മൂന്നു മാസത്തിനിടെ 200 ഓളം മൃതദേഹങ്ങൾ ഖബറടക്കി; സേവനവീഥിയിൽ കർമനിരതരായി കെ.എം.സി.സി

റിയാദ് - കഴിഞ്ഞ മൂന്നു മാസത്തിനിടെ റിയാദിൽ ഇരുനൂറോളം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകിയ കെ.എം.സി.സി ദാറുസ്സലാം വിംഗ് സേവന വീഥിയിൽ അജയ്യമായി തുടരുന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിന്റെ ഉപ വിഭാഗമായ ദാറുസ്സലാം വിംഗ് റിയാദിലും പരിസര പ്രദേശങ്ങളിലുമായി കോവിഡ് ബാധിച്ചും അല്ലാതെയുമുള്ള 200 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലയക്കുകയോ ഇവിടെ തന്നെ ഖബറടക്കുകയോ ചെയ്തത്. റിയാദിലെ വിവിധ ആശുപത്രികളിൽ മാസങ്ങളായി നടപടികൾ പൂർത്തിയാകാതെ കിടക്കുകയായിരുന്ന മൃതദേഹങ്ങളും ഇവരുടെ ശ്രമഫലമായി ഖബറടക്കം നടത്തി. കേരളേതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടേതടക്കം മത, രാഷ്ട്രീയ, ഭാഷാ വിവേചനമില്ലാതെ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇവർ ഏറ്റെടുത്ത് മറവ് ചെയ്യുന്നു. സ്‌പോൺസറോ ബന്ധുക്കളോ ഏറ്റെടുക്കാത്ത മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.


കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇവർക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഇരുപതോളം മൃതദേഹങ്ങൾ വരെ ഖബറടക്കേണ്ട ദിവസമുണ്ടായിട്ടുണ്ട്. ബന്ധുക്കൾ, ആശുപത്രി, എംബസി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ആവശ്യമായ രേഖകളെല്ലാം അതിവേഗം സംഘടിപ്പിച്ച് എത്രയും പെട്ടെന്ന് മറവു ചെയ്യുകയെന്നതാണ് ഇവരുടെ തീരുമാനം. സൗദി അധികൃതരും ഇന്ത്യൻ എംബസിയും ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുന്നു.


കോവിഡ് രോഗികളാണ് മരിച്ചതെങ്കിൽ പ്രോട്ടോകോൾ പാലിച്ച് മയ്യിത്ത് നമസ്‌കാരമടക്കമുള്ള കർമങ്ങൾ നിർവഹിച്ചാണ് മയ്യിത്ത് ഇവർ മറമാടുന്നത്. കിംഗ് ഫഹദ് മെഡിക്കൽ സിറ്റി, ശുമൈസി ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർ, മോർച്ചറി ഉദ്യോഗസ്ഥർ, മൻസൂരിയ ഖബർസ്ഥാൻ, മയ്യിത്ത് പരിപാലന കേന്ദ്രമായ ദിറൈമിയയിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേരുടെ സഹായങ്ങൾ ഈ പ്രവർത്തനത്തിന് തണലായി മാറി. മരണപ്പെട്ടവർക്ക് അവർ ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങളും നഷ്ടപരിഹാരവുമെല്ലാം ദാറുസ്സലാം വിംഗ് തന്നെ ഇടപെട്ട് കുടുംബത്തിന് വാങ്ങി നൽകാറുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിയാൽ വാഹന സൗകര്യം ആവശ്യമുള്ളവർക്ക് സി.എച്ച് സെന്റർ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആംബുലൻസ് അടക്കമുള്ള സേവനവും ലഭ്യമാക്കാറുണ്ട്.


മയ്യിത്തുമായി മഖ്ബറയിലെത്തിയപ്പോൾ കുഴിച്ച ഖബറുകൾ തീർന്നതിനെ തുടർന്ന് ദാറുസ്സലാം പ്രവർത്തകരും അവിടെയുള്ള ജീവനക്കാരും കൂടി ഖബർ കുഴിച്ച് മയ്യിത്ത് ഖബറടക്കിയത് വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് വിംഗിലെ അംഗങ്ങൾ പങ്കുവെച്ചു. ഏറ്റെടുത്ത മയ്യിത്തിന്റെ കർമങ്ങൾ പൂർത്തിയാക്കി തിരിച്ചു വരാനൊരുങ്ങുമ്പോൾ മഖ്ബറയിലെത്തുന്ന മറ്റ് മയ്യിത്തുകൾ ഖബറടക്കാനും ഇവർ തയാറാവാറുണ്ട്. രാത്രി വൈകിയും മഖ്ബറകളിൽ മയ്യിത്ത് പരിപാലനവുമായി സജീവമാകുന്ന ഇവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി നിരവധി പേർ ഇവർക്കൊപ്പം പിന്നീട് ഈ പ്രവർത്തന രംഗത്തേക്ക് കടന്നുവന്നു.


സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലാണ് ദാറുസ്സലാം വിംഗ് പ്രവർത്തിക്കുന്നത്. അഷ്‌റഫ് വെള്ളാപ്പാടം, നജീബ് മമ്പാട്, മജീദ് പരപ്പനങ്ങാടി, ശിഹാബ് പുത്തേഴത്ത്, റാഫി കൂട്ടായി, ഇംഷാദ് മങ്കട, ഉനൈസ് കാളികാവ്, അനീസ് ബാബു വണ്ടൂർ, ജാഫർ കാളികാവ്, മുനീർ മക്കാനി, ജാസിം മഞ്ചേശ്വരം, നിയാസ് മൂർക്കനാട്, ഉമർ അമാനത്ത്, സിദ്ദീഖ് ആനപ്പടി, അബ്ദുസമദ്, നജീബ് നെല്ലാങ്കണ്ടി, സമീർ ഇരുട്ടി, ഹബീബ് അൽഅബീർ, ഇർഷാദ് കയക്കോൽ, ഉസ്മാൻ ചെറുമുക്ക്, സുബൈർ ആനപ്പടി എന്നിവരാണ് അംഗങ്ങൾ. റിയാദ് കെ.എം.സി.സി പ്രസിഡണ്ട് സി.പി. മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ, സഹഭാരവാഹികളായ കെ.ടി.അബൂബക്കർ, മുഹമ്മദ് ഷാഹിദ് മാസ്റ്റർ, അബ്ദുൽ മജീദ് പയ്യന്നൂർ, പി.സി അബ്ദുൽ മജീദ്, പി.സി അലി വയനാട് എന്നിവർ ഇവർക്ക് വേണ്ട ഉപദേശ നിർദേശങ്ങളുമായി രംഗത്തുണ്ട്. 

 

Latest News