കുവൈത്ത് അഞ്ചു ലക്ഷം വിദേശികളെ പുറത്താക്കും

കുവൈത്ത് സിറ്റി- ജനസംഖ്യാ ഘടനയിലെ തകരാറ് പരിഹരിക്കുന്നതിന് തന്ത്രപരമായ പദ്ധതി തയാറാക്കാന്‍ കുവൈത്ത് ഗവണ്‍മെന്റ് തീരുമാനിച്ചു. 5,30,000 വിദേശികളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയെ കുറിച്ച് പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ സാമൂഹിക, സാമ്പത്തിക മന്ത്രി മര്‍യം അല്‍ഉഖൈല്‍ വിശദീകരിച്ചു. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
ആദ്യ ഘട്ടത്തില്‍ നിയമ വിരുദ്ധരായ 1,20,000 വിദേശ തൊഴിലാളികളെ രാജ്യത്തു നിന്ന് പുറത്താക്കും. നിയമ വിധേയരായ തൊഴിലാളികളുടെ എണ്ണം കുറക്കുകയും വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന 60 വയസ് പിന്നിട്ട ആശ്രിതരെയും മാറാരോഗം ബാധിച്ചവരെയും പുറത്താക്കുകയുമാണ് രണ്ടാം ഘട്ടത്തില്‍ ചെയ്യുക. ഈ ഘട്ടത്തില്‍ ഒന്നര ലക്ഷം പേരെ കുവൈത്തില്‍നിന്ന് പുറത്താക്കും.
നിരക്ഷരരും വിദ്യാഭ്യാസം കുറഞ്ഞവരുമായ 90,000 ലേറെ പേരെയും പുറത്താക്കാന്‍ പദ്ധതിയുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന 1,60,000 വിദേശികള്‍ക്കു പകരം പടിപടിയായി സ്വദേശികളെ നിയമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പതിനഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് സ്വദേശികള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ച 55 ശതമാനമാണ്. ഇതേ കാലയളവില്‍ വിദേശികളുടെ എണ്ണം 100 ശതമാനം തോതില്‍ വര്‍ധിച്ചതായും സാമൂഹിക, സാമ്പത്തിക മന്ത്രി മര്‍യം അല്‍ഉഖൈല്‍ പറഞ്ഞു.

 

 

Latest News