ദുബായില്‍ കാണാതായ മലയാളി മരിച്ച നിലയില്‍

ദുബായ്- മൂന്ന് മാസം മുമ്പ് ദുബായില്‍ കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരണം. ഏകദേശം ഒരു മാസം മുമ്പ് ദിയറില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ശ്രീധരന്‍ ദേവകുമാര്‍ (54)ന്റേതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.
ഏപ്രില്‍ 28നാണ് ദിയറിലെ താമസ സ്ഥലത്തുനിന്ന് ഇദ്ദേഹത്തെ കാണാതാകുന്നത്. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീധരനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ദേശീയ അണുനശീകരണ യത്‌നം ആരംഭിച്ച ഘട്ടത്തിലായതിനാല്‍ നിരീക്ഷണ ക്യാമറകള്‍ ഉപയോഗപ്പെടുത്തിയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഒടുവില്‍ ദിയറിലെ ഒരു ഹോട്ടലിന് സമീപം മാലിന്യം ഒഴുകുന്ന വെള്ളത്തില്‍ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരിച്ചറിയല്‍ രേഖയോ മൊബൈല്‍ ഫോണോ ഇല്ലാത്തതിനാല്‍ മൃതദേഹം ആരുടേതാണെന്ന് ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്ന് ദുബായ് പോലീസ് പറഞ്ഞു.
കഴുത്തില്‍ ധരിച്ചിരുന്ന നെക്‌ലേസും ഫഌറ്റിന്റെ താക്കോലും തിരിച്ചറിഞ്ഞ് സുഹൃത്തുക്കളാണ് മൃതദേഹം ശ്രീധരന്റേതാണെന്ന് പോലീസിനെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് ഡി.എന്‍.എ സാമ്പിള്‍ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഫഌറ്റ് വിട്ടിറങ്ങിയപ്പോള്‍ ഫോണും പഴ്‌സും ശ്രീധരന്‍ എടുത്തിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണത്തിന് പിന്നില്‍ കുറ്റകൃത്യം നടന്നുവെന്നതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 23ന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തിരുന്ന ശ്രീധരന് കോവിഡ് 19 പശ്ചാതലത്തില്‍ യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. നാട്ടിലുള്ള ഭാര്യയെയും രണ്ട് കുട്ടികളെയും കാണാത്തതില്‍ ഇദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് സൃഹൃത്തുക്കള്‍ പറഞ്ഞു.

 

Latest News