Sorry, you need to enable JavaScript to visit this website.

മൂന്നാംഘട്ട പരീക്ഷണം; ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 5,000 ലേറെ പേര്‍

അബുദാബി- കോവിഡ് മഹാമാരിക്കെതിരെ യു.എ.ഇ വികസിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ ഡോസുകള്‍ സ്വീകരിച്ചത് 5,000 ലേറെ വളണ്ടിയര്‍മാര്‍. അബുദാബി ആരോഗ്യവിഭാഗം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍കഅ്ബിയുടെ സാന്നിധ്യത്തിലാണ് ഇത്രയും പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് വാക്‌സിന്‍ കുത്തിവെപ്പ് നടക്കുന്നത്.
ആരോഗ്യവകുപ്പും ജി42 ഹെല്‍ത്ത്‌കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന പരീക്ഷണം ജൂലൈ 16നാണ് ആരംഭിച്ചത്. 80ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്റെ ഭാഗമായെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പ്രതീക്ഷിച്ചിതിലും വേഗത്തിലാണ് 5,000 വാക്‌സിനേഷന്‍ നല്‍കിയതെന്ന് നാഷണല്‍ കോവിഡ് 19 ക്ലിനിക്കല്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. നവാല്‍ അഹ്മദ് അല്‍ കഅ്ബി പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണത്തിലെ നാഴികക്കല്ലാണ് ഇത്. ആഗോള സമൂഹത്തിന് യു.എ.ഇയെ സ്വന്തം വീടെന്ന് വിളിക്കാമെന്നതിന്റെ സാക്ഷ്യം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് നിയന്ത്രണം മൂലം ആളുകള്‍ക്ക് അബുദാബിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഷാര്‍ജയിലും പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അല്‍ ഖറൈന്‍ ഹെല്‍ത്ത് സെന്ററില്‍ ഒരുക്കിയ കേന്ദ്രത്തില്‍ ദിനംപ്രതി 500 പേര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെ താല്‍പര്യമുള്ളവര്‍ക്ക് പരീക്ഷണത്തിന്റെ ഭാഗമാകാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 18-60 വയസ്സു പ്രായമുള്ളവര്‍ക്കിടയിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. മൂന്നു മുതല്‍ ആറു മാസം വരെ ക്ലിനിക്കല്‍ പരീക്ഷണം നീണ്ടു നില്‍ക്കും.

 

Latest News