Sorry, you need to enable JavaScript to visit this website.

ഗൾഫ് പ്രതിസന്ധിക്കിടെ ഖത്തറിന് ഇസ്രായിൽ സഹായം ലഭിച്ചെന്ന് റിപ്പോർട്ട്

റിയാദ് - ഗൾഫ് പ്രതിസന്ധിക്കിടെ ഖത്തറിന് ഇസ്രായിൽ സഹായം ലഭിച്ചെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ ഫോറിൻ പോളിസി മാസിക റിപ്പോർട്ട് ചെയ്തു. ഭീകരതക്കും തീവ്രവാദ ഗ്രൂപ്പുകൾക്കും പിന്തുണ നൽകുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും കുറ്റപ്പെടുത്തി 2017 ജൂൺ ആദ്യ വാരത്തിൽ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിക്കുകയായിരുന്നു. 


ഗൾഫ് പ്രതിസന്ധിക്കിടെ അമേരിക്കയുടെ ശിക്ഷാ നടപടികളിൽ നിന്ന് ഖത്തറിനെ രക്ഷിച്ചെടുത്തത് ഇസ്രായിൽ ആയിരുന്നെന്ന് ഫോറിൻ പോളിസി പറഞ്ഞു. ഗാസയിൽ ഹമാസിനെ പിന്തുണക്കുന്നത് ഖത്തർ ആണെന്ന വെറ്റ്ഹൗസിന്റെ പൊതുധാരണക്കു പകരം, ഹമാസിനു മേൽ തങ്ങൾക്കുള്ള സ്വാധീനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിക്ക് ഗുണകരമായ നിലക്ക് എല്ലാ കക്ഷികളുടെയും സഹകരണത്തിന് ഖത്തർ ഉപയോഗിക്കുകയാണെന്ന പുതിയ വ്യാഖ്യാനം ഖത്തറിനെ രക്ഷിച്ചെടുക്കുന്നതിന് ഇസ്രായിൽ അമേരിക്കക്കു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഹമാസിനോടുള്ള ബന്ധത്തിന്റെ പേരിൽ ഭീകരത സ്‌പോൺസർ ചെയ്യുന്ന രാജ്യം എന്നോണം ഖത്തറിനെ മുദ്ര കുത്തുന്ന നിയമനിർമാണം അമേരിക്കൻ കോൺഗ്രസ് പാസാക്കുന്നതിനെതിരെ ഇസ്രായിൽ നിലയുറപ്പിച്ചു. 

യു.എസ് കോൺഗ്രസിന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിൽ വിദേശകാര്യ കമ്മിറ്റി ചെയർമാൻ ആയിരുന്ന എഡ് റോയ്‌സ് ആണ് ഭീകരത സ്‌പോൺസർ ചെയ്യുന്ന രാജ്യം എന്നോണം ഖത്തറിനെ മുദ്ര കുത്തുന്ന കരടു നിയമ നിർമാണം മുന്നോട്ടുവെച്ചത്. എന്നാൽ ഇതിനെ ഇസ്രായിൽ ശക്തിയുക്തം എതിർത്തു. നിയമ നിർമാണം പാസാക്കാൻ അമേരിക്കൻ ഇസ്രായിൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയോ മറ്റു ഇസ്രായിൽ അനുകൂല ഗ്രൂപ്പുകളോ വഴി സമ്മർദം ചെലുത്താത്തതിലൂടെ ഖത്തർ വിരുദ്ധ നിയമ നിർമാണം പാസാക്കുന്നതിലുള്ള ഇസ്രായിലിന്റെ എതിർപ്പ് പ്രകടമായതായി ഫോറിൻ പോളിസി മാസിക റിപ്പോർട്ട് പറയുന്നു. 


സ്വന്തം പിതാവിനെ അധികാര ഭ്രഷ്ടനാക്കി മുൻ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അധികാരം പിടിച്ചടക്കിയതു മുതൽ ഖത്തറും ഇസ്രായിലും തമ്മിൽ ശക്തമായ സാമ്പത്തിക ബന്ധങ്ങളുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ പൂർണ തോതിലുള്ള നയതന്ത്ര ബന്ധങ്ങളില്ലെങ്കിലും ഖത്തറും ഇസ്രായിലും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾക്ക് 1996 വരെ പഴക്കമുണ്ട്. ഇസ്രായിൽ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആ വർഷം ഇസ്രായിൽ പ്രധാനമന്ത്രി ഷിമോൺ പെരസ് ദോഹയിൽ ഇസ്രായിലിന്റെ വാണിജ്യ ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. 
ദോഹ വാണിജ്യ ഓഫീസ് മേധാവി ഇസ്രായിൽ വിദേശ മന്ത്രാലയത്തിൽ അംബാസഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഖത്തർ ഗ്യാസ് ഇസ്രായിലിന് വിൽപന നടത്താനും തെൽഅവീവിൽ ഖത്തർ ഗ്യാസ് എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനുമുള്ള കരാറും അന്ന് ഒപ്പുവെച്ചു. 2011 ൽ ഈജിപ്തിൽ നിന്ന് ഇസ്രായിലിലേക്കുള്ള ഗ്യാസ് കയറ്റുമതി നിലച്ചതോടെ കുറഞ്ഞ നിരക്കിൽ യഥേഷ്ടം ഗ്യാസ് നൽകാനുള്ള ഓഫർ ഖത്തർ ഇസ്രായിലിനു മുന്നിൽ വെച്ചു. 


ഖത്തറും ഇസ്രായിലും രഹസ്യ ബന്ധങ്ങളുടെ ഫയൽ എന്ന ശീർഷകത്തിൽ ദോഹയിലെ ഇസ്രായിൽ വാണിജ്യ ഓഫീസ് മുൻ ഡയറക്ടർ ജനറൽ സാമി റിവിൽ രചിച്ച കൃതി ഖത്തറും ഇസ്രായിലും തമ്മിലുള്ള ശക്തമായ ബന്ധങ്ങളെ കുറിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഇസ്രായിലുമായി സഹകരിക്കാൻ നിരവധി അറബ് രാജ്യങ്ങളെ ഖത്തർ പ്രോത്സാഹിപ്പിച്ചതായി ഈ കൃതി പറയുന്നു. ഖത്തർ-ഇസ്രായിൽ ബന്ധം ഊട്ടിയുറപ്പിക്കുന്നതിലുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ മുതിർന്ന ഖത്തർ നേതാക്കളും ഖത്തർ കമ്പനികളും നൽകിയ പിന്തുണ തന്നെ സഹായിച്ചതായി കൃതിയിൽ സാമി റിവിൽ പറയുന്നു. 


ഖത്തറിൽ അമേരിക്കൻ സൈനിക താവളം സ്ഥാപിക്കാൻ സൗകര്യമൊരുക്കിയാണ് ഇസ്രായിലുമായി അതിശക്തമായ ബന്ധം ഖത്തർ സ്ഥാപിച്ചെടുത്തത്. സാമ്പത്തിക, സുരക്ഷാ മേഖലകൾ അടക്കം സർവ മേഖലകളിലും ഇസ്രായിലുമായി തുറന്ന ബന്ധം സ്ഥാപിക്കാൻ ഖത്തർ ഭരണാധികാരികൾ പ്രത്യേക ഉത്സാഹം കാണിച്ചു. ഇസ്രായിലി എഴുത്തുകാർക്കും ആക്ടിവിസ്റ്റുകൾക്കും യൂനിവേഴ്‌സിറ്റി അധ്യാപകർക്കും സ്‌പോർട്‌സ് താരങ്ങൾക്കും ദോഹയിൽ ആതിഥ്യമരുളുന്നത് ഖത്തർ സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും സമീപ കാലത്ത് പതിവാക്കിയതായും ദോഹയിലെ ഇസ്രായിൽ വാണിജ്യ ഓഫീസ് മുൻ ഡയറക്ടർ ജനറൽ രചിച്ച കൃതി പറയുന്നു.
 

Latest News