Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ  ബാക്കിപത്രം

ധനശാസ്ത്രമല്ലാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ വായിക്കാറുള്ള ഒരു വാരികയാണ് ലണ്ടനിൽ നിന്ന് നൂറ്റമ്പതു കൊല്ലമായി ഇറങ്ങുന്ന ദ് എക്കോണമിസ്റ്റ്.  അതിൽ ഇരുപത്തഞ്ചു കൊല്ലം മുമ്പു വന്ന മൂന്നു വിചിന്തനങ്ങൾ ഓർക്കുന്നു. ഒന്ന്, ന്യൂറോളജിയിലെ ഗവേഷണത്തിലൂടെ ആത്മാവിന്റെ ഉറവിടം തേടുന്ന വിളയന്നൂർ രാമചന്ദ്രൻ. രണ്ട്, താൻ ആത്മീയ നേതൃത്വം നൽകുന്ന സഭയുടെ നിലനിൽപിനു വേണ്ട പണം കണ്ടെത്തുന്ന പുരോഹിത പ്രഭു.  പള്ളിയായാലും വിദ്യാലയമായാലും പാളയമായാലും, ആവശ്യത്തിനു വേണ്ട വരുമാനവും ന്യായമായ ലാഭവും ഉറപ്പു വരുത്താൻ കഴിവുള്ളയാളാകണം പുരോഹിത പ്രഭു, പ്രീസ്റ്റ് പ്രെന്യൂർ.  ജീവിത വൃത്തികളെല്ലാം സാമ്പത്തിക പ്രവൃത്തികളായി കരുതുന്ന വികാരി.  


ആത്മാവിന്റെ ഉറവിടം അടയാളപ്പെടുത്തുന്ന നീക്കങ്ങളും നിശ്ചലതകളും മനുഷ്യ മസ്തിഷ്‌കത്തിൽ വിളയന്നൂർ രാമചന്ദ്രൻ കണ്ടെത്തിക്കഴിഞ്ഞു എന്ന് പറയാറായിട്ടില്ല.  ഗവേഷണ യാത്രയുടെ ദിശ അതാണെന്നു കരുതാമെന്നേയുള്ളൂ. ഇടപാടുകാരായ ഇടവകക്കാരുടെ മടി കൊണ്ടോ എന്തോ, പ്രാർഥനയും വിശ്വാസവും ലാഭകരമായ വ്യാപാരമാക്കിയെടുക്കാൻ പറ്റുന്ന പുരോഹിത പ്രഭുക്കളായി വളർന്നിട്ടില്ല എല്ലാ അച്ചന്മാരും.  പക്ഷേ, കേരളത്തിൽ സാമ്പത്തിക സാധുതയില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന വാദഗതി ശക്തിപ്പെട്ടു വരുന്നതു പോലെ  പണം ഉണ്ടാക്കാൻ പ്രാപ്തിയുള്ളവരാകണം പുരോഹിത പ്രഭുക്കൾ എന്ന ആശയത്തിനും അനുവാചകർ ഏറുന്നു.  


ഇരുപത്തഞ്ചു കൊല്ലം മുമ്പ് വായിച്ചു മറന്നുവെന്നു കരുതിയ പ്രബന്ധം മേൽപുരയില്ലാത്ത ആപ്പീസുകളെപ്പറ്റിയായിരുന്നു.  വ്യാപാരത്തിന്റെയും ഭരണ നിർവഹണത്തിന്റെയും പ്രവർത്തന കേന്ദ്രം എവിടെയായിരിക്കണം എന്നതായിരുന്നു ചിന്താവിഷയം. തമ്മിൽതമ്മിൽ കൂടെക്കൂടെയോ എപ്പോഴുമെങ്കിലുമോ കണ്ടിരിക്കണമെന്നില്ലാത്തവർ ഒരേ മേൽക്കൂരക്കു കീഴിൽ ഒരേ നേരത്ത് ഒത്തുകൂടുന്ന ആപ്പീസിന്റെ ഭാവവും രൂപവും മാറുന്നത് ആ പ്രബന്ധം ചൂണ്ടിക്കാട്ടിയിരുന്നു. തമ്മിൽ കാണാതെയും കേൾക്കാതെയും തോളോടു തോൾ ഉരുമ്മാതെയും ആളുകൾക്ക് ജോലി ചെയ്യാൻ സാധ്യമാക്കുന്ന മേൽപുരയില്ലാത്ത ആപ്പീസിന്റെ ആവരണം അന്നേ വലിച്ചു കീറാൻ തുടങ്ങിയതോർക്കുന്നു. 


മേൽപുരയില്ലാത്ത ആപ്പീസും വിദ്യാലയവും മറ്റും ആൽത്തറയിലോ പുഴക്കരയിലോ ഗുരുകുല ശൈലിയിൽ നമ്മൾ പണ്ട് അനുഷ്ഠിച്ചിരുന്ന വിദ്യാഭ്യാസ ക്രമത്തിന്റെ തുടർച്ചയാണെന്നു പറയാൻ വരട്ടെ.  മേൽപുരയില്ലാത്ത ആപ്പീസും സ്‌കൂളും ഇപ്പോൾ പ്രസംഗത്തിൽ മാത്രമല്ല പ്രയോഗത്തിലും കടന്നുവന്നിട്ടുണ്ടെങ്കിൽ അതിനു നിദാനം കോവിഡ് ബാധ തന്നെ.  കോവിഡ് ബാധിക്കാതിരിക്കാൻ ഇതേ വരെ കണ്ടെത്തിയിട്ടുള്ള ഒരേ ഒരു വഴി, അത് രോഗത്തെ ആവുന്നത്ര അകറ്റിനിർത്തുകയാണ്.  ആളുകളുടെ അടുപ്പം കൂട്ടുന്നതാണ് സാമൂഹ്യ എൻജിനീയറിംഗിന്റെ ദൗത്യം എന്ന് ഒരു കാലത്ത് ധരിച്ചുവശായിരുന്നെങ്കിൽ, കഴിയുന്നത്ര അകന്നിരിക്കലാണ് രക്ഷ എന്ന് കോവിഡ് ഏതാനും മാസം കൊണ്ട് നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു.  


കഴിഞ്ഞ കൊല്ലം ഒടുവിൽ ഒരു വിദേശ കമ്പനിയുടെ യോഗത്തിന് ബംഗളൂരുവിൽ  എത്തിയ എന്റെ മകന്റെ സ്ഥാപനം യാത്ര കുറക്കുകയാണ് ആരോഗ്യത്തിനു ഗുണകരം എന്ന് നേരത്തേ പറഞ്ഞു തുടങ്ങിയിരുന്നു.  അവിടെ ജോലി ചെയ്യുന്ന എന്റെ മകളുടെ കമ്പനി, ഒരാഴ്ച കഴിഞ്ഞപ്പോൾ, 'വീട്ടിലിരുന്നു ജോലി' എന്ന മാതൃക നടപ്പാക്കിത്തുടങ്ങി.  ആപ്പീസുകൾ അടച്ചുപൂട്ടുക മാത്രമല്ല മേൽപുരകൾ പൊളിച്ചുകളയാനും കൽപനകൾ ഇറങ്ങി. വഴിക്കു വഴിയേ.  നിഴലും വെളിച്ചവും ശബ്ദവും വഴി, തൊട്ടുകൂടാത്തവരായ അധ്യാപകരുമായിട്ടായി അവരുടെ കുട്ടികളുടെ സമ്പർക്കം. ഈ പുതിയ സമ്പർക്ക ക്രമത്തെ   തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമായി ചില വിരുതന്മാർ ബന്ധപ്പെടുത്തുന്നതു കണ്ട് പത്രപ്രവർത്തകനും സുഹൃത്തുമായ എ.വി.എസ് നമ്പൂതിരിയെപ്പോലെ ചിലർ അരിശം കൊള്ളുന്നു.  മനുഷ്യൻ ഒന്നു വിചാരിക്കുന്നു, പ്രകൃതി മറ്റെന്തോ ചെയ്തു പോകുന്നു എന്നേയുള്ളൂ.  


മുതിർന്ന ലോക ജനസംഖ്യയിൽ നല്ലൊരു ഭാഗം ആപ്പീസിൽ പോകാതായിരിക്കുന്നു. അവരെല്ലാം മടി പിടിച്ചിരിക്കുകയല്ല, ആപ്പീസിലിരുന്ന് പതിവിൻ പടി ചെയ്യുന്നതിനേക്കാൾ കൂടുതൽ ജോലി ചെയ്യുകയാണ്. മുടി വെട്ടാനോ പശുവിനെ കറക്കാനോ ഞാറു നടാനോ വീട്ടിലിരുന്നാൽ പറ്റില്ല.  ടെലിമെഡിസിനും ടെലിസർജറിയും സാധ്യവും സുരക്ഷിതവുമാവുന്നതുവരെ അതിനു വേണ്ടവർ ഇപ്പോഴത്തെ രീതി തുടരട്ടെ.  ഏറെ കഴിയും മുമ്പ് ആ രംഗങ്ങളിലും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സ്ഥിതി നിലവിൽ വരും. കത്രികയും കൈവിരലുകളുമില്ലാതെ അറ്റു വീഴുന്ന മുടിയിഴകളും രോഗം പിടിച്ച അവയവങ്ങളും നമ്മുടെ ഭാവനയിൽ സർറിയലിസത്തിന്റെ കൗതുകം കലർത്തുന്നു.  


നമ്മളെയൊക്കെ വിരട്ടി വീട്ടിലിരുത്തുകയാണ് കോവിഡ്.  അതിന്റെ പോക്ക് കാണുമ്പോൾ നാളെയോ മറ്റന്നാളോ അമരുന്ന മട്ടില്ല.  അതേ കാരണത്താൽ, ഇതിനകം ജനപ്രിയമായിരിക്കുന്ന മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനം അപ്രതിഹതമായി തുടരുകയും ചെയ്യും.  വാസ്തവത്തിൽ 'വീട്ടിലിരുന്ന് വേല' എന്ന ഏർപ്പാടിനെച്ചൊല്ലി നമ്മൾ വേവലാതിപ്പെടേണ്ട.  വീട്ടിലിരുന്ന് വേല ചെയ്യുമ്പോൾ രണ്ടോ മൂന്നോ മണിക്കൂർ നേരത്തെ യാത്ര ഒഴിവാകുന്നു.  റോഡിലെ തിരക്ക് കുറയുന്നു.  അപകടം ഒഴിവാക്കാൻ നിയോഗിക്കപ്പെടുന്നവർക്ക് അതൊരു വെല്ലുവിളിയല്ലാതായിത്തീരുന്നു.  വ്യക്തിഗതമായി നോക്കിയാൽ മാസം തോറൂം രണ്ടോ മൂന്നോ ആയിരം രൂപ മിച്ചമാവുന്നു.  ഇതിനെ സ്ഥിതിവിവര ഗണിതത്തിന്റെ ശൈലിയിൽ അവതരിപ്പിച്ചാൽ, കോവിഡ് കാരണം ഉണ്ടാകുന്ന ഇന്ധനത്തിന്റെ മിച്ചവും  ഒഴിവാകുന്ന പാഴ്‌ചെലവും മനസ്സിലാകും.  


വീട്ടിലിരുന്നുള്ള വേല പക്ഷേ കലർപ്പില്ലാത്ത മേന്മയല്ല.  ഏറെക്കാലം വീട്ടിലിരുന്ന് വേല ചെയ്യാൻ സൗകര്യമുണ്ടായിരുന്ന എനിക്ക് ആണയിട്ടു പറയാൻ കഴിയും, ഇല്ലാത്ത മേൽപുരക്കു താഴെ തഴച്ചുവളരുന്ന ചന്തകളും ചിന്തകളും എപ്പോഴും രസം പകരുന്നതോ ലാഭം കവരുന്നതോ ആവില്ല.  മേൽക്കൂരകളും നാൽചുവരുകളും സൃഷ്ടിക്കുന്ന ഒരു ഔപചാരികതയുണ്ട്, ആ ഔപചാരികതയിൽ വളരുന്ന ഒരു കാര്യപ്രാപ്തിയുണ്ട്.  ഔപചാരികതയും കാര്യപ്രാപ്തിയും നിയാമകമല്ലാത്ത അന്തരീക്ഷത്തിൽ വസ്ത്രധാരണവും വർത്തമാനവും തോന്ന്യാസം പോലെയാകാം.  അത് ജോലി ചെയ്യിപ്പിക്കുന്നവരുടെ വേവലാതി.  വീട്ടിലിരുന്ന് വേല ചെയ്യുന്നവർക്കാകട്ടെ, എന്തോ ഒരു രസക്കേട് അനുഭവപ്പെടും.  പണ്ടൊരു കവി പാടിയില്ലേ, 'അന്തമറ്റൊരീ ജീവിതമേതോ പന്തയമെങ്കിൽ എന്തതിൽ കാമ്യം', അതു പോലെ രാവും പകലും വേല ആപ്പീസിലാണെങ്കിൽ ഉന്മേഷത്തിനും ഉത്സവത്തിനും ഇടവും നേരവും നോക്കി പുറത്തു പോകേണ്ടിവരും. 


വീട്ടിലിരുന്ന് വേല ചെയ്യുന്നതിനെ തള്ളിപ്പറയുകയല്ല.  എന്നും എവിടെയും സ്വാഗതം ചെയ്യപ്പെടേണ്ടതാണ് ആ ഏർപ്പാട്.  അതിനെ ക്രമീകരിക്കാനും സഫലമാക്കാനും വഴി കണ്ടെത്തണമെന്നു മാത്രം. അതാണ് കോവിഡ് നിബന്ധിക്കുന്ന ജീവിത ശൈലി. അതില്ലെങ്കിൽ ഫ്രൻറ് പേജ് എന്ന സിനിമയിൽ ഒരിക്കലും പണി തീരാത്ത ക്രൈം റിപ്പോർട്ടർക്കുണ്ടായ ഗതി ഓർക്കുക. ജോലി തീരാത്ത ഭർത്താവിനെ തഴഞ്ഞ് ഭാര്യ തന്റെ പാടു നോക്കി പോവുന്നു.  റിപ്പോർട്ടറെ തന്റെ വഴിക്കു വരുത്താൻ എഡിറ്റർ അയാളെ കുരുക്കിലാക്കുന്നു.  തന്റെ പ്രാരാബ്ധം റിപ്പോർട്ടറെ ഏൽപിച്ച് പുള്ളിക്കാരൻ പത്രധർമം പഠിപ്പിക്കാൻ പോകുന്നു. 


ആ വഴിക്കൊന്നും വീഴാതെ വീട്ടിലിരുന്ന് വേലയെടുക്കുന്ന വഴക്കം ജീവിതത്തിന്റെ പല വശങ്ങളിലും നടപ്പാകാം.  ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നൊക്കെ നമ്മൾ വിശേഷിപ്പിക്കുന്ന നിയമ നിർമാണസഭകളുടെ രീതി നോക്കൂ. കൂടെക്കൂടെ കൂടിവരുന്ന അവയിലെ അംഗങ്ങളുടെ അർഹമോ അനർഹമോ ആയ വേതനവും ബത്തയും സഭായോഗങ്ങൾ സംഘടിപ്പിക്കാനുള്ള ചെലവും കൂട്ടിനോക്കിയാൽ ജനാധിപത്യ വിശ്വാസികൾ അന്തം വിടും.  ജനാധിപത്യം ഒരു പ്രത്യക്ഷ പ്രക്രിയ ആയിരുന്ന ഏതൻസിലെ ഭരണക്രമത്തിലേക്ക് മടങ്ങിപ്പോകാമോ എന്നു പോലും ആലോചിച്ചു കാണും.  ഭരണം സുഗമവും സുതാര്യവുമാക്കാൻ സഹായകമായ യന്ത്രതന്ത്ര സംവിധാനം നിലവിൽ വന്നിട്ടുണ്ടല്ലോ.  കോവിഡിന്റെ സമ്മർദം കൂടിയായപ്പോൾ യോഗങ്ങൾ വഴി അണുബാധ ഉണ്ടാകാതിരിക്കാൻ വഴികൾ ആരായുകയായി.


പാർലമെന്റിലും നിയമസഭകളിലുമായി എത്രയെത്ര സഭകളാണ് നമുക്ക് ഉള്ളത്! അവ ചേരുന്നു, പിരിയുന്നു, വീണ്ടും വീണ്ടും ചേരുന്നു, അതിനിടെ നിലക്കാത്ത പ്രസംഗങ്ങൾ പൊഴിക്കുന്നു.  ജനാധിപത്യത്തിന് ഈ പ്രക്രിയ അവശ്യം ആവശ്യം തന്നെ. പക്ഷേ അത് ഇങ്ങനെയൊക്കെത്തന്നെ ആവണമെന്നുണ്ടോ? മന്ത്രിസഭാ യോഗങ്ങളും വാർത്താസമ്മേളനങ്ങളും വല്ലപ്പോഴും വീഡിയോ കോൺഫറൻസുകളാക്കാമെന്ന് മുഖ്യമന്ത്രി കാണിച്ചുതന്നിട്ടുള്ളതു പോലെ, പൂർണ സഭയുടെ യോഗങ്ങളും കമ്പിയില്ലാക്കമ്പി വഴി ആക്കാം. അംഗങ്ങൾക്ക് വീട്ടിലോ വേണ്ടപ്പെട്ട വേറെ ഏതെങ്കിലും സ്ഥലത്തോ ഇരുന്ന് വേല ചെയ്യാം. നാട്ടുകാർക്ക് താൽപര്യമുള്ളപ്പോൾ തങ്ങളുടെ ഭാഗധേയം എങ്ങനെ നിർണയിക്കപ്പെടുന്നുവെന്ന് നേരിട്ടു കാണാം. തന്നെയല്ല, ശമ്പളം കൊടുക്കാനുള്ള പണം മാത്രം നികുതി വഴിയും ബാക്കി കടമായും പിരിച്ചെടുക്കുന്ന ഒരു സംസ്ഥാനത്തിനു പ്രത്യേകിച്ചും പ്രസക്തമാകും ഈ പുതിയ സമ്പർക്കക്രമം. അതിലേക്ക് നമ്മുടെ മുഖം തിരിച്ചുപിടിച്ച കോവിഡിനു നന്ദി പറയുക.


ജനാധിപത്യത്തിന്റെ ശ്രീകോവിലിനോടു ചേർന്നോ അതിന്റെ ഭാഗമായോ സ്ഥിതി ചെയ്യുന്നതാണ് കറുത്ത കുപ്പായമണിഞ്ഞ ആളുകൾ വാദപ്രതിവാദം നടത്തുന്ന കോടതികൾ.  അവയുമായി ബന്ധമുള്ള ആരും ഉദ്ധരിക്കുന്നതാണ് ഈ മൊഴി: നീണ്ടുപോകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാവും.  തക്ക സമയത്ത് തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന കേസുകളാണല്ലോ ഇവിടെ പരാമർശം.  ഒരിടക്ക് ഹൈക്കോടതിയിൽ അട്ടിയിട്ടിരുന്ന കേസുകെട്ടുകൾ കത്തിപ്പോയിട്ടും നീതിക്കോ നിയമത്തിനോ ഒന്നും സംഭവിച്ചില്ല എന്നോർക്കുക.  
നീതിപീഠത്തിന്റെ പ്രവർത്തനം ഡിജിറ്റീകരിക്കാനുള്ള സാധ്യത എത്ര എന്ന് ആലോചിക്കാനുള്ള അവസരവും കോവിഡ് ഒരുക്കിയിരിക്കുന്നു. കേസുകെട്ടുകളിൽ കുരുങ്ങിക്കിടക്കുന്ന നീതി വേഗത്തിൽ നടപ്പാക്കാമെന്നു മാത്രമല്ല, ആയിരക്കണക്കിനു കോപ്പികൾ അടിച്ചുണ്ടാക്കുന്ന ഏർപ്പാട് തകിടം മറിക്കുകയും ചെയ്യാം അതു വഴി. ആപ്പീസുകൾ മാത്രമല്ല, സഭകളും കച്ചേരികളും കടലാസില്ലാത്ത സ്ഥാപനങ്ങളാകണം, പേപ്പർലസ് ഓഫീസ്.  

Latest News