ഒരു വർഷത്തെ ദുരിതപൂർണമായ പ്രവാസ ജീവിതത്തിനു വിരാമം
ജിദ്ദ - സാമ്പത്തിക പ്രാരബ്ധങ്ങൾക്ക് അറുതിതേടി ഗദ്ദാമ വിസയിൽ കടൽ കടന്ന് ദുരിതക്കയത്തിലായ മലയാളി യുവതി കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. ഒരു വർഷത്തെ ദുരിതപൂർണമായ പ്രവാസ ജീവിതത്തിൽ നിന്നു രക്ഷപ്പെട്ട് വയനാട് മാനന്തവാടി സ്വദേശി ജൂലി ആലക്കുന്ന് (52) ആണ് മടങ്ങിയത്.
ഒരു വർഷം മുമ്പ് സ്വകാര്യ ഏജന്റിൽ നിന്നാണ് വിസ സമ്പാദിച്ചത്. അമിതമായ ജോലിയും മാനസികമായും ശാരീരികമായും ഉപദ്രവവും കാരണം ദുരിതപൂർണമായിരുന്നു ജീവിതമെന്ന് ജൂലി പറയുന്നു. നേരത്തിന് ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ശമ്പളം നൽകാതെയും വീട്ടുകാരുമായി സംസാരിക്കാൻ അനുവദിക്കാതെയും പ്രയാസപ്പെടുത്തി. രോഗിയായി തീർന്നിട്ടും മതിയായ ചികിൽസ നിഷേധിച്ചതോടെ ഏതുവിധേനെയും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും വീട്ടുകാരുമായി ബന്ധപ്പെടാൻ മാർഗമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ജൂലിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാതെ ആശങ്കയിലായ കുടുംബം ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല. ജൂലിയുടെ ദുരിതജീവിതത്തെ കുറിച്ച് അറിഞ്ഞ റിയാദ് കെ.എം.സി.സി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് വാസിർ കടവത്ത് വിവരങ്ങൾ കെ.എം.സി.സി പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തി. അബ്ദുന്നാസർ കുഴിനിലം, ആബിദ് ചുണ്ടേൽ, മൻസൂർ മേപ്പാടി, ഹർഷൽ പഞ്ചാര, ശറഫ് കുമ്പളാട്, അഷ്‌റഫ് മേപ്പാടി, ഷമീർ മടക്കിമല എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ച് ജൂലിയെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു.
റിയാദിൽ നിന്ന് 400 കിലോ മീറ്റർ അകലെ ഹഫർ അൽ ബാത്തിനിലെ സ്വദേശിയുടെ വീട്ടിലാണ് ജോലിചെയ്യുന്നതെന്ന് കണ്ടെത്തി. ഇവിടെയുള്ള കെഎംസിസി പ്രവർത്തകൻ അബ്ദുൾ ലത്തീഫ് ബാവ മംഗലാപുരം, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ അംഗം സിദ്ദീഖ് തൂവൂർ എന്നിവരുടെ ശ്രമത്താൽ ആ മേഖലയിലെ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഉയർന്ന റാങ്കിൽ പ്രവർത്തിച്ചു വിരമിച്ച പോലിസ് ഉേദ്യാഗസ്ഥനായിരുന്ന തൊഴിലുടമ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്ന നിലപാടിൽ ജൂലി ഉറച്ചുനിന്നു. ഇതോടെ പൂർണ ശമ്പള ശമ്പളത്തോടെ എക്‌സിറ്റ് നൽകാൻ സ്‌പോൺസർ നിർബന്ധിതനാവുകയായിരുന്നു.
തിരിച്ചയക്കുമ്പോഴും തൊഴിലുടമ നല്ല നിലയിലായിരുന്നില്ല പെരുമാറിയതെന്നും വസ്ത്രങ്ങൾ, ബാഗുകൾ, മരുന്ന് എന്നിവ എടുക്കാൻ സമ്മതിക്കാതെ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നുവെന്നും ജൂലി പറയുന്നു. എങ്കിലും ജീവനോടെ തിരികെ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണിവർ. സമാനരീതിയിൽ പ്രയാസം നേരിടുന്ന മറ്റൊരു മാനന്തവാടി സ്വദേശിനി മേരിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കെഎംസിസി പ്രവർത്തകർ അറിയിച്ചു.