Sorry, you need to enable JavaScript to visit this website.

പ്രിയസുഹൃത്തിന്റെ വേര്‍പാടില്‍ കണ്ണീരുമായി സുഹൃത്തുക്കള്‍

ദുബായ്- കരിപ്പൂര്‍ അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ വേര്‍പാട് സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി. ബാക് ടു ഹോം’എന്ന തലക്കെട്ടില്‍ ഷറഫു  ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിമാനത്തിനുള്ളിലെ ചിത്രം അവരെ കൂടുതല്‍ ദുഖാകുലരാക്കുന്നു.
ഭാര്യക്കും ഏക മകള്‍ക്കും ഒപ്പമാണ് ഷറഫു യാത്ര തിരിച്ചത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വര്‍ഷങ്ങളായി യു.എ.ഇയിലുള്ള ഷറഫു  നാദകിലാണ് ജോലി ചെയ്തിരുന്നത്.

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളത്തിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍നിന്ന്:

എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്..
നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു..
എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..
എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ.. ?
പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്..
കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു...
ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്..
അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..
ആമീന്‍ യാ റബ്ബല്‍ ആലമീന്‍
ഷാഫി പറക്കുളം.

 

 

Latest News