ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് താന്‍   പറഞ്ഞിട്ടില്ലെന്ന് നടി സ്വാതി നിത്യാനന്ദ്

പാലക്കാട്-ഉണ്ണി മുകുന്ദനെയും തന്നെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് മറുപടിയുമായി അടുത്തിടെ വിവാഹിതയായ സീരിയല്‍ നടി സ്വാതി നിത്യാനന്ദ്. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്വാതി സോഷ്യല്‍ മീഡിയകളിലൂടെ ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സ്വാതിയുടെ വിവാഹത്തിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിലും 'ഉണ്ണി മുകുന്ദനുമായുള്ള കല്യാണം' ചിലര്‍ വിഷയമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതിയോടും ഇക്കാര്യം ചോദിച്ചത്.
'ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒന്നും ഒന്നും മൂന്ന് ഷോയില്‍ പറഞ്ഞിരുന്നല്ലോ. എന്നിട്ടിപ്പോള്‍ നിങ്ങള്‍ അത് ഉപേക്ഷിച്ചു' എന്ന പരിഹാസമാണ് ചോദ്യമായി സ്വാതിക്ക് ലഭിച്ചത്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയാണ് താരം നല്‍കിയത്. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാന്‍ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാന്‍ വന്നാല്‍ മതി. എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാന്‍ സഹിച്ചോളാം. നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.
ലോക് ഡൗണ്‍ കാലത്താണ് സ്വാതി നിത്യാനന്ദ് വിവാഹിതയായത്. ക്യാമറാമാനായ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടന്നത്. ഭ്രമരം എന്ന സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെയാണ് സ്വാതി ശ്രദ്ധിക്കപ്പെട്ടത്.ഭ്രമരം സീരിയലിന്റെ ക്യാമറ ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സമയത്തെ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് സ്വാതി അഭിനയരംഗത്തെത്തുന്നത്.
 

Latest News