം ആരോപണങ്ങൾ വരുമ്പോൾ അതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുന്നത് ആ തൊഴിലിന്റെ ധർമമാണ്. ജനങ്ങളുടെ ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. യാതൊരു ധാർമികതയുമില്ലാത്ത ഭരണാധികാരികൾ മാധ്യമ ധർമം പഠിപ്പിക്കുമ്പോൾ ചിരിച്ചു തള്ളാതെന്ത് ചെയ്യാനാണ്.
ഭരണാധികാരികൾക്ക് ജനപിന്തുണ ലഭിക്കേണ്ടത് അവരുടെ പ്രവർത്തനങ്ങളിലൂടെയാണ്. ലോകം കണ്ട ഏകാധിപതികളായ ഭരണാധികരികൾ തങ്ങളാണ് മികച്ച ഭരണാധികാരിയെന്ന് അന്ധമായി വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തിന്റെ പുറത്ത് വീണ്ടും വീണ്ടും ജനവഞ്ചന നടത്തുകയും ചെയ്തു. എന്നാൽ എന്നും ഒന്നും ഒരുപോലെയിരിക്കില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നെങ്കിലും എന്തെങ്കിലുമൊക്കെ സംഭവിക്കുക തന്നെ ചെയ്യും. അങ്ങനെയൊരു സ്വാഭാവിക പരിണതിയാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും വന്നുഭവിച്ചത്.
എന്തുകൊണ്ട് കേരളത്തിലെ മറ്റു വകുപ്പുകളെക്കുറിച്ച് ഇത്രയും ആക്ഷേപങ്ങൾ ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുചരന്മാരയ ഏതാനും മന്ത്രിമാർക്കുമെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്. ഐ.ടി, ആഭ്യന്തരം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി കൈയാളുന്ന വകുപ്പുകളാണ്. തോമസ് ഐസക്കിനെ പോലുള്ള മുതിർന്ന മന്ത്രിമാരുടെ അഭിപ്രായങ്ങളെപ്പോലും മുഖ്യമന്ത്രി ഓവർറൂൾ ചെയ്യുന്നു എന്നത് ആ മന്ത്രിമാരുടെ മനോവീര്യം കെടുത്തുക തന്നെ ചെയ്യും. ജി.സുധാകരനെ പോലുള്ള വീരശൂരന്മാർ മന്ത്രിസഭയിലുണ്ടെന്ന് പോലും അറിയാനില്ല. എൻ.ഐ.എയുടെയും കസ്റ്റംസിന്റെയും നിരീക്ഷണത്തിലുള്ള കെടി. ജലീലിനെപ്പോലുള്ളവരാണ് മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവർ.
അയ്യപ്പഭക്തന്മാർ പറയുന്നത് പിണറായിക്ക് അയ്യപ്പന്റെ ശാപമുണ്ടെന്ന രസകരമായ വാദമാണ്. മറ്റു ചില സി.പി.എമ്മുകാർ പറയുന്നത് വന്ദ്യവയോധികനായ വി.എസ്. അച്യൂതാനന്ദനെ വഞ്ചിച്ച് അധികാരത്തിൽ വന്നതിനുള്ള ശിക്ഷയാണെന്നും. എന്തുതന്നെയായാലും കേരളത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എത്രയെത്ര ദുരന്തങ്ങളാണ് വന്നുകയറുന്നത്. ഓഖി മുതൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും വിവിധ പകർച്ചവ്യാധികളും ഇതിൽ പെടുന്നു. നന്മയില്ലെങ്കിൽ നാടുമുടിയുമെന്ന് പഴയ രാജാക്കന്മാർ വിശ്വസിച്ചിരുന്നു. ആ ഭയമാണ് അവരെ മുന്നോട്ട് നയിച്ചത്.
ഉമ്മൻ ചാണ്ടിയായിരിക്കും സാധാരണക്കാരന് ഏറ്റവും അടുത്തിടപഴകാൻ കഴിഞ്ഞിരുന്ന ഏക മുഖ്യമന്ത്രി. ആർക്കും എവിടെവെച്ചും പരാതി പറയാം, നിവേദനം നൽകാം. പക്ഷേ ഇപ്പോൾ അതൊന്നും നടക്കില്ല. ഈ സർക്കാരിന്റെ കാലത്ത് പി.എസ്.സി റാങ്ക് ലിസറ്റിലുള്ളവർക്ക് തൊഴിൽ നൽകാൻ സർക്കാർ തയാറായില്ല. പല ലിസ്റ്റുകളും കാൻസൽ ആകുന്നു. റാങ്ക് പട്ടികയിലുള്ളവർ സംഘടിച്ച് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഒരു നിവേദനം കൊടുക്കാൻ പല വഴിക്കും ശ്രമിച്ചുനോക്കി. പക്ഷേ നാലര വർഷത്തിനിടയിൽ ഒരിക്കൽ പോലും മുഖ്യമന്ത്രി അവർക്ക് കാണാൻ അനുമതി നൽകിയില്ല. ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള അകലം ഇതിൽനിന്നും വ്യക്തമാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പല മേഖലകളും കുത്തഴിഞ്ഞതും അഴിമതി നിറഞ്ഞതുമായിരുന്നു എന്ന് വിസ്മരിക്കുന്നില്ല. എങ്കിലും സർക്കാരിന് ജനാധിപത്യ മുഖമുണ്ടായിരുന്നു. 
അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പിണറായി സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി.എം അതിന് അദ്ദേഹത്തെ അനുവദിച്ചില്ലെന്നത് പകൽ പോലെ സത്യമാണ്. വകുപ്പുകളൊന്നുമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ആഭ്യന്തരം, വിജിലൻസ് എന്നിവ അദ്ദേഹത്തിന് നൽകിയില്ല. പാർട്ടിയുടെ കൂച്ചുവിലങ്ങ് എല്ലാത്തിനുമുണ്ടായിരുന്നു. ഇന്ന് പാർട്ടിയും ഭരണാധികാരിയും ഒന്നാണ്. പാർട്ടിക്ക് ദേശീയ നേതൃത്വമൊന്നില്ലാതായിരിക്കുന്നു. പി.ബിയും സി.സിയും പിണറായി എന്ന 'മണിപവർ' രാഷ്ട്രീയ നേതാവിൽ ഒതുങ്ങുന്നു.
 

Latest News