ശ്രീനഗര്‍- സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനിറങ്ങിയ ജമ്മു കശ്മീരിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടിയായ ജമ്മു കശ്മീര്‍ പീപ്പള്‍സ് മൂവ്മെന്റില്‍ നിന്നും രാജിവെച്ചു. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി തുടര്‍ന്നുപോകാനുള്ള ഒരു നിലയില്‍ അല്ല താനെന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സ്വതന്ത്രനാക്കണമെന്നും ഡോ. ഷാ ഫൈസല്‍ പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിച്ചതായി പാര്‍ട്ടി വ്യക്തമാക്കി. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനു ഇഷ്ട വഴി തെരഞ്ഞെടുക്കാമെന്നും പാര്‍ട്ടി അറിയിച്ചു.
2010ല്‍ ഐഎഎസ് ഒന്നാം റാങ്കുകാരനായ ഫൈസലിന്റെ അടുത്ത നീക്കത്തെ കുറിച്ച് വ്യക്തതയില്ല. അദ്ദേഹം വീണ്ടും സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 37കാരനായ ഫൈസല്‍ 2019 ജനുവരിയിലാണ് സിവില്‍ സര്‍വീസ് വിട്ടത്. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങളിലും ഇന്ത്യയിലെ മുസ്ലിംകള് നേരിടുന്ന അവഗണനയിലും പ്രതിഷേധിച്ചായിരുന്നു രാജി.
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയിരുന്നു അദ്ദേഹം. മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ഭരണകൂടം ഷാ ഫൈസലിനേയും കസ്റ്റഡിയിലെടുത്തിരുന്നു. തടങ്കലിലായിരുന്ന ഫൈസല്‍ കഴിഞ്ഞ മാസമാണ് മോചിതനായത്.






