Sorry, you need to enable JavaScript to visit this website.

വിമാനാപകടം: അന്വേഷണത്തിനായി ഡി.ജി.സി.എ സംഘം കരിപ്പൂരില്‍

കോഴിക്കോട്- കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാവിലെ തന്നെ പ്രത്യേക ഹെലികോപ്റ്ററില്‍  കരിപ്പൂരിലെത്തി. അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തസ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ എത്തിയതെന്ന് മന്ത്രി അറിയിച്ചു.  

അപകടകാരണത്തെ കുറിച്ച്  ഡിജിസിഎ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ വിവരങ്ങള്‍ പുറത്തുവരും. പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും കാണുമെന്നും മുരളീധരന്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കരിപ്പൂരിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കരിപ്പൂരിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രികളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

കനത്തെ മഴയ്ക്കിടെ ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്.

 

Latest News