ചോ: മികച്ച ഗോളടിവീരന്മാരുടെ അഭാവമാണ് ഇന്ത്യൻ ഫുട്‌ബോളിനെ അലട്ടുന്നത്. അവസാനമായി നല്ലൊരു ജോഡി ഉണ്ടായിരുന്നത് ബൈചുംഗ് ബൂട്ടിയയും സുനിൽ ഛേത്രിയും ഒരുമിച്ചു കളിച്ചപ്പോഴാണ്.
ഉ: വളരെ ആശങ്കപ്പെടുത്തുന്നതാണ് ഈ അവസ്ഥ. ഇന്ത്യൻ ക്രിക്കറ്റിനെ പോലെ ഇക്കാര്യത്തിൽ മുൻകാല കളിക്കാർ മുൻകൈയെടുക്കണം. സുനിൽ ഛേത്രിക്കൊപ്പം നല്ല സ്‌ട്രൈക് പാർട്ണർമാരാവാൻ കഴിവുള്ളവരായിരുന്നു ജെജെ ലാൽപെഖ്‌ലുവയും ബൽവന്ത് സിംഗും. ഇരുവർക്കും ആ നിലയിലേക്ക് ഉയരാനായില്ല. പരിക്കും കാരണമായി. ജെജെക്ക് ഇപ്പോൾ 29 വയസ്സായി. പരിക്കുകൾ ഇരുവരെയും നിരന്തരം അലട്ടി.
ചോ: നല്ല സ്‌ട്രൈക്കർമാരെ വാർത്തെടുക്കാൻ എ.ഐ.എഫ്.എഫിന് എന്താണ് ചെയ്യാൻ സാധിക്കുക?
ഉ: ഉന്നതതലത്തിൽ ഫെഡറേഷന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. കളിക്കാർക്ക് പ്രതിഫലം നൽകുന്നത് ക്ലബ്ബുകളാണ്. അവർക്ക് വേണ്ടത് ട്രോഫികളാണ്. ഏതെങ്കിലും കളിക്കാരന് കൂടുതൽ അവസരം നൽകണമെന്ന് ഫെഡറേഷന് നിർദേശിക്കാനാവില്ല. എന്നാൽ നല്ല സ്‌ട്രൈക്കർമാരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കാൻ ഫെഡറേഷന് സാധിക്കും.
ചോ: ഛേത്രി വിരമിച്ചാൽ ആരായിരിക്കും ആ സ്ഥാനത്തേക്ക് വരിക?
ഉ: അതൊരു വലിയ ആശങ്ക തന്നെയാണ്. ഛേത്രിയെ പോലൊരു കളിക്കാരൻ ഇപ്പോൾ ഇല്ല. അടിസ്ഥാനതലത്തിൽ നല്ല സ്‌ട്രൈക്കർമാരെ വളർത്തിക്കൊണ്ടു വരണം.
സ്‌പെഷ്യൽ ട്രയ്‌നിംഗ് പ്രോഗ്രാം സംഘടിപ്പിക്കണം. അറ്റാക്കിംഗ് ടെക്‌നിക്കുകൾ വളർത്തിയെടുക്കണം. രാഹുൽ ദ്രാവിഡിനെയും സൗരവ് ഗാംഗുലിയെയും പോലുള്ള കളിക്കാരുടെ സേവനം ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ ഫുട്‌ബോളും ആ വഴി സ്വീകരിക്കണം. അത് എളുപ്പമല്ല.
ചോ: ഈസ്റ്റ് ബംഗാൾ ശതാബ്ദി ആഘോഷിച്ചു. എന്താണ് ക്ലബ്ബിൽ കളിച്ച കാലത്തെ ഓർമകൾ?
ഉ: മോഹൻ ബഗാനെതിരായ 1997 ലെ ഫെഡറേഷൻ കപ്പ് സെമി ഫൈനലിലെ ഹാട്രിക്, 2003 ലെ ചരിത്രം സൃഷ്ടിച്ച ആസിയാൻ കപ്പ് വിജയം, ദേശീയ ഫുട്‌ബോൾ ലീഗ് കിരീടം എന്നിവയാണ് ഈസ്റ്റ് ബംഗാളിലെ അവിസ്മരണീയ നേട്ടങ്ങൾ. 1992 ലാണ് ഈസ്റ്റ് ബംഗാളിൽ ചേർന്നത്. ക്ലബ്ബിനൊപ്പം ഏതാണ്ടെല്ലാ ട്രോഫികളും നേടാനായി. 2011 വരെ അഞ്ച് വിവിധ ഘട്ടങ്ങളിലായി ഞാൻ ഈസ്റ്റ് ബംഗാളിന് കളിച്ചു.
ചോ: വലിയ ചരിത്രമുള്ള ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. ഇപ്പോൾ അവർക്ക് ഒരു സ്‌പോൺസർ പോലുമില്ല.
ഉ: പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഈസ്റ്റ് ബംഗാൾ കടന്നുപോവുന്നത്. കോവിഡ് സാഹചര്യം അത് രൂക്ഷമാക്കിയിട്ടുണ്ട്. ഐ.എസ്.എല്ലിൽ കളിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. എങ്കിൽ സ്‌പോൺസർമാർ വരും. ക്വെസ്സുമായി ബന്ധം അവസാനിപ്പിച്ച രീതി അൽപം കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു. അതേസമയം, രാജ്യത്തെ ഒന്നാം നിര ടൂർണമെന്റായ ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും പോലുള്ള ടീമുകൾ വേണം. അവർ അവിടെ എത്തുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം.