അത്തറിനെ തോൽപ്പിക്കുന്ന സുഗന്ധമാണ് മലപ്പുറത്തിന്-സ്പീക്കർ ശ്രീരാമകൃഷ്ണൻ

മലപ്പുറം- കരിപ്പൂർ വിമാനതാവളത്തിലുണ്ടായ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ഒത്തുകൂടിയ നാടിന്റെ സ്‌നേഹത്തെ ഓർത്തെടുത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
സ്പീക്കറുടെ പോസ്റ്റ്:

മലപ്പുറത്തിന്റ മാസ്മരികത ഒന്നുവേറെയാണ്. അതിൻറെ ഹൃദയരാഗം കാരുണ്യത്തിന്റെ കടലും സ്‌നേഹത്തിന്റെ ഇരമ്പലുമുള്ള ഒരു പ്രത്യേക ജനുസ്സാണ്.

മലപ്പുറത്തെയും അതിന്റെ സവിശേഷതകളെയും ഓർക്കുമ്പോൾ എനിക്ക് എപ്പോഴും ഓർമ്മ വരുന്ന ആദ്യത്തെ കഥാപാത്രം ഉറൂബിന്റെ 'പടച്ചോൻറെ ചോറ്' എന്ന കഥയിലെ മൗലവിയെയാണ്. ആ കഥ ഞാനിവിടെ വിസ്തരിക്കുന്നില്ല. പുറമേക്ക് കഠോരനും അകമേക്ക് അവിശ്വസനീയമായ സ്‌നേഹത്തിന്റെ നീരുറവയുമൊഴുക്കുന്ന ഒരു കഥാപാത്രം. എങ്ങനെയാണ് കാരുണ്യത്തിന്റെ കടലിരമ്പുക എന്ന്, കൊണ്ടോട്ടിയിലെ മനുഷ്യർ
നമ്മെ പഠിപ്പിച്ചിരിക്കുന്നു. രാത്രിയിൽ ഓടിക്കൂടിയെത്തിയ എല്ലാം മറന്ന്, സ്വയം സമർപ്പിച്ച്, സ്വന്തം ജീവൻപോലും ബലികഴിച്ചുകൊണ്ടു നടത്തിയ ആ രക്ഷാപ്രവർത്തനത്തിലൂടെയാണ് നിരവധി ജീവനുകൾ രക്ഷിക്കപ്പെട്ടതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞാൻ അഭിമാനത്തോടെ, ആഹ്ലാദത്തോടെ അതിലേറെ ഹൃദയം വഴിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ ആ സ്‌നേഹത്തിനുമുന്നിൽ തലകുനിക്കുന്നു.

ഒരിക്കൽ നിയമസഭയിൽ, ഒരു ചർച്ചയ്ക്കിടയിൽ ആരോ മലപ്പുറത്തെക്കുറിച്ച് തെറ്റായ ഒരു പ്രയോഗം നടത്തുകയുണ്ടായി. അത് വർഷങ്ങൾക്കു മുമ്പാണ്. അതിനുശേഷം എനിക്ക് പ്രസംഗിക്കാനവസരം കിട്ടിയപ്പോൾ ഞാൻ പറഞ്ഞു, 'മലപ്പുറം എന്റെയും നാടാണ്. അറേബ്യയിലെ ഏത് അത്തറ് കൊണ്ട് നിറച്ചാലും അതിനപ്പുറം നിൽക്കുന്ന സ്‌നേഹത്തിന്റെ സുഗന്ധമുള്ള നാടാണ് മലപ്പുറം.' അത് കേവലമായ പ്രയോഗമായിരുന്നില്ല. ജീവതാനുഭവങ്ങളിലൂടെ സ്വാംശീകരിച്ച,ചുറ്റിനും കണ്ടുവളർന്ന മനുഷ്യരുടെ സ്‌നേഹവാത്സല്യങ്ങളുടെ ആഴം മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പ്രയോഗമായിരുന്നു.

ഞാൻ വീണ്ടും പറയുന്നു  'അറേബ്യയിലെ ഏത് അത്തറിനെയും തോൽപ്പിക്കുന്ന സ്‌നേഹത്തിന്റെ സുഗന്ധമുള്ള നാടാണ്. മലപ്പുറം.'

 

Tags

Latest News