Sorry, you need to enable JavaScript to visit this website.

പിഴയടക്കാനാവാതെ മടങ്ങിയത് അഫ്‌സലിന് രക്ഷയായി

ദുബായ്- കാലാവധി തീര്‍ന്ന വിസ രക്ഷയായി. അഫ്‌സല്‍ രക്ഷപ്പെട്ടത് വന്‍ ദുരന്തത്തില്‍നിന്ന്. കഴിഞ്ഞ രാത്രി പതിനെട്ടു പേരുടെ ജീവനെടുത്ത കരിപ്പൂര്‍ വിമാന ദുരന്തത്തില്‍നിന്നു മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി അഫ്‌സല്‍ (27) രക്ഷപെട്ടത് അവസാന നിമിഷം യാത്ര റദ്ദായതിനാല്‍.

ദുബായില്‍ നിന്നു ഉച്ചക്ക് ഒന്നേ മുപ്പതിന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനായി അഫ്‌സല്‍ നേരത്തെ വിമാനത്താവളത്തിലെത്തിയിരുന്നു.  ബോഡിംഗ് പാസ് വാങ്ങി എമിഗ്രേഷന്‍ വിഭാഗത്തിലെത്തിയ ശേഷമാണ് കാലാവധി കഴിഞ്ഞ വിസ ആദ്യം തടസ്സമായും പിന്നീട് രക്ഷയായും എത്തിയത്.

ഒരു വര്‍ഷം മുമ്പാണ് അഫ്‌സല്‍ അബുദാബിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. അബുദാബിയിലെ മിന ഇന്തപ്പഴ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍ 18നാണ് വിസ കാലാവധി അവസാനിച്ചത്. ഒരു മാസംകൂടി കഴിയാമെങ്കിലും കൊറോണ പ്രശ്‌നംമൂലം നാട്ടിലേക്കു വിമാന ടിക്കറ്റ് ലഭിച്ചില്ല. ഓഗസ്റ്റ് ഏഴിനാണ് വന്ദേ ഭാരത് മിഷനില്‍ ടിക്കറ്റ് ലഭിച്ചത്. അധികകാലം കഴിഞ്ഞതിന് കൊറോണ കാലമായതിനാല്‍ പിഴയുണ്ടാവില്ലെന്നും ഇളവുകള്‍ നല്‍കുമെന്നുമാണ്കരുതിയത്.  എന്നാല്‍ എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് അധികകാലം തങ്ങിയതിന്റെ പിഴ അടച്ച ശേഷം മാത്രമേ യാത്ര അനുവദിക്കാനാവൂ എന്ന വിവരം അറിഞ്ഞത്. യാത്ര ചെയ്യുന്നതിനാല്‍ കൈയില്‍ അധികം തുക കരുതിയിരുന്നില്ല. 1000 ദിര്‍ഹമാണ് പിഴയടക്കേണ്ടിയിരുന്നത്. എന്നാല്‍ കൈയ്യില്‍ 500 ദിര്‍ഹം മാത്രമാണുണ്ടായിരുന്നത്. പരിചയമുള്ള മുഖങ്ങള്‍ തേടിയെങ്കിലും ആരുമുണ്ടായിരുന്നില്ല.

കണ്‍മുന്നില്‍ വിമാനം പറന്നുയര്‍ന്നതിന് ശേഷം അഫ്‌സല്‍, ദുബായ് ദേരയിലുള്ള സഹോദരി ഭര്‍ത്താവിന്റെ മുറിയിലേക്ക് മടങ്ങുകയായിരുന്നു. അവിടെയെത്തി ഏറെ കഴിഞ്ഞാണ് താന്‍ യാത്ര പോകേണ്ടിയിരുന്ന വിമാനം അപകടത്തില്‍ പെട്ട വിവരം നടുക്കത്തോടെ അഫ്‌സല്‍ അറിഞ്ഞത്. ഉടന്‍ തന്നെ വീട്ടില്‍ വിളിച്ച് താന്‍ ഈ വിമാനത്തില്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ ലിസ്റ്റില്‍ പേരു കണ്ട് പലരും അഫ്‌സലിന്റെ വീട്ടിലേക്ക് തുടര്‍ച്ചയായി വിളിച്ചിരുന്നു.

കാഞ്ഞങ്ങാട് സ്വദേശിനിയുമായി അഫ്‌സലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. വിവാഹ ശേഷം ഗള്‍ഫിലേക്ക് വീണ്ടും പോകാനായിരുന്നു തീരുമാനം. ഇപ്പോള്‍ ദുബായിലുള്ള അഫ്‌സല്‍ അടുത്ത ആഴ്ച നാട്ടിലെത്തുമെന്നാണ് വിവരം.                          

 

Latest News