Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോർമനും ലോംഗും -കാലത്തിന് മുമ്പെ 

വംശവെറിക്കെതിരായ കറുത്തവന്റെ പോരാട്ടത്തിന് ലോകമെങ്ങും പിന്തുണ കിട്ടുന്ന കാലമാണ് ഇത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ എന്ന പ്രതിഷേധത്തിന്റെ അലയടി കളിക്കളങ്ങളിൽനിന്ന് കളിക്കളങ്ങളിലേക്ക് വ്യാപിക്കുകയാണ്. പീറ്റർ നോർമൻ, കാൾ ലുഡ്‌വിഗ് ലൂസ് ലോംഗ് എന്നീ വെള്ളക്കാർ കറുത്തവരായ കളിക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കാലത്ത് ലോകം ഈ സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നില്ല. 

കാലത്തിനു മുമ്പെ സഞ്ചരിച്ചവരാണ് നോർമനും ലോംഗും. 1936 ലെ ബെർലിൻ ഒളിംപിക്‌സ് ആര്യൻ മേധാവിത്തത്തിന്റെ പ്രഖ്യാപനമായി ആഘോഷിക്കാനാണ് അഡോൾഫ് ഹിറ്റ്‌ലർ ആഗ്രഹിച്ചത്. ജെസി ഓവൻസ് എന്ന കറുത്തവർഗക്കാരൻ ആ കുമിള പൊട്ടിച്ചു. ഹിറ്റ്‌ലറുടെ കഴുകൻ കണ്ണുകൾക്കു താഴെ ഓവൻസിനു മേൽ സ്‌നേഹം ചൊരിഞ്ഞു ലോംഗ് എന്ന ജർമൻ ലോംഗ്ജമ്പർ. 


മൂന്നു പതിറ്റാണ്ടിനു ശേഷവും ലോകം മാറിയിരുന്നില്ല. 1968 ലെ മെക്‌സിക്കൊ ഒളിംപിക്‌സിൽ അമേരിക്കൻ താരങ്ങളായ ടോമി സ്മിത്തും ജോൺ കാർലോസുമാണ് സ്വർണവും വെങ്കലവും നേടിയത്. അമേരിക്കയിൽ കറുത്തവർഗക്കാരൻ നേരിടുന്ന വിവേചനത്തിനെതിരെ മെഡൽദാനച്ചടങ്ങിൽ കറുത്ത കൈയുറ ധരിച്ച മുഷ്ടി ഉയർത്തിക്കാട്ടി കാർലോസും സ്മിത്തും പ്രതിഷേധിച്ചു. അവർ ഒളിംപിക്‌സിൽനിന്ന് പുറത്താക്കപ്പെട്ടു. അവർക്കിടയിൽ വെള്ളി നേടിയ ഓസ്‌ട്രേലിയക്കാരൻ പീറ്റർ നോർമനുണ്ടായിരുന്നു. 

 

മനുഷ്യാവകാശത്തിന്റെ ബാഡ്ജ് ധരിച്ച് ആ വെള്ളക്കാരൻ സുഹൃത്തുക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതിന് വലിയ വില നൽകേണ്ടി വന്നു. 1972 ലെ ഒളിംപിക്‌സിൽ നിന്ന് നോർമനെ ഓസ്‌ട്രേലിയ തഴഞ്ഞു. 2006 ൽ നോർമൻ മരണപ്പെട്ടപ്പോൾ കാർലോസും സ്മിത്തും ഓസ്‌ട്രേലിയയിലെത്തി, സുഹൃത്തിന്റെ ശവമഞ്ചമേന്തി ആ ഐതിഹാസികമായ ഐക്യദാർഢ്യത്തിന് നന്ദി രേഖപ്പെടുത്താൻ. 


ബെർലിൻ ഒളിംപിക് സ്റ്റേഡിയത്തിൽ ഓവൻസിനെതിരെ വംശവെറി അലയടിക്കുന്നുണ്ടായിരുന്നു. സ്വന്തം സീറ്റിലിരുന്ന് ആ കറുത്തവർഗക്കാരനെ ഹിറ്റ്‌ലർ പുച്ഛത്തോടെ നോക്കി. എല്ലാം അവഗണിച്ചു ഓവൻസ്. അപ്രതീക്ഷിതമായി ഒരാളിൽ നിന്ന് കിട്ടിയ പിന്തുണ ഓവൻസിന് ആശ്വാസമായി. ആര്യൻ മേധാവിത്തത്തിന്റെ അഹന്തക്ക് പ്രഹരമേൽപിച്ച് നാല് സ്വർണമാണ് ഓവൻസ് ആ ഒളിംപിക്‌സിൽ സ്വന്തമാക്കിയത്. 


ലോംഗ്ജമ്പിൽ ഓവൻസിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിയുമെന്ന ഘട്ടത്തിലാണ് കാൾ ലുഡ്‌വിഗ് ലോംഗിന്റെ സ്‌നേഹസ്പർശം അറിയുന്നത്. തലമുറകൾ പിന്നിട്ടിട്ടും ഓവൻസിന്റെയും ലൂസിന്റെയും കുടുംബങ്ങൾ ആ സ്‌നേഹം മുറുകെപ്പിടിക്കുന്നു. കളിക്കളത്തിലെ പോരാട്ടത്തിന്റെയും രാജ്യങ്ങളുടെയും വംശീയതകളുടെയും അതിർത്തികളും ആ സ്‌നേഹത്തിനു മുന്നിൽ അലിഞ്ഞു. ഹിറ്റ്‌ലർ നോക്കിനിൽക്കെ ആ വെള്ളക്കാരനും കറുത്തവനും കൈകൾ ചേർത്തുപിടിച്ച് മെഡൽദാനച്ചടങ്ങിനെത്തി. ഓവൻസ് -അമേരിക്കയിൽ വെറുക്കപ്പെട്ടവൻ, അലബാമയിലെ ഓഹരിദല്ലാളിന്റെ മകൻ. ലോംഗ് -വെള്ളത്തലമുടിയും നീലക്കണ്ണുകളുമുള്ള കുബേരൻ. മനുഷ്യത്വത്തിന് അതിരുകളില്ലെന്ന് അവർ തെളിയിച്ചു. ഹിറ്റ്‌ലറുടെ വിദ്വേഷത്തിനു മുന്നിൽ ആ സൗഹൃദമാണ് കാലത്തെ അതിജീവിച്ചതെന്ന് ഓവൻസിന്റെ പേരമകൾ മാർലീൻ ഡോർച് പറയുന്നു. 


മറ്റൊരു അമേരിക്കൻ കറുത്തവർഗക്കാരൻ റാൾഫ് മെറ്റ്കാഫിനെ 100 മീറ്ററിൽ തോൽപിച്ചാണ് ഓവൻസ് തുടങ്ങിയത്. അടുത്ത ദിവസമായിരുന്നു ലോംഗ്ജമ്പ്. ഓവൻസിന് തുടരെ പിഴച്ചു. ക്വാളിഫയിംഗ് റൗണ്ട് കടക്കില്ലെന്നു തോന്നി. ഫൈനലിനും പുറത്താകലിനുമിടയിൽ ഒരു ചാട്ടം മാത്രം ബാക്കി. അപ്പോഴാണ് ലോംഗിന്റെ സ്‌നേഹസ്പർശമെത്തിയത്. ഫാൾസ് ലൈനിന് അൽപം പിന്നിൽനിന്ന് ചാടൂ എന്ന് ലോംഗ് ഉപദേശിച്ചു. ഫൈനലിൽ ലോംഗും ഓവൻസും തമ്മിൽ വാശിയേറിയ പോരാട്ടം അരങ്ങേറി. ഒടുവിൽ ഓവൻസ് ജയിച്ചു. ലോംഗിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷെ ആര് ജയിച്ചു, ആര് തോറ്റു എന്നത് അവിടെ പ്രസക്തമായിരുന്നില്ല. ആ മുഹൂർത്തത്തിന്റെ അടിക്കുറിപ്പ് മാത്രമാണ് അത്. ലോംഗാണ് ആദ്യം ഓവൻസിനെ അഭിനന്ദിച്ചത്. കൈകൾ ചേർത്തുപിടിച്ച് അവർ നടന്നു. അതിന് തിരിച്ചടിയുണ്ടാവുമെന്ന് ലോംഗിന് അറിയാമായിരുന്നു, എന്നിട്ടും കാര്യമാക്കിയില്ലെന്ന് ഓവൻസിന്റെ പേരമകൾ ഓർമിക്കുന്നു. 

പിന്നീട് 200 മീറ്ററിലും 4-100 റിലേയിലും ഓവൻസ് സുവർണനേട്ടം ആവർത്തിച്ചു. 
ആ ഒളിംപിക്‌സിനു ശേഷം ഓവൻസും ലോംഗും കണ്ടുമുട്ടിയിട്ടില്ല. രണ്ടാം ലോക യുദ്ധത്തിൽ ജർമനിക്കു വേണ്ടി ലോംഗ് പൊരുതി. 1943 ൽ കൊല്ലപ്പെട്ടു. മരണത്തിന് മുമ്പ് ഓവൻസിന് ലോംഗ് കത്തെഴുതി. യുദ്ധമില്ലാത്ത ലോകത്തെക്കുറിച്ച് തന്റെ മകൻ കായിയോട് പറയാൻ ഓവൻസിനോട് നിർദേശിച്ചു. ഓവൻസ് ആ പ്രതിജ്ഞ നിറവേറ്റാൻ ജർമനിയിലെത്തി. ഇന്നും ഇരു കുടുംബങ്ങളും ആ സ്‌നേഹം നെഞ്ചിലേറ്റുന്നു. മരണം വരെ ജർമനിയിൽ ഓവൻസ് പ്രിയങ്കരനായിരുന്നു, ജർമൻ സ്‌കൂൾ കുട്ടികൾ ഓവൻസിന് കത്തെഴുതിക്കൊണ്ടിരുന്നു. 

1980 ൽ ശ്വാസകോശാർബുദത്തെത്തുടർന്ന് ഓവൻസ് മരണപ്പെട്ട ശേഷം ബെർലിൻ ആ പ്രതിഭയെ ആദരിച്ചു. ജർമൻ ഒളിംപിക് സ്റ്റേഡിയത്തിനു മുന്നിലൂടെയുള്ള റോഡിന് ഓവൻസിന്റെ പേര് നൽകി. ആ കളിക്കളത്തിലായിരുന്നു ഓവൻസ് ഉൾപ്പെടെ 17 കറുത്തവർഗക്കാരായ അമേരിക്കൻ അത്‌ലറ്റുകൾ ഹിറ്റ്‌ലറെ സാക്ഷിയാക്കി 14 മെഡലുകൾ സമ്പാദിച്ചത്. 
അമേരിക്കയിൽ ഓവൻസ് നിന്ദിക്കപ്പെട്ടു. വൈറ്റ് ഹൗസ് അദ്ദേഹത്തെ ആദരിച്ചില്ല. പല ഹോട്ടലുകളിലും പിൻവാതിലിലൂടെ മാത്രമേ ഓവൻസിന് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ, ഇത്ര പ്രശസ്തനായിട്ടു കൂടി. ജീവനക്കാർ ഉപയോഗിക്കുന്ന ഏണിയിലൂടെയാണ് മുകൾ നിലയിലേക്ക് പോയിരുന്നത്. ഓവൻസ് ഉൾപ്പെടെയുള്ള അത്‌ലറ്റുകൾക്ക് അമേരിക്കയിലെ വംശീയവൈരത്തിന്റെ വെറുപ്പ് മാറ്റാൻ കഴിഞ്ഞില്ല. ഭാര്യയും മൂന്നു പെൺമക്കളുമുണ്ടായിരുന്നു ഓവൻസിന്. അവർക്കു വേണ്ടി ഓവൻസ് കിട്ടിയ എല്ലാ ജോലിയും ചെയ്തു. ഡ്രൈക്ലീനിംഗ് ബിസിനസ് തുടങ്ങി, പെട്രോൾ സ്‌റ്റേഷനിൽ ജീവനക്കാരനായി. പണമുണ്ടാക്കാനായി കുതിരകൾക്കും കാറുകൾക്കുമൊപ്പം പന്തയ ഓട്ടം നടത്തി. ഏറെ കഴിഞ്ഞാണ് പ്രചോദന പ്രഭാഷണങ്ങളിലൂടെ ജീവിതമാർഗം കണ്ടെത്താമെന്ന് ഓവൻസ് തിരിച്ചറിഞ്ഞത്. 

ഓവൻസ് അംഗീകരിക്കപ്പെട്ടത് 1990 ലാണ്. മരണപ്പെട്ടതിനു ശേഷം. പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അദ്ദേഹത്തിന്റെ കുടുംബത്തിന് അമേരിക്കൻ കോൺഗ്രസിന്റെ ഗോൾഡ് മെഡൽ സമ്മാനിച്ചു. 2016 ൽ റെയ്‌സ് എന്ന സിനിമയിലൂടെ ആ ഐതിഹാസിക ജീവിതം അഭ്രപാളിയിലെത്തി. ഇന്നും ആ ജീവിതം ആയിരങ്ങൾക്ക് പ്രചോദനമാണെന്ന് മറ്റൊരു പേരമകൾ ജീന ഹെംഫിൽ പറയുന്നു. 

2009 ലെ ലോക ചാമ്പ്യൻഷിപ്പിന് ബെർലിനിലെ ആ ഒളിംപിക് സ്റ്റേഡിയത്തിൽ ഡോർച്ച് എത്തി. ഹിറ്റ്‌ലർ വെറുപ്പോടെ തുറിച്ചുനോക്കിയ ആ ബോക്‌സിൽ ഓവൻസിന്റെ പേരമകൾ ഇരുന്നു. കൂടെ ലോംഗിന്റെ കുടുംബവുമുണ്ടായിരുന്നു. വെറുപ്പിന്റെ ചരിത്രം തോറ്റു പോയ നിമിഷമായിരുന്നു അത്. തോൽക്കാൻ തയാറാവാതിരുന്ന ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യമായിരുന്നു എന്റെ മുത്തച്ഛൻ, ആ സന്ദേശം ഇന്നും പ്രസക്തമാണ് -ഡോർച് പറയുന്നു. 

32 വർഷത്തിനു ശേഷമാണ് മെക്‌സിക്കോയിൽ ഒളിംപിക്‌സ് നടന്നത്. 200 മീറ്ററിൽ പീറ്റർ നോർമൻ വെള്ളിയിലേക്കെത്തിയ വേഗം ഇന്നും ഓഷ്യാന റെക്കോർഡാണ്. അവാർഡ് ദാനച്ചടങ്ങിൽ എന്താണ് ചെയ്യാൻ പോവുന്നതെന്ന് നോർമനോട് സ്മിത്തും കാർലോസും വിശദീകരിച്ചിരുന്നു. അത് കേട്ടാൽ ഭയമാണ് നോർമന്റെ കണ്ണുകളിൽനിന്ന് താൻ പ്രതീക്ഷിച്ചതെന്ന് കാർലോസ് പറയുന്നു. പകരം കണ്ടത് സ്‌നേഹമാണ്. നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവുമെന്ന് നോർമൻ വാക്കു നൽകി. മെഡൽദാനച്ചടങ്ങിലേക്ക് പോവുമ്പോൾ ഒളിംപിക് മനുഷ്യാവകാശ ബാഡ്ജ് നോർമൻ ഒരു സഹതാരത്തിൽ നിന്ന് കടം വാങ്ങി. രണ്ടു കൈയിലും കറുത്ത കൈയുറ ധരിക്കാനാണ് സ്മിത്തും കാർലോസും ആഗ്രഹിച്ചത്. പക്ഷെ കാർലോസ് തന്റെ കൈയുറകൾ മുറിയിൽ വെച്ചു മറന്നു. ഇരുവരും ഓരോ കൈയിൽ കൈയുറ ധരിച്ച് അത് ഉയർത്തിക്കാട്ടാൻ നിർദേശിച്ചത് നോർമനായിരുന്നു. 

ആ സഹാനുഭൂതി നോർമന്റെ കരിയറിനെത്തന്നെ ബാധിച്ചു. ഓസ്‌ട്രേലിയയിൽ അയാൾ വെറുക്കപ്പെട്ടവനായി. 1972 ലെ ഒളിംപിക്‌സിന് യോഗ്യതയുണ്ടായിട്ടും തെരഞ്ഞെടുത്തില്ല. 2000 ൽ സിഡ്‌നിയിൽ ഒളിംപിക്‌സ് നടന്നപ്പോഴും നോർമനെ ഓസ്‌ട്രേലിയ ആദരിച്ചില്ല. 'ഞങ്ങൾക്ക് അമേരിക്കയിൽ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെങ്കിൽ ഒരു രാജ്യം മുഴുവൻ നോർമന് എതിരായിരുന്നു' എന്നാണ് കാർലോസ് പറഞ്ഞത്. 2012 ലാണ് നോർമനോട് ഓസ്‌ട്രേലിയൻ പ്രതിനിധി സഭ മാപ്പ് പറഞ്ഞത്. 

അതിനുമുമ്പെ 2006 ൽ ഹൃദയാഘാതത്തെത്തുടർന്ന് നോർമൻ മരണപ്പെട്ടിരുന്നു. 2008 ൽ നോർമന്റെ അനന്തരവൻ അദ്ദേഹത്തിന്റെ ജീവിതം സല്യൂട്ട് എന്ന ഡോകുമെന്ററി സിനിമയാക്കി. നോർമന് ജീവിതം വേദനയാണ് സമ്മാനിച്ചത്. പക്ഷെ ആ പോരാട്ടം വെറുതെയായില്ല. കാലത്തിനും മുമ്പെ സഞ്ചരിച്ചവരായിരുന്നു നോർമനും ലോംഗും.  



 

Latest News