Sorry, you need to enable JavaScript to visit this website.

കമ്പനിയുടെ പേരില്‍ വായ്പയെടുത്ത് മുന്‍മന്ത്രിയുടെ മകന്‍ ദുബായില്‍ ഫ്ളാറ്റുകള്‍ വാങ്ങി

ന്യൂദല്‍ഹി- കമ്പനിയുടെ പേരില്‍ വായ്പയെടുത്ത തുക ജമ്മു കശ്മീര്‍ മുന്‍ മന്ത്രിയുടെ മകന്‍ വിദേശ യാത്രകള്‍ക്കും ദുബായിലും അമേരിക്കയിലും ആസ്തികള്‍ സ്വന്തമാക്കാനും ഉപയോഗിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. മുന്‍ മന്ത്രി അബ്ദുറഹീം റാഥറിന്റെ മകന്‍ ഹിലാല്‍ റാഥറാണ് വായ്പ ദുരുപയോഗം ചെയ്തത്.  
ഹിലാലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീനഗര്‍, ജമ്മു, ദല്‍ഹി, ലുധിയാന എന്നിവിടങ്ങളിലെ 17 സ്ഥലങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ജമ്മു കശ്മീര്‍ ബാങ്കുമായി ബന്ധപ്പെട്ട 177 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഹിലാലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം.
റെയ്ഡില്‍ നിരവധി  രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ധനകാര്യ, കൃഷി, ഗ്രാമവികസന മന്ത്രിയുമായ അബ്ദുറഹീമിന്റേയും മകന്‍ ഹിലാലിന്റെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്.

പാരഡൈസ് അവന്യൂ  എന്ന സ്വന്തം കമ്പനിയിലെ വായ്പാ അക്കൗണ്ടില്‍നിന്നാണ് ഹിലാല്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ഫണ്ടുകള്‍ കൈമാറിയതും തുക കമ്പനിയുടെ കറന്റ് അക്കൗണ്ടിലേക്ക് മാറ്റിയതും. വായ്പയുടെ ഗണ്യമായ ഭാഗം ഇന്ത്യ, ദുബായ്, യുഎസ് എന്നിവിടങ്ങളില്‍  സ്വത്തുക്കള്‍ വാങ്ങുന്നതിനായി കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടൊപ്പം വിദേശ യാത്രകള്‍ക്കും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ചെലവഴിക്കുകയും ചെയ്തുവെന്ന് എന്റഫോഴ്‌സ്‌മെന്റ് ആരോപിച്ചു.
വായ്പാ തുക ദുരുപയോഗം ചെയ്ത് ഹിലാല്‍ റഥറിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ദുബായില്‍ മൂന്ന് ഫ്‌ളാറ്റുകളും അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ഹിലാല്‍ റാഥറിന്റെയും ഭാര്യയുടെയും പേരില്‍ ഒരു ബംഗ്ലാവും വാങ്ങിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ അഴിമതി വിരുദ്ധ ബ്യൂറോ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ്  ഹിലാല്‍ റാഥറിനും മറ്റുള്ളവര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. സിബിഐയും ആദായനികുതി വകുപ്പും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
രേഖകള്‍ പരിശോധിക്കാതെയും റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുമാണ് ജമ്മുവില്‍ റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പദ്ധതിക്കായി  ജെ.കെ ബാങ്ക് 177.68 കോടി രൂപ അനുവദച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

 

Latest News