ആത്മഹത്യാ കുറിപ്പെഴുതി അപ്രത്യക്ഷനായ ആരോഗ്യപ്രവർത്തകന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം- ആത്മഹത്യാക്കുറിപ്പെഴുതിവച്ച ശേഷം കാണാതായ ആരോഗ്യപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പേയാട് കാക്കുള്ളം റോഡ് ശിവകൃപയിൽ ആരോഗ്യ ഡയറക്ടറേറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാറി(54)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

 മങ്ങാട്ടുകടവിൽ പുഴയിൽനിന്നാണ് മൃതദേഹം ലഭിച്ചത്. കരമനയാറ്റിലെ നീലച്ചൽ കടവിൽ കൃഷ്ണകുമാറിന്റെ ചെരുപ്പുകൾ കണ്ടെത്തിയിതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘവും ഞായറാഴ്ച ഉച്ചയോടെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും  കനത്ത മഴയും നീരൊഴുക്കുമായതിനാൽ വൈകീട്ട് തിരച്ചിൽ നിർത്തിവെച്ചിരുന്നു.

വീടിനുള്ളിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്നിലൂടെ ആർക്കും രോഗം പകരാതിരിക്കാൻ പോകുന്നു. മുങ്ങി.... എന്നാണെഴുതിയിരുന്നത്. ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചിരുന്നില്ല.

കൃഷ്ണകുമാറിന്‍റെ സഹപ്രവർത്തകന്‍റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സഹപ്രവർത്തകനു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിക്കാത്തതിനാൽ കൃഷ്ണകുമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കർക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം അറിയിക്കുകയും ചെയ്തിരുന്നു. 

എന്നാൽ, കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു.

Latest News