Sorry, you need to enable JavaScript to visit this website.

ആർ.ബി.ഐ നയം നിക്ഷേപകർക്കും  വായ്പ എടുക്കുന്നവർക്കും ആശ്വാസകരം

റിപ്പോ നിരക്കിൽ ഒരു വ്യത്യാസവും വരുത്തേണ്ടെന്ന റിസർവ് ബാങ്ക് തീരുമാനം നിക്ഷേപകർക്കും സ്വർണപ്പണയത്തിൽ വായ്പ എടുക്കുന്നവർക്കും ആശ്വാസകരമാണ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വ്യക്തികളും വ്യവസായ, വാണിജ്യ മേഖലകളും നേരിടുന്ന പ്രയാസങ്ങൾ കുറക്കുന്നതിനു സഹായകമായ തീരുമാനങ്ങളാണ് ആർ.ബി.ഐ പ്രഖ്യാപിച്ച പണ, വായ്പ നയത്തിലുള്ളത്. വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയിൽ (റിപ്പോ) ഒരു വ്യത്യാസവും വരുത്തേണ്ടെന്ന തീരുമാനം കൂടുതൽ ആശ്വാസം പകരുക ബാങ്ക് നിക്ഷേപകർക്കാണ്. അതുപോലെ സ്വർണ വായ്പാ തുക കൂട്ടാനുള്ള തീരുമാനവും ജനങ്ങൾക്ക് ആശ്വാസമേകുന്നതാണ്. റിപ്പോ നിരക്കു കുറച്ചിരുന്നെങ്കിൽ ബാങ്കുകളിൽനിന്നു വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെടുന്ന സാഹചര്യമുണ്ടായേനെ. അത് ഒഴിവായെന്നത് ബാങ്കുകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. അതല്ലെങ്കിൽ ബാങ്കുകളുടെ പണ ലഭ്യതയെ ബാധിക്കാൻ അതിടയാക്കുമായിരുന്നു. 


പലിശ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ ബാങ്ക് നിരക്ക് അനാകർഷകമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ റിപ്പോ നിരക്കിൽ വ്യത്യാസം വരുത്താതിരുന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അവരുടെ നിക്ഷേപം ബാങ്കുകളിൽ തന്നെ നിലനിർത്താൻ പ്രേരിപ്പിച്ചേക്കും. കാരണം പലിശ നിരക്കുകൾ തൽക്കാലം കുറയ്ക്കാൻ ബാങ്കുകൾ തയാറാകില്ലെന്ന് ഉറപ്പായതോടെയാണിത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 1.35 ശതമാനം ഇളവിനു പുറമെ കഴിഞ്ഞ ഫെബ്രുവരിയിലും റിപ്പോ നിരക്കിൽ 1.15 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഇത് നിക്ഷേപകരുടെ പലിശ നിരക്ക് കുറക്കാനിടയാക്കിയെന്നു മാത്രമല്ല, പണപ്പെരുപ്പ നിരക്ക് ക്രമാതീതമായി ഉയർന്നതോടെ ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനംകൊണ്ട് വലിയ പ്രയോജനം ഇല്ലെന്ന സ്ഥിതി സംജാതമാവുകയും ചെയ്തിരുന്നു. മുതിർന്ന പൗരന്മാരിൽ ഏറെ പേരുടേയും വരുമാനം ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള പലിശയാണ്. അതികൊണ്ടു മാത്രം ജീവിക്കുന്നവരാണ് ഇവിൽ പലരും. വിലക്കയറ്റം കൂടുകയും പലിശ കുറയുകയും ചെയ്തതോടെ ഇവരുടെ ജീവിതം പ്രയാസത്തിലേക്കു നീങ്ങുകയായിരുന്നു. അതിനാൽ റിപ്പോ നിരക്കിൽ വീണ്ടും കുറവു വരുത്തുമോ എന്ന ആശങ്ക ഇവർക്കുണ്ടായിരുന്നു. എന്നാൽ അതുണ്ടാവാതിരുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകിയിരിക്കുകയാണ്. എന്തായാലും നിക്ഷേപങ്ങൾക്ക് നിലവിൽ നൽകുന്ന പലിശ നിരക്കിൽ കുറവുണ്ടാവില്ലെന്നതാണ് ഇതിനു കാരണം. 


വിപണി വിലയുടെ 75 ശതമാനമാണ് ഏറ്റവും ഉയർന്ന സ്വർണ പണയ വായ്പയായി നിലവിൽ ലഭിക്കുന്നത്. അതുയർത്തിയതും വിപണിക്കു ഗുണകരമായി മാറും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കടുതൽ വായ്പ ലഭിക്കുന്നത് ആശ്വാസകരമാവും. എന്നാൽ സ്വർണ പണയ വായ്പാ തുകയുടെ പരിധി ഉയർത്തലിന്റെ ആനുകൂല്യം ബങ്കുകളിൽ നിന്നു മാത്രമേ ലഭിക്കൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  


വായ്പകൾ ക്രമീകരിക്കാനുള്ള തീരുമാനവും വ്യക്തികൾക്കും കമ്പനികൾക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങി വ്യക്തികളെടുത്തിട്ടുള്ള പല ഇനം വായ്പകളും വ്യവസ്ഥകൾക്കു വിധേയമായി പുനഃക്രമീകരിക്കാൻ ഇതുവഴി അവസരം ലഭിക്കും. മൊറട്ടോറിയം മൂലം തിരിച്ചടവിനു ലഭിക്കുന്ന അവധി കമ്പനികൾക്കു ആശ്വാസകരമായിരുന്നില്ല. എന്നാൽ വായ്പകൾ പുനഃക്രമീകരിക്കുമെന്ന അറിയിപ്പു കമ്പനികൾക്ക് ആശ്വാസകരമാണ്. പുനഃക്രമീകരണം ഒറ്റത്തവണ മാത്രമേ അനുവദിക്കൂ എന്നു മാത്രം. നാഷനൽ ഹൗസിങ് ബാങ്കിനും നബാർഡിനും 5000 കോടി രൂപ വീതം അനുവദിക്കാനുള്ള തീരുമാനം പാർപ്പിട വ്യവസായ മേഖലക്ക് ഉത്തേജനം പകരും. ഈ പണം ഭവന വായ്പാ ഏജൻസികളുടെ പണലഭ്യത വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കാനുള്ള പണം പാർപ്പിട നിർമാതാക്കൾക്കു ലഭിക്കാൻ ഇതു സഹായിക്കും. 


 

Latest News