ന്യൂദല്‍ഹി- ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നടത്തുന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാശ്രയ ഇന്ത്യക്കായി പുതിയ രൂപരേഖ അവതരിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
സ്വാശ്രയ ഇന്ത്യക്കായി പ്രധാനമന്ത്രി മോഡിയുടെ മുന്‍കൈയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും ഗൗരവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മഹാത്മാഗാന്ധിയുടെ 'സ്വദേശി' സങ്കല്‍പത്തിന് പുതിയ മാനം നല്‍കാനുള്ള ശ്രമമാണിതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
വിപ്ലവ സ്വാതന്ത്ര്യസമര സേനാനി ഉദംസിങ്ങിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിംഗ്.
ആത്മവിശ്വാസമില്ലെങ്കില്‍ ഒരു രാജ്യത്തിന് പരമാധികാരം ഫലപ്രദമായി സംരക്ഷിക്കാന്‍ കഴിയില്ലെന്ന് കൊറോണ വൈറസ് മഹാമാരി തെളിയിച്ചിട്ടുണ്ടെന്ന് ആത്മനിര്‍ഭര്‍' സംരംഭത്തെക്കുറിച്ച് സംസാരിച്ച പ്രതിരോധ മന്ത്രി പറഞ്ഞു.