Sorry, you need to enable JavaScript to visit this website.

വിമാന ദുരന്തം: രക്ഷാ പ്രവര്‍ത്തകര്‍ കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിക്കണം

കോഴിക്കോട്- കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ കോവിഡ് പരിശോധനാഫലം കാത്തിരിക്കുന്നതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വറന്റൈനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അപകടത്തെ തുടര്‍ന്ന് വിമാനത്താളത്തില്‍ സ്‌ക്രീനിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി. രക്ഷാപ്രവര്‍ത്തനത്തിനിടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ രക്ഷാദൗത്യത്തിനായി എത്തിച്ചേര്‍ന്നവര്‍ എത്രയും വേഗം സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ സന്നദ്ധരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.


അപകടത്തെ തുടര്‍ന്ന് നൂറ് കണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളത്തിലും ആശുപത്രികളിലും എത്തിച്ചേര്‍ന്നത്. കൊണ്ടോട്ടി, കോഴിക്കോട് പ്രദേശങ്ങളിലായി അഞ്ഞൂറിലധികം പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

അപകടത്തില്‍ മരിച്ചവരുടെ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. എട്ടുപേരുടെ മൃതദേഹപരിശോധന പൂര്‍ത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണ്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ച മറ്റുള്ളവരുടേയും കോവിഡ് പരിശോധന പൂര്‍ത്തിയായി വരികയാണ്.

 

 

Latest News