ഞെട്ടലില്‍ പ്രവാസ ലോകം, കൂനിന്മേല്‍ കുരു പോലെ വിമാന ദുരന്തം

ദുബായ്- കരിപ്പൂര്‍ വിമാന ദുരന്തം പ്രവാസികളെ നടുക്കി. നിരവധി പ്രതിസന്ധികളില്‍കൂടി കടന്നുപോകുന്ന പ്രവാസികള്‍ക്ക് ഈ സംഭവം ഉള്‍ക്കൊള്ളാനായില്ല.
കോവിഡ് പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങിയ വന്ദേഭാരത് രക്ഷാദൗത്യം വിമാനമാണ് അപകടത്തില്‍പെട്ടത് എന്നത് അവരെ ഏറെ ദുഖാകുലരാക്കുന്നു.
വിമാനത്തിലെ യാത്രക്കാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരിഭ്രാന്തിയിലാണ്.
പ്രിയപ്പെട്ടവര്‍ക്ക് പരുക്കേറ്റിട്ടുണ്ടോ എന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു മണിക്കറുകളോളം അവര്‍. ദുബായിലെ എയര്‍ ഇന്ത്യാ ഓഫീസിലേക്കും കോണ്‍സുലേറ്റിലേക്ക് നിരവധി വിളികളാണ് എത്തിയത്. വിളിച്ചുകൊണ്ടിരിക്കുന്നു. ആദ്യമൊക്കെ കൃത്യമായ വിവരം ലഭിക്കാത്തത് വലിയ ആശയക്കുഴപ്പമുണ്ടാക്കി.
തന്റെ ഭാര്യയും രണ്ട് മക്കളും വിമാനത്തിലുണ്ടായിരുന്നതായും അവര്‍ക്ക് കാര്യമായ പരുക്കേറ്റിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മലപ്പുറം തിരൂര്‍ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അജ്മാനില്‍ ജോലി ചെയ്യുന്ന ഷൗക്കത്തിന്റെ അരികിലേക്ക് സന്ദര്‍ശക വിസയിലായിരുന്നു ഭാര്യ മഹര്‍ബാന്‍, മക്കളായ ഷക്കീം (4), ഷദ്ദ (ഒന്നര) എന്നിവര്‍ എത്തിയിരുന്നത്.

 

Latest News