Sorry, you need to enable JavaScript to visit this website.

സെൻസെക്‌സും നിഫ്റ്റിയും മുന്നേറി

കാളക്കൂട്ടം ഓഹരി വിപണിയിൽ വീണ്ടും കരുത്തു കാണിച്ചു. കരടികൾ സൃഷ്ടിച്ച പത്മവ്യൂഹം തകർത്ത് എറിഞ്ഞ് പ്രമുഖ ഇൻഡക്‌സുകൾ തിളങ്ങി. ബോംബെ സെൻസെക്‌സ് 433 പോയന്റും നിഫ്റ്റി 140 പോയന്റും കഴിഞ്ഞ വാരം മുന്നേറി. വിദേശ നിക്ഷേപത്തിന്റെ കരുത്തിൽ ഇന്ത്യൻ മാർക്കറ്റ് തിളങ്ങിയത് കണ്ട് പ്രാദേശിക നിക്ഷേപകരും വാങ്ങലുകാരായി. വാരാരംഭത്തിൽ ഇന്ത്യൻ വിപണി തളർച്ചയിലായിരുന്നു. നിഫ്റ്റി സൂചിക 11,073 ൽ നിന്ന് വിൽപന സമ്മർദം മൂലം 10,882 ലേയ്ക്ക് ഇടിഞ്ഞ തക്കത്തിന് വിദേശ ഓപ്പറേറ്റർമാർ മുൻനിര ഓഹരികളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചതിനാൽ സൂചിക 11,000 പോയിന്റും കടന്ന് 11,256 വരെ സഞ്ചരിച്ചു. മുൻ വാരം സൂചിപ്പിച്ച 10,831 ലെ താങ്ങ് വിപണി നിലനിർത്തിയതിനൊപ്പം പ്രതിരോധമായി സൂചിപ്പിച്ച 11,267 പോയിന്റ് മറികടക്കാനുമായില്ല. വെള്ളിയാഴ്ച ക്ലോസിംഗിൽ 11,214 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ പ്രതിരോധം 11,352 ലാണ്, ക്ലോസിംഗിൽ ഇത് തകർത്താൽ നിഫ്റ്റിക്ക് 11,491 കൈപ്പിടിയിൽ ഒതുക്കാനാവശ്യമായ കരുത്ത് കണ്ടെത്താനാവും. 


ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിന് രംഗത്ത് ഇറങ്ങിയാൽ 10,978-10,743 പോയന്റിലേയ്ക്ക് തിരുത്തൽ പ്രതീക്ഷിക്കാം. നിഫ്റ്റി സൂചിക അതിന്റെ 50 ആഴ്ചകളിലെ ശരാശരിയായ 10,912 നും 100 ആഴ്ചകളിലെ ശരാശരിയായ 11,018 പോയന്റിന് മുകളിൽ നീങ്ങുന്നത് ബുൾ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം ഉയർത്തും.   
ബോംബെ സൂചിക 200 ഡി.എം.എ ആയ 37,000 പോയന്റിലെ സപ്പോർട്ട് നിലനിർത്തി. 37,706 ൽ നിന്ന് സൂചിക 36,911 ലേയ്ക്ക് താഴ്‌ന്നെങ്കിലും ഈ അവസരത്തിലെ വാങ്ങൽ താൽപര്യം സെൻസെക്‌സിനെ 38,221 വരെ ഉയർത്തി. വ്യാപാരാന്ത്യം സൂചിക 38,040 പോയന്റിലാണ്. വാര മധ്യത്തിന് മുമ്പേ 38,537 ലെ ആദ്യ തടസം മറികടന്നാൽ വിപണിയുടെ ലക്ഷ്യം 39,034 പോയന്റായി മാറും. സൂചികയ്ക്ക് തിരിച്ചടി നേരിട്ടാൽ 37,227-36,414 റേഞ്ചിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കാം. 


വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 74.91 ൽ നിന്ന് 74.97 ലേയ്ക്ക് നീങ്ങി. പിന്നിട്ട വാരം രൂപയുടെ മൂല്യത്തിൽ കാര്യമായ ചാഞ്ചാട്ടമില്ല. കേന്ദ്ര ബാങ്ക് വായ്പാ അവലോകനത്തിന് ഒത്ത് ചേർന്നെങ്കിലും പലിശ നിരക്കിൽ മാറ്റമില്ല. ഡോളറിന് മുന്നിൽ വർഷാരംഭത്തിൽ 70.50 നും 72 നും ഇടയിൽ നീങ്ങിയ വിനിമയ മൂല്യം മാർച്ചിൽ വൻ തകർച്ചയിലേയ്ക്ക് വഴുതി. വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കാൻ മത്സരിച്ചതോടെ ഏപ്രിലിൽ 76.90 ലേയ്ക്ക് ഇടിഞ്ഞു. എകദേശം ഒമ്പത് ശതമാനം മൂല്യ തകർച്ചയാണ് വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ സംഭവിച്ചത്. രാജ്യാന്തര ഫോറെക്‌സ് മാർക്കറ്റിൽ പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ ഡോളർ തളർച്ചയിലാണ്. യു.എസ് ഫെഡ് റിസർവ് ഡോളറിനെ ശക്തിപ്പെടുത്താൻ നീക്കം തുടങ്ങിയാൽ അത് രൂപയിൽ വൻ ആഘാതം സൃഷ്ടിക്കും. ഡോളർ കരുത്ത് നേടിയാൽ ഫണ്ടുകൾ ഇന്ത്യ ഓഹരിയിൽ വിൽപനക്കാരാവും. അത്തരം ഒരു സാഹചര്യം ഉടലെടുത്താൽ രൂപ വർഷാവസാന മാസങ്ങളിൽ 77-79 റേഞ്ചിലേയ്ക്ക് ആടി ഉലയാം. 


  മുൻനിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ പിന്നിട്ട വാരം 74,240 കോടി രൂപയുടെ വർധന. ആർ.ഐ.എൽ വിപണി മൂല്യം 50,556.75 കോടി രൂപ വർധിച്ചു. ഐ.സി. ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, എയർടെൽ, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടം. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ ബാരലിന് 41.53 ഡോളറിലാണ്. ഒരവസരത്തിൽ 43 ലേയ്ക്ക് എണ്ണ വില കയറിയെങ്കിലും ഈ റേഞ്ചിൽ വിൽപന സമ്മർദം ദൃശ്യമായി. ആഗോള മാർക്കറ്റിൽ സ്വർണവില ട്രോയ് ഔൺസിന് 1980 ഡോളറിൽ നിന്ന് 2072 ഡോളർ വരെ ഉയർന്ന് ചരിത്രം സൃഷ്ടിച്ചു. വാരാന്ത്യം വില 2034 ഡോളറിലാണ്. ഡെയ്‌ലി ചാർട്ടിൽ സ്വർണം ബുള്ളിഷാണെങ്കിലും ഒരു പുൾ ബാക്ക് റാലി ഉടലെടുത്താൽ 1904 ഡോളറിലാവും സപ്പോർട്ട് ലഭിക്കുക.

 

Latest News